20 January Wednesday
ജനകീയ കൂട്ടായ്മ കരുത്തായി

ഇന്നലെ കാനനപാത; ഇന്ന‌് ഹൈടെക‌് റോഡ‌്

കെ കെ ശ്രീജിത്ത്Updated: Saturday Mar 16, 2019
പേരാവൂര്‍ 
ജനാഭിലാഷം നടപ്പിലാക്കാനുള്ള   ജനപ്രതിനിധിയുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ഉത്തമോദാഹരണമാണ് തില്ലങ്കേരി, മുഴക്കുന്ന്, പേരാവൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പെരിങ്ങാനം–-- മുടക്കോഴി- ബംഗ്ലക്കുന്ന് –-പേരാവൂര്‍ റോഡ്. പി കെ ശ്രീമതി എംപിയുടെ ഇടപെടലിന്റെ ഭാഗമായാണ് 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന് ഏഴ് കോടി രൂപ അനുവദിച്ചത്. എട്ടുമീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. സമുദ്ര നിരപ്പില്‍ നിന്നും 2500 ഓളം അടി ഉയരത്തിലുള്ള   പുരളിമലയിലൂടെയാണ് നിര്‍ദിഷ്ട റോഡ് കടന്നുപോകുന്നത്. കയറ്റം തീരെയില്ല എന്ന പ്രത്യേകതയും  റോഡിനുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് ഒളിയുദ്ധത്തിനായി പഴശ്ശിരാജ തെരഞ്ഞെടുത്ത സ്ഥലമായ ഹരിശ്ചന്ദ്ര കോട്ടയും ഇതിന് സമീപത്താണ്. ഹരിശ്ചന്ദ്ര കോട്ടയിലേക്ക് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് രണ്ട് കിലോമീറ്റര്‍ റോഡ് ടാറിങ്ങ് നടത്തിയിട്ടുണ്ട്. ബ്രിട്ടീഷ് പട്ടാളം പുരളിമല വളഞ്ഞപ്പോള്‍ പഴശ്ശിരാജ വയനാട്ടിലേക്ക് രക്ഷപ്പെട്ടത് ഈ കാട്ടുപാതയിലൂടെയായിരുന്നു.  പഴയ കാട്ടുപാതയിലൂടെ വാഹന ഗതാഗതം സാധ്യമാക്കാന്‍ 2008 ല്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. പി കെ ശ്രീധരന്‍, കാര്യത്ത് വത്സന്‍, നെല്ലിക്ക കുമാരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള  ജനകീയകമ്മിറ്റി ജനങ്ങളില്‍നിന്നും ആറുലക്ഷത്തോളം രൂപ സ്വരൂപിച്ച് തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്ത് പരിധിയിലെ നാലര കിലോമീറ്ററോളം ദൂരത്തില്‍ നാലു മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിച്ചിരുന്നു. പേരാവൂര്‍ പഞ്ചായത്തില്‍ എന്‍ വി നാരായണന്‍, കെ ശശീന്ദ്രന്‍, കെ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് ആറുലക്ഷത്തിലേറെ രൂപ ചെലവില്‍ താല്‍ക്കാലിക റോഡ് നിര്‍മിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ടി കൃഷ്ണനും സിപിഐ എം നേതാക്കളും റോഡിന്റെ പ്രാധാന്യം പി കെ ശ്രീമതി എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തി.  എംപി പ്രത്യേക താല്‍പര്യമെടുത്ത് നിര്‍ദിഷ്ട റോഡ്  പിഎംജിഎസ്‌വൈ പദ്ധതിയില്‍പ്പെടുത്തിയെങ്കിലും ഒരു ഘട്ടത്തില്‍ റോഡ് ലിസ്റ്റില്‍നിന്നും ഒഴിവാകുന്ന സ്ഥിതിവന്നു. എന്ത് വന്നാലും നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഗുണകരമാകുന്നതും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയുന്നതുമായ റോഡിന് ഫണ്ട് ലഭ്യമാക്കുമെന്ന പി കെ ശ്രീമതി എംപിയുടെ നിശ്ചയദാര്‍ഢ്യം ചുവപ്പ് നാടയഴിച്ച് റോഡ് യാഥാര്‍ഥ്യമാകാന്‍ വഴിയൊരുക്കി. ഔദ്യോഗിക തിരക്കിനിടയിലും റോഡിന്റെ പ്രവൃത്തി നിരീക്ഷിക്കാന്‍ പല തവണ എംപി സ്ഥലത്തെത്തി. ഹരിശ്ചന്ദ്രക്കോട്ട, ജില്ലാ പൊലീസിന്റെ വയര്‍ലെസ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന ചിത്രവട്ടം, കോട്ടക്കുളം, മൈലാടുംപാറ, ചിത്രപീഠം, പുരളിമല മുത്തപ്പന്‍ മടപ്പുര തുടങ്ങിയ കേന്ദ്രങ്ങള്‍ വിനോദ സഞ്ചാരത്തിന് ഏറെ സാധ്യതയുള്ളവയാണ്.    

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top