17 February Sunday

മണ്ണിടിച്ചിൽ തലശേരി‐വളവുപാറ റോഡ‌് എൻഐടി വിദഗ‌്ധസംഘം പരിശോധിച്ചു

സ്വന്തം ലേഖകൻUpdated: Wednesday Jan 16, 2019
ഇരിട്ടി
തലശ്ശേരി‐വളവുപാറ റോഡിലെ മണ്ണിടിച്ചൽ പ്രതിരോധിക്കാൻ വിദഗ്ധസംഘം പഠനമാരംഭിച്ചു. കോഴിക്കോട് എൻഐടിയിലെ പ്രൊഫസർമാരായ ഡോ. എസ് ചന്ദ്രാകരൻ, ഡോ. കെ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലപരിശോധന പഠനമാരംഭിച്ചത‌്.
പ്രളയകാലത്ത് കെഎസ്ടിപി റോഡ്  ഉളിയിൽ മുതൽ വളവുപാറ വരെയുള്ള ഭാഗങ്ങളിൽ 26 കേന്ദ്രങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി. 20 മീറ്റർ വരെ ഉയരത്തിൽ   റോഡ‌് വളവുനിർത്തി വീതികൂട്ടാൻ കുന്നിടിച്ച  ഭാഗങ്ങളിലാണ‌് വ്യാപകമായി മണ്ണിടിഞ്ഞത്. ചിലയിടങ്ങളിൽ മണ്ണിടിച്ചിൽഭീഷണി നിലവിലുണ്ട‌്. സ്ഥലം സന്ദർശിച്ച ലോകബാങ്ക് സംഘം  വിദഗ്ധ പരിശോധനക്കും   പരിഹാരത്തിനും നിർദേശിച്ചു.  പ്രാഥമിക പഠനം നടത്തിയ  എൻഐടി സംഘവും വിദഗ്ധ പരിശോധനയ്ക്ക് നിർദ്ദേശിച്ചു. ഇതിന്റെ തുടർച്ചയായാണ‌് എൻഐടി സീനിയർപ്രൊഫസർമാരുടെ സംഘമെത്തിയത‌്.  കൂടുതൽ സ്ഥലേമേറ്റെടുക്കൽ പ്രായോഗികമല്ലാത്തതിനാൽ നിലവിലുള്ള സ്ഥലമുപയോഗിച്ച‌് ബലപ്പെടുത്താനാണ‌് ലക്ഷ്യം. ഇതിനായി  മണ്ണ‌് സാമ്പിൾ മണ്ണിടിച്ചിൽ മേഖലകളിൽ നിന്ന‌്  സംഘം ശേഖരിച്ചു. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മൂന്നാഴ്ചക്കകം പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്  സംരക്ഷണ ഭിത്തി നിർമിക്കാനുള്ള  ശിപാർശകൾ  കെഎസ‌്ടിപിക്ക‌് സമർപ്പിക്കും.
26 സ്ഥലത്തെ ഏഴിടങ്ങളിലാണ‌് ഏറ്റവും ഉയരത്തിൽ കുന്നിടിഞ്ഞത്. മറ്റിടങ്ങളിൽ  കോൺക്രീറ്റ് പാർശ്വഭിത്തി നിർമ്മിക്കാൻ  നേരത്തെ നിർദേശിച്ചതാണ‌്. ഏഴിടങ്ങളിലെ സംരക്ഷണഭിത്തിനിർമാണത്തെക്കുറിച്ചാണ‌് നിലവിലെ പഠനം. റോഡ് നിർമാണം പൂർത്തിയാകുന്ന മുറക്ക‌് കെഎസ്ടിപി പ്രത്യേക ഫണ്ട് വകയിരുത്തി സംരക്ഷണഭിത്തി  നിർമാണം പൂർതീകരിച്ച‌്  സുരക്ഷിതയാത്രക്കാണ‌് ലക്ഷ്യമിടുന്നത‌്. റസിഡന്റ് കൺസൾട്ടൻസി  എൻജിനീയർ ടി വി ശശികുമാർ, ഡെപ്യൂട്ടി റസിഡന്റ‌് എൻജിനിയർ എസ് അജിത്ത്, പ്രൊജക്ട‌് മാനേജർ  ശ്രീരാജ‌് എന്നിവരും  ഒപ്പമുണ്ടായി.
പ്രധാന വാർത്തകൾ
 Top