05 December Thursday

പ്രതിഭകളോടൊപ്പം പരിപാടി തുടങ്ങി കഥകള്‍ ജനിക്കുന്നത്‌ മുത്തുകളെപ്പോലെ: ടി പത്മനാഭന്‍

സ്വന്തം ലേഖകൻUpdated: Friday Nov 15, 2019

പ്രതിഭകളോടൊപ്പം പരിപാടിയിൽ കഥാകാരൻ ടി പത്മനാഭൻ കുട്ടികളുമായി അനുഭവങ്ങൾ പങ്കുവയ്‌ക്കുന്നു.

കണ്ണൂർ
ശിശുദിനത്തിൽ കുട്ടികളോടൊപ്പം ചിരിച്ചും ഉള്ളുതുറന്നും മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി  പത്മനാഭൻ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്രശിക്ഷാ അഭിയാൻ  സംഘടിപ്പിക്കുന്ന പ്രതിഭകളോടൊപ്പം പരിപാടിയിലാണ് ടി പത്മനാഭനുമായി കുട്ടികൾ സംവദിച്ചത്. 
കുട്ടികളുടെ കൗതുകവും കുസൃതിയും നിറഞ്ഞ ചോദ്യങ്ങൾക്ക് അതേ രീതിയിലായിരുന്നു മറുപടിയും.  ചോദ്യം ആവശ്യപ്പെട്ട് ടി പത്മനാഭൻ തന്നെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. മനസ്സിൽ എങ്ങനെയാണ് കഥകൾ രൂപപ്പെടുന്നത് എന്നതായിരുന്നു ആദ്യചോദ്യം. മുത്തുകൾ രൂപപ്പെടുന്നത് എങ്ങനെയെന്നറിയുമോയെന്ന് കഥാകൃത്തിന്റെ മറുചോദ്യം. തന്റെ ശരീരത്തിലേക്ക് മണലോ മറ്റോ കയറുമ്പോൾ അവ ഉണ്ടാക്കുന്ന വേദനയിൽനിന്നും രക്ഷനേടാൻ ജീവികൾ മുത്തുകൾ സൃഷ്ടിക്കുന്നത് പോലെയാണ് കഥാകാരന്റെ മനസ്സിൽ കഥകൾ രൂപപ്പെടുന്നത്. മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന സംഭവങ്ങൾ, സന്തോഷമോ സങ്കടമോ ആയിക്കൊള്ളട്ടെ, അത് എഴുത്തുകാരനിലുണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് കഥകളായി പരിണമിക്കുന്നത്.  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റെടുക്കാതെ പിടിയിലായ യുവാവ് തന്റെ ആദ്യ കഥയ്ക്ക് വിഷയമായ സംഭവവും അദ്ദേഹം ഓർത്തെടുത്തു.  
കവിതകൾ വായിച്ചായിരുന്നു തുടക്കമെന്ന് ടി പത്മനാഭൻ പറഞ്ഞപ്പോൾ ഇപ്പോഴത്തെ കവിതകളെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദ്യം. ഇപ്പോഴത്തെ മാസികകളിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും കവിതയെന്ന പേരിൽ വരുന്നത് വർജിക്കേണ്ടവയാണെന്ന് അദ്ദേഹം മറുപടി നൽകി. എഴുത്തുകാരനെയും പുസ്തകങ്ങളെയും അംഗീകരിക്കേണ്ടത് വായനക്കാരാണ് എന്ന് വിശ്വസിക്കുന്ന ആളാണ് താൻ. അതുകൊണ്ടാണ് തന്റെ ഒരു പുസ്തകത്തിനും ഒരാളെക്കൊണ്ടും മുഖവുര എഴുതിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. നവമാധ്യമങ്ങളുടെ ഉപയോഗം വായനയെ ഇല്ലാതാക്കുന്നുണ്ടോ എന്നായിരുന്നു ഒരു വിദ്യാർഥിയുടെ സംശയം. താൻ നവമാധ്യമങ്ങൾ ഉപയോഗിക്കാറില്ലെന്നും അതിൽ  തനിക്കെതിരെ നടക്കുന്ന വിമർശനങ്ങൾ അടുപ്പമുള്ളവർ പറഞ്ഞാണ്  അറിയുന്നതെന്നും പറഞ്ഞ ടി പത്മനാഭൻ നവമാധ്യമത്തിന്റെ ഉപയോഗത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും പറഞ്ഞു.
പഴയകാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് സാഹിത്യകാരന്മാർക്ക് പ്രാധാന്യം കുറഞ്ഞുവരുന്നതായാണ് തന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ സാഹിത്യകാരന്റെ നിലപാടുകൾക്ക് എത്രമാത്രം പ്രസക്തിയുണ്ടെന്ന മറുചോദ്യമാണ് തനിക്കുള്ളതെന്നും ടി പത്മനാഭൻ പറഞ്ഞു. 
 എഴുത്തുകാരനായില്ലെങ്കിലും നല്ലൊരു വായനക്കാരനാവണമെന്ന സന്ദേശം കുട്ടികൾക്ക് നൽകിയാണ് സംവാദം ടി പത്മനാഭൻ അവസാനിപ്പിച്ചത്.
നവംബർ 28 വരെ നീളുന്ന പ്രതിഭകളോടൊപ്പം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തിൽ പള്ളിക്കുന്ന് ഗവ. ഹയർസെക്കൻഡറി സ്‌കുൾ വിദ്യാർഥികളാണ് ടി പത്മനാഭനുമായി സംവദിച്ചത്. അദ്ദേഹത്തിന്റെ വസതിയിൽ നടന്ന പരിപാടിയിൽ ഡിഡിഇ ടി പി നിർമ്മല ദേവി, എസ് എസ് കെ പ്രോജക്ട്‌ ഓഫീസർ ടി പി വേണുഗോപാലൻ, ഡയറ്റ് പ്രിൻസിപ്പൽ കെ എം കൃഷ്ണദാസ്, സ്‌കൂൾ പ്രിൻസിപ്പൽ ഗീത പാലക്കൽ എന്നിവർ സംബന്ധിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top