21 October Monday

കുടുംബശ്രീ അറിവുത്സവം ഇന്നുമുതൽ വിജ്ഞാന ക്ലാസുകൾ

സ്വന്തം ലേഖകൻUpdated: Sunday Sep 15, 2019
കൂത്തുപറമ്പ് 
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ "അറിവുത്സവം 2019' എന്ന പേരിൽ ഒരു മാസം നീളുന്ന ശാസ്ത്ര – -സാമൂഹ്യ വിജ്ഞാന വ്യാപന പരിപാടി കൂത്തുപറമ്പ് നിർമലഗിരിയിൽ മന്ത്രി കെ കെ ശൈലജ  ഉദ്‌ഘാടനംചെയ്തു. ജില്ലയിലെ 1545 വാർഡുകളിൽ നടക്കുന്ന വിജ്ഞാന ക്യാമ്പയിനിൽ ഒരുലക്ഷം സ്ത്രീകളെ പങ്കെടുപ്പിക്കും.ശാസ്ത്രബോധം ജീവിതത്തിൽ, നവകേരള നിർമിതിയിൽ കുടുംബശ്രീയുടെ പങ്ക് എന്നീ വിഷയങ്ങളിലാണ്‌ വിജ്ഞാന ക്ലാസുകൾ. ഓരോ വാർഡിലും സംവാദരൂപത്തിൽ സംഘടിപ്പിക്കുന്ന ക്ലാസുകൾ സ്‌ത്രീകളാണ്‌ കൈകാര്യംചെയ്യുക. ഇതിനായി 350 വനിതകൾക്ക് ജില്ലാതലത്തിൽ പരിശീലനം നൽകി. 15 മുതൽ ഒക്ടോബർ 10 വരെയാണ് എഡിഎസ് തലത്തിൽ ക്ലാസുകൾ സംഘടിപ്പിക്കുക.
ചടങ്ങിൽ കൂത്തുപറമ്പ്‌ നഗരസഭാ ചെയർമാൻ എം സുകുമാരൻ അധ്യക്ഷനായി. "ശാസ്ത്രബോധം ജീവിതത്തിൽ’  വിഷയത്തിൽ  സി പി ഹരീന്ദ്രൻ, ടി കെ ദേവരാജൻ എന്നിവർ ക്ലാസെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓഡിനേറ്റർ ഡോ. എം സുർജിത്ത് സ്വാഗതം പറഞ്ഞു.  ടി റീന നന്ദി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top