15 October Tuesday

പെരിന്തട്ടയുടെ സ്വന്തം അപ്പൂസ്‌സിനിമയിലും സ്‌റ്റാറാ

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019
ടി അഭിനന്ദ‌് 
പെരിങ്ങോം
ഓർമയുണ്ടോ, പപ്പയുടെ സ്വന്തം അപ്പൂസിലെ കുസൃതിക്കാരനായി തിളങ്ങി ഒടുവിൽ പ്രേക്ഷകരുടെ കണ്ണുനനയിച്ച അപ്പൂസിനെ. മലയാളികൾ മുഴുവൻ സ്വന്തം അപ്പൂസായി നെഞ്ചേറ്റിയ ഈ കഥാപാത്രത്തെപ്പോലെ മലയോരഗ്രാമമായ പെരിന്തട്ടയും അപ്പൂസ്‌ എന്ന്‌ വിളിപ്പേരുള്ള അനന്തുവിനെ ഓർത്ത്‌ അഭിമാനിക്കുകയാണ്‌. ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളസിനിമയിൽ തിളങ്ങുകയാണ്‌ ഈ  കുട്ടിത്താരവും. 
മാതമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർഥി അനന്തു നാരായണനാണ് മോളിവുഡിലെ പുതിയ ബാലതാരമായി തിളങ്ങുന്നത്. മൂന്നുവർഷമായി ബാലസംഘം വേനൽതുമ്പി കലാജാഥയിലെ സ്ഥിരം സാന്നിധ്യമാണ് അപ്പൂസ് എന്ന അനന്തു. നാലാംതരത്തിൽ പഠിക്കുമ്പോൾ സ്കൂളിൽ മോണോആക്ടിന് പങ്കെടുത്ത് ഗംഭീരപ്രകടനം കാഴ്ചവച്ചതുമുതലാണ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. 
ഏകാഭിനയത്തിൽ വിജയിയായപ്പോൾ അനന്തു ക്യാമറയ്ക്ക് മുന്നിലേക്കുകൂടി തന്റെ ചുവട് മാറ്റിയുറപ്പിക്കാൻ തുടങ്ങി. മിഥുൻ ചന്ദ്രൻ സംവിധാനം ചെയ്ത ‘തവിടുപൊടി ജീവിതം’  ഷോർട്ട് ഫിലിമിൽ ആദ്യമായി അഭിനയിച്ചു. പിന്നീട് സന്തോഷ് പെരിങ്ങേത്ത് സംവിധാനം ചെയ്ത് മനോജ്‌ കെ ജയൻ, ലെന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച ബോൺസായ്, വിജേഷ് വിജയ് സംവിധാനം ചെയ്ത് ആസിഫലി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മന്ദാരം, ഷാഫിയുടെ ചിൽഡ്രൻസ് പാർക്ക്‌ എന്നീ സിനിമകളിലും അഭിനയിച്ചു. 
ഭിന്നശേഷിക്കാരിയായ കുട്ടിയുടെ കഥ പറയുന്ന ഇൻഷാ, വടക്കേ മലബാറിലെ തെയ്യം പ്രമേയമായിട്ടുള്ള മോപ്പാള  തുടങ്ങിയ സിനിമകളുടെ പണിപ്പുരയിലാണിപ്പോൾ. പെരിന്തട്ട സൗത്തിലെ അഴീക്കോടൻ നാരായണന്റെയും സജിത നാരായണന്റെയും മകനാണ് ഈ പന്ത്രണ്ടുകാരൻ. കെ അമിത ഏക സഹോദരി.
പ്രധാന വാർത്തകൾ
 Top