18 September Wednesday

പണി പതിനെട്ടും പയറ്റി നാടിറങ്ങാതെ കാട്ടാനക്കൂട്ടം

സ്വന്തം ലേഖകൻUpdated: Thursday Aug 15, 2019
പേരാവൂർ 
ജനങ്ങളെ ഭീതിയിലാഴ്‌ത്തി വീണ്ടും  കാട്ടാനക്കൂട്ടം. കല്ലേരിമല, മേല്‍മുരിങ്ങോടി ഭാഗങ്ങളിലെ  ജനവാസ കേന്ദ്രങ്ങളിലാണ് ബുധനാഴ്ച പുലര്‍ച്ചെ കാട്ടാനകൾ ഇറങ്ങിയത്. വനം വകുപ്പുദ്യോഗസ്ഥരും നാട്ടുകാരും ബുധനാഴ്ച രാത്രിവരെ ശ്രമിച്ചിട്ടും കാട്ടാനകളെ വനത്തിലേക്ക് തുരത്താൻ കഴിഞ്ഞില്ല.  ഒരു കുട്ടിയാന  ഉള്‍പ്പെടെ മൂന്ന് ആനകളാണെത്തിയത്.  
കല്ലേരിമലയിലെ പന്തിരുവേലില്‍ ജിമ്മിയുടെ റബര്‍ തോട്ടത്തിൽ ആനകള്‍ മണിക്കൂറുകളോളം തമ്പടിച്ചു. പേരാവൂർ–- ഇരിട്ടി റോഡിനോട്  ചേർന്ന റബർ തോട്ടത്തിൽ നിലയുറപ്പിച്ചതോടെ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾക്കും ഭീഷണിയായി.  ആറളം വന്യജീവി സങ്കേതത്തില്‍നിന്നും പുഴകടന്ന കാട്ടാനകള്‍   കിലോമീറ്ററുകള്‍ താണ്ടിയാണ് കല്ലേരിമല ഭാഗത്തെത്തിയത്.  
കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ എത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ഒരു പശുവിനെ ആന ചവിട്ടിക്കൊല്ലുകയും വനംവകുപ്പിന്റെ ജീപ്പ്  തകര്‍ക്കുകയും ചെയ്തിരുന്നു. 
കാട്ടാന ഇറങ്ങിയതോടെ പ്രദേശത്തെ ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. ജനപ്രതിനിധികളും കാട്ടാനയെ തുരത്താന്‍ വനപാലകര്‍ക്കൊപ്പം ഉണ്ട്. കനത്ത മഴ ആനകളെ തുരത്തുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
 നേരത്തെ പുതുശേരി ഭാഗത്ത് കാട്ടാന ഇറങ്ങുകയും കൃഷി  വ്യാപകമായി  നശിപ്പിക്കുകയും ചെയ്തതിനെതുടർന്ന്‌ ഇവിടങ്ങളിൽ കാട്ടാനകളെ നിരീക്ഷിക്കാന്‍ വനപാലകരെ നിയോഗിച്ചു. 
പ്രധാന വാർത്തകൾ
 Top