19 September Thursday

പ്രളയം 50 കോടിയുടെ കൃഷിനാശം

സ്വന്തം ലേഖകൻUpdated: Thursday Aug 15, 2019
കണ്ണൂർ
ജില്ലയിൽ ഒമ്പത്‌  പേരുടെ ജീവനെടുത്ത പ്രളയത്തിലും  ഉരുൾപൊട്ടലിലും  കോടികളുടെ നഷ്ടം.  49.67 കോടിയുടെ  കൃഷിനാശനഷ്ടമാണ് ജില്ലയിലെ കാർഷിക മേഖലയിലുണ്ടായത്‌. 1083 ഹെക്ടർ നെൽകൃഷി ദിവസങ്ങളായി വെള്ളത്തിൽ മുങ്ങി. കേളകം, കണിച്ചാർ, മയ്യിൽ, ഉദയഗിരി, തൃപ്രങ്ങോട്ടൂർ, കുന്നോത്തുപറമ്പ്, ആലക്കോട് എന്നീ പഞ്ചായത്തുകളിലും ശ്രീകണ്‌ഠപുരം നഗരസഭയിലുമാണ് ഏറ്റവും കൂടുതൽ കൃഷിനാശം. 
മൃഗസംരക്ഷണ മേഖലയിൽ 64.22 ലക്ഷം രൂപയുടെ നാശനഷ്ടവും ജില്ലയിലുണ്ടായി.  24 കന്നുകാലികൾ, 64 ആട്, 13,680 കോഴികൾ എന്നിവയ്‌ക്ക് പ്രളയത്തിൽ ജീവൻ നഷ്ടമായി. 133 വീടുകൾ പൂർണമായും 2022 വീടുകൾ ഭാഗികമായും തകർന്നു.
പഞ്ചായത്തുകളിൽ മാത്രം 10,164 വീടുകളിൽ വെള്ളംകയറി. ഇവയിൽ 9000ത്തിലേറെ വീടുകൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കി. പ്രളയം ബാധിച്ച 1242 കടകളിൽ ആയിരത്തിലേറെ കടകൾ ശുചീകരിച്ചു. പതിനായിരത്തോളം കിണറുകളാണ് മലിനമായത്. ഇവയിൽ പകുതിയോളം വൃത്തിയാക്കി. 120 സർക്കാർ സ്ഥാപനങ്ങളിലും വെള്ളം കയറി. 
899 റോഡ്‌ തകർന്നു
തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള 839 റോഡുകൾക്കു പുറമെ നൂറിലേറെ പാലങ്ങളെയും കലുങ്കുകളെയും പ്രളയം ബാധിച്ചു. ഇവയിൽ 133 റോഡുകൾ പൂർണമായും ഗതാഗത യോഗ്യമല്ലാതായി.  അമ്പതിലേറെ റോഡുകൾ താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കി. കണ്ണൂർ കോർപറേഷനിൽ 22 കിലോമീറ്ററോളം റോഡുകളും രണ്ട് കൾവർട്ടുകളും മഴയിൽ തകർന്നു. 
തലശേരി മുനിസിപ്പാലിറ്റിയിൽ 37 കിലോമീറ്റർ റോഡ്, ശ്രീകണ്‌ഠപുരം മുനിസിപ്പാലിറ്റിയിൽ 60 കിലോമീറ്റർ റോഡ്, ഒരു കൾവർട്ട്, ഒരു തൂക്കുപാലം എന്നിവ തകർന്നു. ഇരിട്ടി മുനിസിപ്പാലിറ്റിയിൽ നാല് കിലോമീറ്റർ റോഡ് പൂർണമായും 26 കിലോമീറ്റർ ഭാഗികമായും പയ്യന്നൂർ നഗരസഭയിൽ 10 കിലോമീറ്റർ റോഡ് ഭാഗികമായും തകർന്നു.  പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 60 റോഡുകളും പ്രളയത്തിൽ തകർന്നു.     
വ്യവസായരംഗത്ത് നഷ്ടം 
50 കോടി 
116 ചെറുകിട-, ഇടത്തരം വ്യവസായങ്ങൾക്കാണ് മഴയിൽ നാശനഷ്ടമുണ്ടായത്‌. 50.66 കോടി രൂപ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങൾക്ക് മഴയെതുടർന്ന് 36 ലക്ഷം രൂപയുടെ നാശമുണ്ടായി. മുപ്പതിലേറെ ഫാക്ടറികൾക്കും ഗണ്യമായ നഷ്ടമുണ്ടായി.  ഇതിനു പുറമെ, നിരവധി കടകൾക്കും ഗണ്യമായ നാശനഷ്ടങ്ങളുണ്ടായി. 462 വാണിജ്യ സ്ഥാപനങ്ങൾ പ്രളയത്തിൽ നശിച്ചതായാണ് പ്രാഥമിക കണക്ക്‌.  
കെഎസ്ഇബിക്ക് 14 കോടി
കെഎസ്ഇബിക്ക് കണ്ണൂർ, ശ്രീകണ്‌ഠപുരം സർക്കിളുകളിലായി 14 കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. രണ്ടായിരത്തോളം തൂണുകൾ, 22,000ത്തിലേറെ കിലോമീറ്റർ ഇലക്ട്രിക് ലൈനുകൾ, 100ലേറെ ട്രാൻസ്‌ഫോമറുകൾ എന്നിവയ്ക്ക് നാശമുണ്ടായി. രണ്ടായിരത്തിലേറെ വൈദ്യുത തൂണുകളാണ് കാറ്റിലും മഴയിലും മറിഞ്ഞു വീണത്.   
പ്രധാന വാർത്തകൾ
 Top