22 August Thursday

കാരുണ്യ പദ്ധതി: ആശങ്ക വേണ്ട–- മന്ത്രി കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019
കണ്ണൂർ
കാരുണ്യ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക‌് ഈ സാമ്പത്തികവർഷവും സാമ്പത്തിക സഹായം ലഭിക്കുമെന്ന‌് മന്ത്രി കെ കെ ശൈലജ പറഞ്ഞു. മിഴി സമഗ്ര നേത്ര സംരക്ഷണ പരിപാടിയുടെ ഭാഗമായി കുട്ടികൾക്കുള്ള കണ്ണട വിതരണത്തിന്റെ ജില്ലാതല ഉദ‌്ഘാടനം കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി സ‌്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 
വിവിധ ആരോഗ്യ പദ്ധതികളിലായി സംസ്ഥാനത്ത‌് 42 ലക്ഷം കുടുംബങ്ങൾ ഗുണഭോക്താക്കളാണ‌്. കേന്ദ്രസർക്കാരിന്റെ ആയുഷ‌്മാൻ പദ്ധതിയിലെ മാനദണ്ഡപ്രകാരം 18 ലക്ഷം പേർക്കേ ആരോഗ്യ ഇൻഷുറൻസ‌് പരിരക്ഷ ലഭിക്കൂ. അതിനാൽ, സംസ്ഥാനം ആദ്യം ഒപ്പിട്ടില്ല. പിന്നീട‌് മറ്റുള്ളവരെകൂടി ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന‌് അനുമതി ലഭിച്ചശേഷമാണ‌് പദ്ധതിയിൽ അംഗമായത‌്. ആർഎസ‌്ബിവൈ, ചിസ‌്, ചിസ‌്പ്ലസ‌് തുടങ്ങിയ പദ്ധതികളെല്ലാം സംയോജിപ്പിച്ചാണ‌് ആയുഷ‌്മാൻ പദ്ധതി കേന്ദ്രം ആവിഷ‌്കരിച്ചത‌്.  കാരുണ്യ പദ്ധതിയിലെ ഉപഭോക്താക്കൾ ഇതിന‌് പുറത്താകുന്ന സ്ഥിതി വിശേഷമുണ്ടായി. അത‌് ശ്രദ്ധയിൽപ്പെട്ട ഉടൻ പരിഹരിച്ചിട്ടുണ്ട‌്. എങ്കിലും ചില സ്ഥാപനങ്ങളിൽ ആശങ്ക നിലനിന്നിരുന്നു. നിലവിൽ കാരുണ്യ സ‌്കീമിൽ ഉൾപ്പെട്ട മൂന്ന‌് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള എല്ലാവർക്കും ധനസഹായം ലഭിക്കും. അടുത്ത വർഷം മുതൽ രോഗികൾക്ക‌് ബുദ്ധിമുട്ടാകാത്ത വിധത്തിൽ പദ്ധതി ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 
ജില്ലാ പഞ്ചാത്ത‌് പ്രസിഡന്റ‌് കെ വി സുമേഷ‌് അധ്യക്ഷനായി. ഡിഡിഇ ടി പി നിർമലാദേവി, ഡോ. കെ ടി രേഖ, ജില്ലാപഞ്ചായത്ത‌്‌ ആരോഗ്യ–-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ പി ജയബാലൻ, ഡിപിഎം   കെ വി ലതീഷ‌്, ഡെപ്യൂട്ടി ഡിഎംഒമാരായ  ഇ മോഹനൻ,  എം കെ ഷാജ‌്, ആർസിഎച്ച‌് ഓഫീസർ  പി എം ജ്യോതി, കെ വി ഗോവിന്ദൻ, അബ്ദുൾ ലത്തീഫ‌് മഠത്തിൽ, എം വിജയൻ എന്നിവർ സംസാരിച്ചു. ഡിഎംഒ  നാരായണ നായ‌്ക്ക‌് സ്വാഗതവും ഡോ. ഒ ടി രാജേഷ‌് നന്ദിയും പറഞ്ഞു. 
83000 കുട്ടികളിലാണ് മിഴി പദ്ധതിയിൽ കാഴ്ച പരിശോധന നടത്തിയത്. പരിശോധനയിൽ 12,240 കുട്ടികൾക്ക് കാഴ്ചതകരാർ  കണ്ടെത്തി.1800 ഓളം കുട്ടികളെ വിദഗ്ധ പരിശോധനയ്ക്ക‌് റഫർ ചെയ്തു. ഡിസ്ട്രിക്ട് ബ്ലൈൻഡ്നെസ്സ് കൺട്രോൾ സൊസൈറ്റിയുടെയും എൻപിസിബിയുടെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് മിഴി പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തിൽ ഹയർസെക്കൻഡറി, ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് പരിശോധന നടത്തിയത്. അതിനുശേഷം യുപി, എൽപി വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചു. അടുത്ത ഘട്ടമായി എല്ലാ അങ്കണവാടികളിലേക്കും വ്യാപിപ്പിക്കും.
പ്രധാന വാർത്തകൾ
 Top