25 July Sunday
പയ്യാമ്പലത്ത്‌ മൃതദേഹാവശിഷ്ടം

മലക്കം മറിഞ്ഞ്‌ കോർപറേഷൻ; വഴിതിരിച്ചുവിടാൻ ‘മുഖ്യമന്ത്രിക്ക്‌ പരാതി’

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
കണ്ണൂർ
പയ്യാമ്പലത്ത്‌ മൃതദേഹാവശിഷ്ടങ്ങൾ തള്ളിയ സംഭവത്തിൽ മലക്കം മറിഞ്ഞ്‌ കോർപപ്പറേഷൻ. പയ്യാമ്പലത്ത്‌ കോവിഡ്‌ ബാധിച്ചു മരിച്ചവരുടേതുൾപ്പെടെയുള്ള മൃതദേഹാവശിഷ്ടങ്ങൾ കുഴിയെടുത്ത്‌ തള്ളിയത്‌ ഞായറാഴ്‌ചയാണ്‌ കണ്ടെത്തിയത്‌. സംഭവം പുറത്തറിഞ്ഞതോടെ കോർപറേഷനെ അപമാനിക്കാനാണ്‌ പ്രചാരണമെന്ന വാദവുമായി‌ മേയറും സംഘവും രംഗത്തെത്തി‌. എന്നാൽ കോർപറേഷൻ അധികൃതരുടെ നിർദേശപ്രകാരമാണ്‌ അവശിഷ്ടങ്ങൾ കുഴിച്ചിട്ടത്‌. 
ഞായറാഴ്‌ച പ്രഭാത നടത്തത്തിന്‌ ബീച്ചിലെത്തിയവരാണ്‌ മൃതദേഹാവശിഷ്ടങ്ങൾ കണ്ടത്‌. രണ്ട്‌ കുഴികളിലാണ്‌ അസ്ഥികളും ചാരങ്ങളും ഉണ്ടായിരുന്നത്‌. തിരയടിച്ചാണ്‌ അവശിഷ്ടങ്ങൾ പുറത്തെത്തിയത്‌. സംസ്‌കരിക്കുന്ന സ്ഥലത്തുനിന്ന്‌ ടിപ്പറിലാണ്‌ അവശിഷ്ടങ്ങൾ നീക്കിയത്‌. രണ്ടുലോഡ്‌ തള്ളിയതായാണ്‌ സൂചന. ജെസിബി ഉപയോഗിച്ചാണ്‌ മൃതദേഹാവശിഷ്ടങ്ങൾ ബീച്ചിൽ കുഴിയെടുത്ത്‌ തള്ളിയത്‌. തീരത്തുനിന്ന് മണലെടുത്ത്  മൃതദേഹം സംസ്‌കരിക്കുന്നിടത്ത് നിക്ഷേപിച്ചിട്ടുമുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പയ്യാമ്പലത്തേക്ക് സഞ്ചാരികളെത്താത്ത സാഹചര്യത്തിലാണിത്‌.  
സംഭവം വാർത്തയായതോടെ മേയർ ടി ഒ മോഹനനും ആരോഗ്യ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ മാർട്ടിൻ ജോർജുമടക്കമുള്ളവർ സ്ഥലം സന്ദർശിച്ചിരുന്നു. ചാരവും അവശിഷ്ടങ്ങളും കണ്ടതായി ഇവരും ആദ്യം സമ്മതിച്ചിരുന്നു. എന്നാൽ സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ മേയർ നിലപാട്‌ മാറ്റുകയായിരുന്നു. സിപിഐ എമ്മിനും പി ജയരാജനും ഐആർപിസിക്കുമെതിരെ ആരോപണവുമായാണ്‌ പിന്നീട്‌ ഇവരിറങ്ങിയത്‌. സംഭവം വഴിതിരിച്ചുവിടാൻ മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയതായി മാധ്യമങ്ങൾക്ക്‌ അയച്ചുനൽകുകയും ചെയ്‌തു. 
ഒരുമാസമായി കണ്ണൂർ കോർപറേഷന്റെ നേതൃത്വത്തിലാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം പയ്യാമ്പലത്ത് നടക്കുന്നത്. അശാസ്ത്രീയമായ രീതിയിലാണ് മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതെന്ന് നേരത്തെ പരാതിയുണ്ട്‌. ഒരു വർഷത്തോളം ഒരുപരാതിയുമില്ലാതെ മാതൃകാപരമായാണ് ഐആർപിസി മൃതദേഹങ്ങൾ സംസ്കരിച്ചത്.  പയ്യാമ്പലത്ത് ഐആർപിസിയുടെ സന്നദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയെന്ന രാഷ്ട്രീയതാൽപര്യം നടപ്പാക്കാനാണ് മൃതദേഹം സംസ്കരിക്കുന്നത് കോർപറേഷൻ ഏറ്റെടുത്തത്. 
കോവിഡ് ബാധിച്ച് മരിച്ച തിലാന്നൂർ സ്വദേശി അമ്പാടിയുടെ മൃതദേഹം സംസ്‌കരിക്കാൻ തയ്യാറാകാതിരുന്ന സംഭവത്തിൽ  കോർപറേഷനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷനും കേസെടുത്തിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മുഴുവനായി സംസ്‌കരിക്കാതെ അവശിഷ്ടങ്ങൾ ശ്മശാനത്തിൽ കണ്ടെത്തിയതും നേരത്തെ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top