20 July Saturday

കലാപത്തീ അണയ‌്ക്കാൻ മുന്നിട്ടിറങ്ങിയ ധീര പോരാളി

സ്വന്തം ലേഖകൻUpdated: Saturday Jun 15, 2019
തലശേരി  
തലശേരി കലാപത്തിന്റെ തീയെരിഞ്ഞ നാളുകളിൽ സമാധാനത്തിനും മതസൗഹാർദം സംരക്ഷിക്കാനും  ധീരമായി രംഗത്തിറങ്ങിയ കമ്യൂണിസ‌്റ്റ‌് പോരാളിയാണ‌് വി എം വേലായുധൻ നമ്പ്യാർ.  ‘ഞങ്ങൾ അറച്ചുനിന്നിരുന്നെങ്കിൽ തലശേരിയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു’വെന്ന‌് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. കലാപത്തീ അണയ‌്ക്കുന്നതിൽ അദ്ദേഹമടക്കമുള്ള കമ്യൂണിസ‌്റ്റ‌് നേതാക്കൾ വഹിച്ച നിസ‌്തുലമായ പങ്ക‌് ഈ വാക്കുകളിൽ വ്യക്തം.  
ആർഎസ്എസ് നേതൃത്വം ആസൂത്രണംചെയ്ത 1971ലെ കലാപകാലത്ത‌് തലശേരി മേഖലയിലെ മുസ്ലിം പള്ളികൾക്കും മുസ്ലിങ്ങളുടെ വീടുകൾക്കും  കാവൽനിന്നത‌് വേലായുധൻ നമ്പ്യാരടക്കമുള്ള  സിപിഐ എം നേതാക്കളും നൂറുകണക്കിനു പ്രവർത്തകരുമായിരുന്നു. കലാപ പദ്ധതി പൊളിച്ചതിന്റെ വിരോധത്തിലാണ് യു കെ കുഞ്ഞിരാമൻ എന്ന കമ്യൂണിസ‌്റ്റ‌് ധീരന്റെ ജീവനെടുത്തത്. പള്ളിക്ക് കാവൽനിന്നതിന് ‘മാപ്ലയുടെ മോനെ’ന്നു വരെ അധിക്ഷേപിക്കപ്പെട്ട അനുഭവം വേലായുധൻ നമ്പ്യാർക്കുണ്ട‌്. 
അഞ്ഞൂറോളം വരുന്ന ജനക്കൂട്ടത്തിനിടയിൽനിന്ന് കൊല്ലറോത്ത് ആബൂട്ടി ഹാജി എന്നയാളുടെ മകനെ വേലായുധൻ നമ്പ്യാരുടെ നേതൃത്വത്തിൽ  രക്ഷിച്ചത‌് ഇന്നും തലശേരിയുടെ ചരിത്രത്തിലെ ഉജ്വലമായ ഏടാണ‌്. ജനക്കൂട്ടം മണ്ണെണ്ണയൊഴിച്ച് കത്തിക്കാൻ ശ്രമിക്കുമ്പോഴാണ് ആ ചെറുപ്പക്കാരനെ രക്ഷിച്ചത്. കലാപത്തെക്കുറിച്ച‌് അന്വേഷിച്ച ജസ‌്റ്റിസ‌് വിതയത്തിൽ കമീഷന്റെ  റിപ്പോർട്ടിലും ഈ സംഭവം എടുത്തുപറഞ്ഞു. 
മേലൂട്ട് മടപ്പുരയിലെ കലശഘോഷയാത്രക്ക്  നൂർജഹാൻ ഹോട്ടലിൽനിന്ന് ചെരുപ്പെറിഞ്ഞെന്ന‌് ആർഎസ‌്എസ‌് മെനഞ്ഞ കെട്ടുകഥയിൽനിന്നാണ‌് 1971 ഡിസംബർ 28ന് രാത്രി തലശേരിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. 
ജനസംഘവും ആർഎസ്എസ്സും ആയുധങ്ങളുമായി തെരുവിലിറങ്ങുകയായിരുന്നു. ജോലിക്ക് വരുന്നവരെ ധർമടം പാലം, എരഞ്ഞോളി പാലം എന്നിവിടങ്ങളിൽ തടഞ്ഞുനിർത്തി നുണക്കഥകൾ പറഞ്ഞ് തിരിച്ചയച്ചു. 
ആക്രമണവും നുണപ്രചാരണവുമെല്ലാം ആസൂത്രിതമായിരുന്നു.  ജീവൻ നൽകിയും മതസൗഹാർദം സംരക്ഷിക്കണമെന്ന സിപിഐ എം  സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ‌് പ്രവർത്തകരാകെ രംഗത്തിറങ്ങിയത‌്. അന്ന‌് സിപിഐ എം തലശേരി ഏരിയാ കമ്മിറ്റി അംഗമായിരുന്നു വേലായുധൻ നമ്പ്യാർ. കലാപഭൂമിയിൽ സമാധാനസന്ദേശവുമായി ചെങ്കൊടി കെട്ടിയ കാറിൽ ആദ്യമിറങ്ങിയത് പിണറായി വിജയനായിരുന്നുവെന്നതും ചരിത്രം. 
വേലായുധൻ നമ്പ്യാരെ  പൊലീസ‌് രാഷ്ട്രീയ ലക്ഷ്യത്തോടെ കസ്റ്റഡിയിലെടുത്തപ്പോൾ ഉമ്മഞ്ചിറയിൽ മുസ്ലിം സ്ത്രീകളടക്കം പ്രതിഷേധവുമായി രംഗത്തിറങ്ങി. ഒടുവിൽ അദ്ദേഹത്തെ വിട്ടയക്കേണ്ടി വന്നു. 
തലശേരിയുടെ ചരിത്രത്തിൽ ഒരിക്കലും മായാത്ത മുദ്ര ചാർത്തിയാണ‌് വേലായുധൻ നമ്പ്യാർ എന്ന  വിപ്ലവകാരി കടന്നുപോകുന്നത‌്.
ശനിയാഴ‌്ച രാവിലെ പത്തുമുതൽ പന്തക്കപ്പാറയിലെ "കനവ്’ വീട്ടിലും തുടർന്ന് പന്തക്കപ്പാറ ശ്രീനാരായണ വായനശാലയിലും പൊതുദർശനത്തിന് വയ‌്ക്കും. സംസ‌്കാരം പകൽ  മൂന്നിന‌് പന്തക്കപ്പാറ പ്രശാന്തിയിൽ.  പിണറായി പഞ്ചായത്ത് പരിധിയിൽ പകൽ ഒന്നുമുതൽ  മൂന്നുവരെ  ഹർത്താൽ ആചരിക്കും. സിപിഐ എം നേതാക്കളായ പി ജയരാജൻ, എം വി ജയരാജൻ, എം സുരേന്ദ്രൻ, കാരായി രാജൻ, എൻ ചന്ദ്രൻ, പി ബാലൻ,   എം സി പവിത്രൻ, ശശിധരൻ, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ, സിഐടിയു ജില്ലാ സെക്രട്ടറി ടി പി ശ്രീധരൻ, തലശേരി സഹകരണ ആശുപത്രി പ്രസിഡന്റ് അഡ്വ. ഗോപാലകൃഷ്ണൻ എന്നിവർ ആശുപത്രിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.

 

പ്രധാന വാർത്തകൾ
 Top