18 February Monday

ഒരുമയുടെ തണലിലാണ് അവർ...

സതീഷ്‌ ഗോപിUpdated: Friday Jun 15, 2018

കിളിയന്തറ സെന്റ് തോമസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ മന്ത്രി ഇ ചന്ദ്രശേഖരൻ സന്ദർശിച്ചപ്പോൾ

ഇരിട്ടി, ദുരിതാശ്വാസ ക്യാമ്പ
കർണാടകത്തിലെ ബ്രഹ്മഗിരി മലകളിൽനിന്ന് ഉരുൾപൊട്ടി ആർത്തലച്ചെത്തിയ മലവെള്ളം ഇവരുടെ വീടും കിടപ്പാടവും ഇല്ലാതാക്കിയെങ്കിലും നാടിന്റെ കൂട്ടായ്മയും നന്മയും തണലൊരുക്കുന്നു. ബാരാപ്പുഴ പുറമ്പോക്കിൽ താമസിച്ചിരുന്ന പായം പഞ്ചായത്തിൽപ്പെട്ട 17 കുടുംബങ്ങളാണ് അനിശ്ചിതത്വമില്ലാതെ   കിളിയന്തറ സെന്റ് തോമസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്.
ഇരുട്ടിനൊപ്പം കുതിച്ചെത്തിയ പുഴവെള്ളം സർവതും കൊണ്ടുപോയപ്പോൾ ഉടുതുണി മാത്രമായി രക്ഷപ്പെട്ടവരാണ് എല്ലാവരും. പ്രായമായവരും കുട്ടികളുമെല്ലാം ഒരുനിമിഷം കൊണ്ടാണ് വീടിന്റെ സുരക്ഷിതത്വത്തിൽനിന്ന‌് പുറത്താക്കപ്പെട്ടത്. ക്യാമ്പിലെത്തിയവർക്ക് ആശ്വാസം പകർന്ന് പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും വിവിധ സംഘടനകളും എത്തുന്നു. പുതിയവസ്ത്രങ്ങളും മരുന്നും ഭക്ഷണസാധനങ്ങളുമെല്ലാം മുറയ്ക്ക് എത്തുന്നുണ്ട്. ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിൽ ആവശ്യത്തിന് അരിയും പയറും എത്തിച്ചിരുന്നു. ഭക്ഷണം വിതരണം ചെയ്യാൻ വ്യക്തികളും സംഘടനകളുമെല്ലാം മുന്നോട്ടുവരുന്നുണ്ട്. പെരുന്നാൾ ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ക്യാമ്പിൽ എല്ലാവർക്കും പുതുവസ്ത്രവും ഭക്ഷണവും വിതരണം ചെയ്യാൻ കടാങ്കോട്ട് മുഹമ്മദ് തയ്യാറായി.  പായം പഞ്ചായത്തംഗം പി എൻ സുരേഷ്കുമാറാണ് ക്യാമ്പിന്റെ കൺവീനർ. 
അപ്രതീക്ഷിതമായി ദുരന്തമുണ്ടായത് ഈ മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി. മാക്കൂട്ടം ചുരം റോഡിൽ ഗതാഗതം നിരോധിച്ചു. ഇവിടെ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ‌്ത‌്, തകർന്നറോഡുകൾ നന്നാക്കി, മരങ്ങൾ വെട്ടിമാറ്റുകയും ചെയ്താലേ ഗതാഗതം പൂർണനിലയിലാകൂ. തകർന്ന വീടുകൾ കലക്ടർ മിർ മുഹമ്മദലിയുടെ നേതൃത്വത്തിൽ റവന്യൂ അധികൃതരും സന്ദർശിച്ചു. നഷ്ടം തിട്ടപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾക്കും പുനരധിവാസപ്രവർത്തനങ്ങൾക്കും റവന്യൂ ഉദ്യോഗസ്ഥരെ മന്ത്രി ചുമതലപ്പെടുത്തി.
പെരുമ്പാടിക്കും മാക്കൂട്ടത്തിനും ഇടയിൽ ജൂലൈ 12വരെ ഗതാഗതം നിരോധിച്ചു 
കണ്ണൂർ
തലശേരി‐ മൈസൂർ അന്തർ സംസ്ഥാന പാതയിൽ കർണാടക കുടക് ജില്ലയിലെ പെരുമ്പാടിക്കും മാക്കൂട്ടത്തിനും ഇടയിൽ ജൂലൈ 12വരെ വാഹന ഗതാഗതം നിരോധിച്ചതായി കുടക് ജില്ലാ ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. ഈ കാലയളവിൽ കേരളത്തിൽനിന്ന് തലശേരി വഴി കുടകിലൂടെ മൈസൂരുവിലേക്ക് വരുന്ന വാഹനങ്ങൾക്ക് മാനന്തവാടി‐തോൽപ്പട്ടി‐ കുട്ട‐ഹുഡിക്കേരി‐ഗോണിക്കൊപ്പ‐തിത്തിമത്തി‐ മൈസൂരു റൂട്ട് ഉപയോഗിക്കാമെന്നും അറിയിപ്പിൽ വ്യക്തമാക്കി. 
കനത്ത മഴയിൽ 25  കേന്ദ്രങ്ങളിൽ മണ്ണിടിഞ്ഞും നൂറോളം മരങ്ങൾ കടപുഴകിയും പെരുമ്പാടി‐മാക്കൂട്ടം റോഡ് പാടേ തകർന്നിരിക്കുകയാണ്. ഇതിലൂടെ ഒരു തരത്തിലുള്ള വാഹനഗതാഗതവും സാധ്യമല്ലാത്തതിനാൽ റോഡ് അറ്റകുറ്റപ്പണിക്കായാണ് കുടക് ഡെപ്യൂട്ടി കമീഷണറുടെ നടപടി. നാലഞ്ചു ദിവസമായി കുടക് ജില്ലയിൽ കനത്ത മഴയാണ്.
പ്രധാന വാർത്തകൾ
 Top