18 June Friday

അനാവശ്യ വിവാദത്തിലൂടെ നായനാരെ അധിക്ഷേപിക്കരുത്‌: പന്ന്യൻ രവീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

കണ്ണൂർ

ഗൗരിയമ്മ മുഖ്യമന്ത്രിയാകാത്തതു സംബന്ധിച്ച അനാവശ്യ വിവാദം മലയാളികളുടെ പ്രിയ നേതാവ്‌ ഇ കെ നായനാരെ അധിക്ഷേപിക്കുന്നതായെന്ന്‌ സിപിഐ കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. മുഖ്യമന്ത്രിയാകാനുള്ള ഗൗരിയമ്മയുടെ പ്രാപ്‌തിയെക്കുറിച്ച്‌ ആർക്കും തർക്കമുണ്ടാകില്ല.  അതിന്റെ പേരിൽ നായനാരെപോലൊരു ഉന്നതശീർഷനായ നേതാവിനെ അധിക്ഷേപിക്കാനുള്ള ശ്രമം തീർത്തും അപലപനീയമാണെന്ന്‌ അദ്ദേഹം ദേശാഭിമാനിയോടു പറഞ്ഞു.
   ‘1987ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഇ കെ നായനാരെ ഇ എം എസ്‌ തിരുവനന്തപുരത്ത്‌ വിളിച്ചുവരുത്തി മുഖ്യമന്ത്രി സ്ഥാനം ഏൽപ്പിച്ചുവെന്നാണ്‌’ കഴിഞ്ഞദിവസം പ്രമുഖപത്രം വാർത്ത നൽകിയത്‌. ചില ദൃശ്യമാധ്യമങ്ങളിലും സമാന  വാർത്ത വന്നു.  1987 അല്ല, 1996 ആണെന്ന്‌ പത്രം തിരുത്തി. വർഷം സംബന്ധിച്ച വസ്‌തുതാപരമായ പിശക്‌ മാത്രമാണോ വാർത്തയിൽ? അതിൽ പറഞ്ഞ മറ്റെല്ലാം വസ്‌തുതകളാണോ?
    ദീർഘകാലം സിപിഐ എം സംസ്ഥാന സെക്രട്ടറിയും ഒരുതവണ  മുഖ്യമന്ത്രിയും തുടർന്ന്‌ അഞ്ചുവർഷം പ്രതിപക്ഷ നേതാവുമായശേഷമാണ്‌ നായനാർ  87ൽ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടത്‌. തെരഞ്ഞെടുപ്പു ദിവസം ചീമേനിയിൽ കോൺഗ്രസുകാർ നടത്തിയ കൂട്ടക്കൊലയറിഞ്ഞ്‌ നായനാർ അവിടേക്കു പോയപ്പോൾ ഞാനുമുണ്ടായിരുന്നു. പിറ്റേന്ന്‌ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടം കഴിഞ്ഞ്‌ അഞ്ചു മൃതദേഹങ്ങൾ ഏറ്റുവാങ്ങിയപ്പോൾ നായനാർ പൊട്ടിക്കരഞ്ഞു.
   അന്നു വൈകിട്ട്‌ തിരുവനന്തപുരത്തേക്കു തിരിച്ച ഞങ്ങൾ കോഴിക്കോട്ട്‌ എത്തിയപ്പോഴാണ്‌  എൽഡിഎഫിന്‌ ഭൂരിപക്ഷം ലഭിച്ചതറിയുന്നത്‌. അപ്പോഴും നായനാരുടെ മുഖത്ത്‌ അഞ്ചു സഖാക്കൾ അതിക്രൂരമായി കൊലചെയ്യപ്പെട്ടതിന്റെ നടുക്കമായിരുന്നു. സ്ഥാനമാനങ്ങൾക്കുമപ്പുറം ജനങ്ങളായിരുന്നു നായനാർക്ക്‌ എല്ലാം–- പന്ന്യൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top