18 June Friday

കരിവെള്ളൂരിന്റെ പെൺകരുത്ത്

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
പയ്യന്നൂർ
കമ്യൂണിസ്റ്റ്–- കർഷക–- മഹിളാ പ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ പ്രവർത്തിച്ച വി വി സരോജിനിയുടെ വിയോഗത്തിലൂടെ കരിവെള്ളൂരിന്‌ നഷ്ടമായത്‌ നാടിന്റെ പെൺകരുത്ത്‌. സംഘടനാ പ്രവർത്തനം അത്യന്തം ക്ലേശകരമായ കാലത്ത് കണ്ണൂർ ജില്ലയുടെ മലയോരമേഖലകളിൽപോലും കാൽനടയായി ചെന്ന് സ്‌ത്രീകളെ സംഘടിപ്പിക്കുകയും സമരമുഖങ്ങളിൽ പതറാതെ നേതൃത്വം നൽകുകയും ചെയ്‌ത ധീരവനിത. 
   കയ്യൂർ സമരനായകനും അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെയും പിന്നീട് സിപിഐ എമ്മിന്റെയും സമുന്നതനേതാവും നീലേശ്വരം എംഎൽഎയുമായിരുന്ന വി വി കുഞ്ഞമ്പുവിന്റെയും കരിവെള്ളൂരിലെ വി വി മാണിയമ്മയുടെയും മകളായി 1940ലാണ് സരോജിനിയുടെ ജനനം. കൗമാര കാലത്തുതന്നെ പൊതു പ്രവർത്തനത്തിലേക്കിറങ്ങി. വി കുഞ്ഞിമാണിക്കം ടീച്ചർ, കെ ദേവയാനി, രുഗ്മിണിയമ്മ തുടങ്ങിയവർ ചേർന്ന് 1953 ൽ രൂപം നൽകിയ ഓണക്കുന്നിലെ കരിവെള്ളൂർ മഹിളാ സമാജത്തിലാണ് പ്രവർത്തിച്ചുതുടങ്ങിയത്. 1960 ൽ അവിഭക്ത കമ്യൂണിസ്റ്റ്‌ പാർടിയിൽ അംഗമായി. ആദ്യം കേരള മഹിളാ സംഘത്തിലും 1967 ഓടെ കേരള മഹിളാ ഫെഡറേഷനിലും  പ്രവർത്തിച്ചു. 
   കെ ദേവയാനി പ്രസിഡന്റും വി വി  സരോജിനി സെക്രട്ടറിയുമായി സംഘടിപ്പിച്ച കേരള മഹിളാ ഫെഡറേഷൻ പയ്യന്നൂർ മണ്ഡലം കമ്മിറ്റിയാണ് ഇടവേളയ്ക്കുശേഷം വടക്കൻ കേരളത്തിൽ സ്ത്രീകൾക്കിടയിലെ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തിയത്. പിന്നീട് രേവതീ ഷേണായി പയ്യന്നൂർ മണ്ഡലം പ്രസിഡന്റായപ്പോൾ സരോജിനി  സെക്രട്ടറിയായി തുടർന്നു. ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി രൂപംകൊണ്ടതോടെ ജില്ലാ ജോയിന്റ് സെക്രട്ടറി. 
  1971 ൽ മിച്ചഭൂമി സമരത്തോടനുബന്ധിച്ച് ചീമേനിയിൽ നടന്ന സമരത്തിൽ പങ്കെടുത്തതിന്  രണ്ടാഴ്ചക്കാലം ജയിലിലടച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപീകരിച്ചപ്പോൾ സംസ്ഥാന വൈസ് പ്രസിഡന്റായി.  1987ൽ കരിവെള്ളൂരിൽ നടന്ന സിപിഐ എം പയ്യന്നൂർ ഏരിയാ സമ്മേളനത്തിൽ വനിതാ വളണ്ടിയർ ചുമതല വി വി  സരോജിനിക്കായിരുന്നു. 1990ൽ ആദ്യ ജില്ലാ കൗൺസിൽ അംഗം. 1995–- 2000 ൽ കരിവെള്ളൂർ–- പെരളം പഞ്ചായത്ത് പ്രസിഡന്റായും 2000–- 2005 ൽ കരിവെള്ളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു. ജില്ലയിലെ ആദ്യ വനിതാ ബാങ്ക് പ്രസിഡന്റായിരുന്നു. 
ശാരീരിക അവശതകൾക്കിടയിലും  വനിതാമതിലിൽ കണ്ണിയാവാൻ സരോജിനിയേച്ചിയെത്തിയത് പ്രവർത്തകർക്ക്‌ ആവേശക്കാഴ്‌ചയായി.
  മഹിളാ അസോസിയേഷൻ നേതാവായ എം ജയലക്ഷ്‌മിയുടെ പേരിലുള്ള  ആദ്യ പുരസ്‌കാരം സരോജിനിയ്‌ക്കായിരുന്നു
മുഖ്യമന്ത്രിയും കോടിയേരിയും അനുശോചിച്ചു
കണ്ണൂർ
സിപിഐ എമ്മിന്റെയും മഹിളാപ്രസ്ഥാനത്തിന്റെയും നേതാവായിരുന്ന വി വി സരോജിനിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മഹിളാപ്രസ്ഥാനവും തൊഴിലാളിപ്രസ്ഥാനവും വളർത്തിയെടുക്കുന്നതിൽ  ത്യാഗനിർഭരമായ പ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു വി വി സരോജിനിയെന്ന്‌ മുഖ്യമന്ത്രി അനുസ്മരിച്ചു.
    അവിഭക്ത കണ്ണൂർ ജില്ലയിൽ പുരോഗമന മഹിളാ പ്രസ്ഥാനത്തിന്‌ വേരോട്ടമുണ്ടാക്കുന്നതിൽ ത്യാഗപൂർവം പ്രവർത്തിച്ച നേതാവായിരുന്നു വി വി സരോജിനിയെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കർഷകത്തൊഴിലാളിരംഗത്തും അവർ വലിയ സംഭാവന നൽകി.
മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ, ജനാധിപത്യമഹിളാ അസോസിയേഷൻ വൈസ്‌ പ്രസിഡന്റ്‌ പി കെ ശ്രീമതി, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ എന്നിവരും അനുശോചിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top