19 August Monday

കെട്ടിടം ഒഴിയാൻ നിർദേശം ഈ കുട്ടികളും ടീച്ചറും എങ്ങോട്ട‌് പോകും?

സ്വന്തം ലേഖികUpdated: Wednesday May 15, 2019
കണ്ണൂർ
‘ഇലകൾ പച്ച... പൂക്കൾ മഞ്ഞ... ഓടുന്ന കള്ളനേ ചാടിപിടിച്ചേ...’ സൽഹ ഫാത്തിമയും നിഹാലും വജ‌്ഹ ഫാത്തിമയും കൂട്ടരും പാട്ടുപാടി താളത്തിൽ കളിക്കുകയാണ‌്. ഈ പാട്ടും കളിയും ബുധനാഴ‌്ച കൂടിയേ ഇവിടെ കാണൂ. കോട്ടക്കുന്ന‌് യുപി സ‌്കൂളിൽനിന്ന‌് അങ്കണവാടി ഒഴിയാനുള്ള സമയപരിധി ബുധനാഴ‌്ച അവസാനിക്കും. ഈ കുഞ്ഞുങ്ങളെയും കൊണ്ട‌്  എങ്ങോട്ടുപോകുമെന്ന‌് അറിയാതെ ഉഴലുകയാണ‌് സുജാത ടീച്ചറും ഹെൽപർ ജെസികയും. 
കോട്ടക്കുന്ന‌് യുപി സ‌്കൂളിന്റെ ഒരു മൂലയിൽ അസൗകര്യങ്ങൾക്കിടയിലും പരാതിയില്ലാതെ പ്രവർത്തിക്കുകയാണ‌് ഈ അങ്കണവാടി. അഞ്ച‌് വർഷമായി തുടരുന്ന അങ്കണവാടി മെയ‌് 15 വരെ മാത്രമേ ഇവിടെ പ്രവർത്തിക്കാവൂ എന്ന‌ാണ‌് സ‌്കൂൾ മാനേജ‌്മെന്റിന്റെ അന്ത്യശാസനം.     
  കാർഡ‌് ബോർഡ‌് തട്ടിവച്ച‌് മറച്ച ഇത്തിരി സ്ഥലത്താണ‌് ചിറക്കൽ പഞ്ചായത്തിലെ 67ാം നമ്പർ അങ്കണവാടി പ്രവർത്തിക്കുന്നത‌്. ഇരുപത്തൊന്ന‌് കുട്ടികൾ ഉണ്ട‌്.   മികച്ച നിലയിൽ പ്രവർത്തിക്കുന്ന അങ്കണവാടിയായത‌് കൊണ്ടുതന്നെ എല്ലാ അധ്യയനവർഷവും നിറയെ കുട്ടികളാണ‌്.  
ഇരുപത്തഞ്ച‌് വർഷമായി ഈ അങ്കണവാടി വാടകക്കെട്ടിടത്തിലാണ‌് പ്രവർത്തിച്ചിരുന്നത‌്. ഈ കെട്ടിടം പൊളിക്കുന്ന ഘട്ടത്തിൽ താൽകാലികമായി കോട്ടക്കുന്ന‌് യുപി സ‌്കൂളിലേക്ക‌് മാറി.  സ‌്കൂളിൽ സ്ഥലപരിമിതിയുണ്ടെന്നും കെട്ടിടം ഒഴിയണമെന്നും മാനേജ‌്മെന്റ‌് മുമ്പേ ആവശ്യപ്പെട്ടിരുന്നു. കെട്ടിടം ലഭിക്കാത്തതിനാൽ മാറ്റം നീണ്ടു. ഇപ്പോൾ ഒഴിഞ്ഞേ മതിയാവൂ എന്ന കർക്കശ നിലപാടിലാണ‌് സ‌്കൂൾ മാനേജ‌്മെന്റ‌്.  
വാടകയ‌്ക്ക‌് മറ്റൊരു കെട്ടിടം ലഭിക്കാത്തതാണ‌് പ്രശ‌്നമെന്ന‌് ചിറക്കൽ പഞ്ചായത്ത‌് പ്രസിഡന്റ‌് എ സോമനും ഐസിഡിഎസ‌് സൂപ്പർവൈസർ നിഷയും പറയുന്നു. പുതിയൊരു സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണിവർ. കുറച്ചുകാലംകൂടി തുടരാൻ അനുവദിക്കണമെന്ന‌്   പ്രസിഡന്റ‌് സ‌്കൂൾ മാനേജരോട‌് ആവശ്യപ്പെട്ടിട്ടുണ്ട‌്.  മാനേജ‌്മെന്റിന്റെ കടുത്ത നിലപാട‌് അറിഞ്ഞിരുന്നില്ലെന്നും പ്രശ‌്നം പരിഹരിക്കാൻ അടിയന്തരമായി ഇടപെടുമെന്നും ഐസിഡിഎസ‌് ഓഫീസർ പി എ ബിന്ദു പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top