26 January Wednesday
മേലെചൊവ്വ അണ്ടര്‍പാസ്

ടെൻഡര്‍ നടപടിയിലേക്ക്; 
സ്ഥലമേറ്റെടുപ്പ്‌ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
കണ്ണൂർ
കണ്ണൂരിന്റെ ഗതാഗതക്കുരുക്കഴിക്കാൻ മേലെചൊവ്വ അണ്ടർപാസ് ടെൻഡർ നടപടിയിലേക്ക് നീങ്ങുന്നു. സ്ഥലമേറ്റെടുപ്പ്‌ നടപടികൾ പൂർത്തിയായതോടെയാണ്‌ നിർമാണ നടപടികൾക്ക്‌  വേഗം കൂടിയത്‌. 
ദേശീയ പാതയിലെയും കണ്ണൂർ നഗരത്തിലെയും കുരുക്ക് പരിഹരിക്കാനാണ്‌ എൽഡിഎഫ് സർക്കാർ  അണ്ടർപാസ്‌ പ്രഖ്യാപിച്ചത്‌. കണ്ണൂർ –-തലശേരി റൂട്ടിൽ മേലെ ചൊവ്വ ജങ്ഷനിൽ 310 മീറ്റർ നീളത്തിലും ഒമ്പതുമീറ്റർ വീതിയിലുമാണ് നിർമാണം.  അണ്ടർ പാസിനുപുറത്ത് ഇരുവശത്തും അഞ്ചര മീറ്റർ വീതിയിൽ സർവീസ് റോഡും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും. 
50 കെട്ടിടവും 
52 സെന്റും ഏറ്റെടുത്തു
52 സെന്റ് സ്ഥലവും 50 കെട്ടിടങ്ങളും ഏറ്റെടുത്തു.  15.30 കോടി രൂപയാണ്‌  നഷ്ടപരിഹാരമായി നൽകിയത്. വാടകക്കാർക്ക് രണ്ടുലക്ഷം രൂപ പുനഃസ്ഥാപന അലവൻസും തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ആറു മാസത്തേക്ക് 6000 രൂപ വീതം ഉപജീവന ബത്തയും നൽകിയിരുന്നു. അണ്ടർ പാസ് നിർമാണത്തിന്‌ 16.39 കോടിയുടെ പ്രവൃത്തിക്കാണ്‌  കിഫ്ബി അംഗീകാരം നൽകിയത്. എന്നാൽ പൊതുമരാമത്ത്‌ ഷെഡ്യുളിൽ വന്ന വർധന പ്രകാരം  എസ്റ്റിമേറ്റ്  19.20 കോടിയായി ഉയർന്നു. ഇതിനുള്ള അംഗീകാരം അടുത്ത കിഫ്ബി യോഗത്തിൽ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. അനുമതി ലഭ്യമായാൽ ഉടൻ തന്നെ ടെൻഡർ നടപടയിലേക്ക് കടക്കും. 
കണ്ണൂർ തെക്കിബസാർ ഫ്ളൈ ഓവറിനുള്ള സ്ഥലം ഏറ്റെടുക്കലും മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കും. 11 റോഡുകൾ വികസിപ്പിക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെയും സ്ഥലം ഏറ്റെടുക്കുന്ന പ്രവർത്തനവും പുരോഗമിക്കുകയാണ്.  ആദ്യഘട്ടത്തിൽ ഏഴ്‌ റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തീകരിക്കും. രൂക്ഷമായ ഗതാഗതക്കുരുക്ക്‌ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ  ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന്‌  മന്ത്രി മുഹമ്മദ് റിയാസ്‌ അവലോകനയോഗങ്ങൾ നടത്തിയാണ്‌ പ്രവർത്തനം വേഗത്തിലാക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top