28 May Saturday
ക്രിമിനൽ രാഷ്‌ട്രീയം

സുധാകരന്റെ ലക്ഷ്യം കോൺഗ്രസ്‌ പിടിച്ചെടുക്കൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
കണ്ണൂർ
എതിരാളികളെ അരിഞ്ഞുവീഴ്‌ത്തുന്ന രാഷ്‌ട്രീയശൈലിയിലൂടെ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ലക്ഷ്യമിടുന്നത്‌ കോൺഗ്രസ്‌ നേതൃത്വം കൈപ്പിടിയിലാക്കൽ. 1991ൽ കണ്ണൂർ ഡിസിസി പ്രസിഡന്റാകാൻ നടത്തിയ അതേ ഗുണ്ടായിസവും ക്രിമിനലിസവുമാണ് ഇപ്പോൾ പയറ്റുന്നത്. ഇടുക്കിയിൽ ക്രിമിനൽസംഘത്തെയിറക്കി എൻജിനിയറിങ്‌ കോളേജ്‌ വിദ്യാർഥി ധീരജിനെ കൊലക്കത്തിക്കിരയാക്കിയതും കൊലയെ ന്യായീകരിക്കുന്നതും കൊലയാളികളെ പിന്തുണക്കുന്നതുമെല്ലാം സ്വന്തം പാർടിയിലെ എതിരാളികൾക്കുള്ള മുന്നറിയിപ്പാണ്‌.
   കോൺഗ്രസിൽ ചേർന്ന്‌ ഏഴ്‌ വർഷത്തിനകമാണ്‌ സുധാകരൻ കണ്ണൂർ ഡിസിസി പിടിച്ചെടുത്തത്‌. ജില്ലയിലെ കോൺഗ്രസിന്റെ അമരക്കാരനായിരുന്ന എൻ രാമകൃഷ്‌ണനെയു ൾപ്പെടെ മൂലയിലൊതുക്കി. സംഘടനാ കോൺഗ്രസിലും പിന്നീട്‌, ജനതാ പാർടിയിലും ജനത–- ജിയിലും കമലം ജനതയിലുമായിരിക്കെയായിരുന്നു മുമ്പ്‌ സുധാകരൻ. ജന്മനാടായ നടാൽ കേന്ദ്രീകരിച്ച്‌ ക്രിമിനൽസംഘത്തെ പോറ്റിവളർത്തി. കെ പി നൂറുദ്ദീൻ, പി രാമകൃഷ്‌ണൻ ഉൾപ്പെടെയുള്ള നേതാക്കളെ ഓരോന്നായി മൂലയിലാക്കി.
   ഡിസിസി പ്രസിഡന്റായശേഷം പാർടിയിലെ എതിരാളികളായ നേതാക്കളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും നിർത്തി. മുൻ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂർ ലോക്‌സഭാംഗമായിരിക്കെ, കണ്ണൂർ ഡിസിസി ഓഫീസ്‌ പരിസരത്തു പോലും പോയിരുന്നില്ല. ശാരീരികാക്രമണം ഭയന്നാണിത്‌. തന്റെ തോൽവിക്കു പിന്നിലും സുധാകരനാണെന്ന്‌ മുല്ലപ്പള്ളി ആരോപിച്ചിരുന്നു. കെപിസിസി പ്രസിഡന്റായശേഷവും തന്നോട്‌ മിണ്ടിയില്ലെന്ന്‌ പരസ്യമായി പ്രതികരിച്ചു.  മുൻ കെപിസിസി പ്രസിഡന്റ്‌ വി എം സുധീരൻ പറഞ്ഞത്‌, സുധാകരനെ വിമർശിച്ചാൽ കെ എസ്‌ ബ്രിഗേഡ്‌ എന്ന പേരിലുള്ള അനുയായികൾ ഭീഷണിപ്പെടുത്തിയും അപമാനിച്ചും വായമൂടാൻ ശ്രമിക്കുമെന്നാണ്‌. തനിക്കുണ്ടായ അനുഭവമാണെന്നും സുധീരൻ പറഞ്ഞു.
  ഇതേ ഭയം രമേശ്‌ ചെന്നിത്തല ഉൾപ്പെടെയുള്ള മറ്റ്‌ നേതാക്കൾക്കുമുണ്ട്‌. ബിജെപിയിൽനിന്ന്‌ രണ്ടുതവണ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും മനഃസാക്ഷിക്ക്‌ ശരിയെന്ന്‌ തോന്നിയാൽ പോകുമെന്നും പരസ്യമായി പ്രതികരിച്ചശേഷമാണ്‌ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുധാകരൻ സീറ്റ്‌ സംഘടിപ്പിച്ചത്‌. കെപിസിസി പ്രസിഡന്റായതും ബിജെപിയിൽ പോകുമെന്ന ഭീഷണി മുഴക്കിയാണ്‌. സംഘടനാ തെരഞ്ഞെടുപ്പ്‌ നടന്നാൽ എ, ഐ ഗ്രൂപ്പുകൾക്കുമുന്നിൽ നേതൃത്വം കൈയിൽനിന്ന്‌ വഴുതിപ്പോകുമെന്ന്‌  സുധകാരനറിയാം. ഇതു മറികടക്കാനാണ്‌ കണ്ണൂരിൽ പയറ്റിയ ചോരക്കളി സംസ്ഥാന വ്യാപകമാക്കുന്നത്‌. സംസ്ഥാനവ്യാപകമാക്കുന്നത്‌.
‘കോൺഗ്രസ്‌ ഇരന്നുവാങ്ങിയ 
മാരണമാണ്‌ കെ സുധാകരൻ’
പ്രത്യേക ലേഖകൻ
കണ്ണൂർ
കോൺഗ്രസുകാർ ഇരന്നുവാങ്ങിയ മാരണമാണ്‌ കെ സുധാകരനെന്ന്‌ കണ്ണൂർ ഡിസിസി മുൻ ജനറൽ സെക്രട്ടറി ഒ വി ജാഫർ. ധീരജ് എന്ന കൗമാരപ്രതിഭയെ നിഷ്‌ഠുരം കൊന്നൊടുക്കിയ സംഭവത്തെ ഇരന്നുവാങ്ങിയ മരണമെന്ന്‌ മൃഗീയമനസുള്ളവർക്കേ പറയാനാവൂ എന്നുമാത്രം പറഞ്ഞ് തള്ളേണ്ടതല്ല. തനിക്കെതിരെ ഉയരുന്ന എന്തിനെയും നിഗ്രഹിക്കുന്ന മാനസിക നിലവാരത്തിലാണ് സുധാകരൻ ഇന്നും അന്നും എന്നും–- ജാഫർ ഫെയ്‌സ്‌ ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. 
   1969ൽ സംഘടനാ കെഎസ്‌യുവിന്റെ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിയായ സുധാകരന്റെ രാഷ്ട്രീയശത്രു കെഎസ്‌എഫോ സിപിഐ എമ്മോ ആയിരുന്നില്ല. കെഎസ്‌യുവും കോൺഗ്രസുമായിരുന്നു. അക്കാലത്താണ്‌ സുധാകരന്റെ നാടായ നടാലിൽ എന്തിനും പോരുന്ന സംഘത്തെ തീറ്റിപ്പോറ്റിയത്‌. കോൺഗ്രസുകാരും സംഘടനാ കോൺഗ്രസുകാരും തമ്മിലുള്ള  സംഘട്ടനത്തിൽ പ്രതിയായതിനെത്തുടർന്നാണ് ആർമിയിൽ ചേരാനുള്ള സ്വപ്നം തകർന്നത്. ഇന്ദിരാഗാന്ധിയെ "ഭാരതയക്ഷി’ എന്നു വിളിച്ചത് അക്കാലത്ത് വിവാദമായിരുന്നു.   
   1977ൽ ജനതാ പാർടി ജില്ലാ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് കെ ജി മാരാരോട് മത്സരിച്ച് തോറ്റപ്പോഴാണ് ഗോപാലൻ ജനതയിൽ ചേക്കേറിയത്. തുടർന്ന് കമലം ജനതയിലെത്തി. അവിടുന്നാണ് 1984ൽ കോൺഗ്രസിലെത്തുന്നത്. സുധാകരനെ കോൺഗ്രസിലേക്ക് കൊണ്ടുവരുന്നതിനായി സമീപിച്ച എൻ രാമകൃഷ്ണനോട് കെ കരുണാകരൻ ശക്തമായ എതിർപ്പാണ് പ്രകടിപ്പിച്ചത്. തന്റെ നിർബന്ധത്തിന് ലീഡർ വഴങ്ങുകയായിരുന്നെന്നും  ‘ഞാൻ ഇരന്നു വാങ്ങിയ മാരണമാണ് അവനെന്നും’ 1996ൽ പൊട്ടിക്കരഞ്ഞ്‌ എൻ രാമകൃഷ്‌ണൻ പറഞ്ഞതും ഓർക്കുന്നു.
   സംസ്ഥാന കോൺഗ്രസിന്റെ അമരത്ത് സുധാകരനെ വാഴിക്കുമ്പോൾ പേടിക്കണം ഓരോ അമ്മമാരും മക്കളുടെ ജീവനെയോർത്ത്. ഇല്ലെങ്കിൽ ഇനിയും നഷ്ടപ്പെടും നമുക്ക് കുഞ്ഞുങ്ങൾ–- ജാഫർ മുന്നറിയിപ്പു നൽകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top