08 November Friday

സംസ്ഥാനത്ത് കൂടുതൽ മഴ കണ്ണൂർ ജില്ലയിൽ മഴതന്നെ മഴ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024
ആലക്കോട്
ജൂൺ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടുനിന്ന കാലവർഷ കലണ്ടർ അവസാനിക്കുമ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ. സാധാരണ ലഭിക്കുന്നതിനേക്കാൾ 15 ശതമാനം അധിക മഴയാണ് ഇത്തവണ ജില്ലയിൽ (3023.3 മില്ലീമീറ്റർ) ലഭിച്ചത്. സാധാരണ ലഭിക്കുന്ന മഴയുടെ അളവ് 2623 മില്ലിമീറ്റർ ആണ്. ഇതിൽ തന്നെ ജില്ലയിൽ കൂടുതൽ മഴ ലഭിച്ചത് നടുവിൽ ഉൾപ്പെടുന്ന മലയോര മേഖലയിലും. കനത്ത മഴ ലഭിക്കുന്നതിനാൽ  ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾക്ക് സാധ്യത ഏറുന്നുവെന്നത് ജനങ്ങളെ ആശങ്കയിലാഴ്‌ത്തുന്നു. 
    ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ലഭിച്ച മഴയുടെ അളവ് പ്രകാരം 90 മില്ലി മീറ്ററിനും 120 മില്ലി മീറ്ററിനും ഇടയിൽ മഴ ലഭിച്ചത്  നടുവിൽ, ഇരിട്ടി പ്രദേശങ്ങളിൽ. കേരള ശാസ്ത്ര സാഹിത്യ പരിഷത്, ഹ്യും, ജില്ലാ ദുരന്ത നിവാരണ ഏജൻസി എന്നിവ സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.  സന്നദ്ധ പ്രവർത്തകർ  മഴമാപിനികൾ സ്ഥാപിച്ച് ദിവസവും രാവിലെ എട്ടിന്‌  24 മണിക്കൂർ പെയ്ത മഴയുടെ അളവുകൾ എടുത്ത് ജില്ലാതല പട്ടിക തയ്യാറാക്കുകയായിരുന്നു.  
    കുറച്ചുവർഷങ്ങളായി കാലാവസ്ഥയിലുണ്ടായിട്ടുള്ള വ്യതിയാന ഫലമായി, പശ്ചിമഘട്ട മേഖലയിലെ വൈതൽ മലയുടെ താഴ് വാരങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കനത്തമഴയാണ് പെയ്യുന്നത്. പ്രത്യേകിച്ചും നടുവിൽ, ഉദയഗിരി, ആലക്കോട്, ഏരുവേശി, പയ്യാവൂർ പഞ്ചായത്തുകളിൽ. ലഭിക്കുന്ന മഴയുടെ അളവും വർധിക്കുന്നു. ക്രമംതെറ്റിയ മഴ  കാർഷിക വിളകളെയും ദോഷകരമായി ബാധിച്ചു. റബർ, നാളികേരം, അടക്ക എന്നിവയുടെ ഉൽപ്പാദനം കുത്തനെ ഇടിഞ്ഞു. ഇതിനാൽ ഇവയ്‌ക്കുണ്ടായ വിലവർധനയുടെ ആനുകൂല്യം കർഷകർക്ക് ലഭിക്കുന്നുമില്ല.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top