26 October Tuesday

‘ഇരിപ്പിടം പൊളിച്ചാലും, ഓർമകൾക്ക്‌ സ്‌റ്റോപ്പിടാനാകുമോ’

പ്രകാശൻ പയ്യന്നൂർUpdated: Thursday Oct 14, 2021

ദേശീയപാത വികസനത്തിന്‌ പൊളിച്ചുനീക്കുന്ന അപ്പുക്കുട്ടൻ സ്‌മാരക ബസ് വെയിറ്റിങ് ഷെൽട്ടർ

പയ്യന്നൂർ
സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി പയ്യന്നൂർ കോളേജിന്റെ പടികടക്കുന്നവരുടെ മനസിലേക്ക്‌ ആദ്യം ഉയരുന്ന ചോദ്യം. ആരാണ്‌ അപ്പുക്കുട്ടൻ? ദേശീയപാതയിൽ കോളേജിന്‌ മുന്നിലെ ബസ്‌ സ്‌റ്റോപ്പിലെത്തുമ്പോൾ ആദ്യം കാണുന്നത്‌ തലയെടുപ്പോടെ നിൽക്കുന്ന അപ്പുക്കുട്ടൻ സ്‌മാരക കാത്തിരിപ്പ്‌ കേന്ദ്രം. നാടകങ്ങളിലും കലാസാഹിത്യ മത്സരങ്ങളിലും തിളങ്ങിനിൽക്കെ അപകടത്തിൽ അരങ്ങൊഴിഞ്ഞവൻ. രാമനാത്ത്‌ വലിയ വീട്ടിൽ അപ്പുക്കുട്ടൻ. ആ പ്രതിഭയുടെ നിത്യസ്‌മാരകമായി  അധ്യാപകരും  സഹപാഠികളും മുൻകൈയെടുത്ത്‌ നിർമിച്ച കാത്തിരിപ്പുകേന്ദ്രം 45വർഷത്തിനിപ്പുറം സ്‌മൃതിയിലേക്ക്‌ മറയുന്നു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായാണിത്‌. 
  പയ്യന്നൂർ കോളേജിന്റെ തുടിപ്പിനൊപ്പം അലിഞ്ഞുചേർന്ന പേരായിരുന്നു അപ്പുക്കുട്ടന്റേത്‌. ബി എ  സാമ്പത്തിക ശാസ്‌ത്രം അവസാന വർഷ വിദ്യാർഥിയായിരുന്നു. നാടകം, മോണോ ആക്ട്‌,  മിമിക്രി എന്നിവയിലെല്ലാം പ്രതിഭ തെളിയിച്ച്‌ വിദ്യാർഥികൾക്കും അധ്യാപകർക്കും  പ്രിയങ്കരനായവൻ. 
  നാലരപതിറ്റാണ്ട്‌ മുമ്പ്‌ 1975 ഡിസംബർ 26ന്‌  പയ്യന്നൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ മാതൃഭൂമി സ്‌റ്റഡി സർക്കിൾ സംഘടിപ്പിച്ച  നാടകമത്സരത്തിനു തൊട്ടുമുമ്പാണ്‌  വാഹനാപകടത്തിൽ മരണം സംഭവിച്ചത്‌.  നാടകത്തിന്റെ  അവസാന റിഹേഴ്‌സലും കഴിഞ്ഞ്‌ കേളോത്തെ വീട്ടിലെത്തി  ഭക്ഷണം കഴിച്ച് രാത്രി സുഹൃത്തുക്കൾക്കൊപ്പം സ്‌കൂളിലേക്ക് നടക്കവെയാണ്‌ നിയന്ത്രണം വിട്ട ജീപ്പിടിച്ച്‌ മരിച്ചത്‌. പരേതരായ കല്ലിടീൽ കമ്മാരപൊതുവാളിന്റെയും ചിരിക്കുഞ്ഞിയമ്മയുടെയും ഇളയമകനാണ്‌ അപ്പുക്കുട്ടൻ. അന്നത്തെ കോളേജ്‌ വൈസ്‌ പ്രിൻസിപ്പൽ പ്രൊഫ. എ കെ രാഘവൻ നമ്പ്യാർ ചെയർമാനും പ്രൊഫ. കെ രാജഗോപാലൻ കൺവീനറുമായി രൂപീകരിച്ച സമിതിയാണ്‌ ദേശീയപാതയോരത്ത് കാത്തിരിപ്പു കേന്ദ്രം സ്ഥാപിച്ചത്‌. നിരവധി  വിദ്യാർഥി കൂട്ടായ്‌മകൾക്കും പ്രക്ഷോഭങ്ങൾക്കും തുടക്കമിട്ടതും ഇവിടെനിന്നായിരുന്നു.  നശിച്ചു തുടങ്ങിയ കാത്തിരിപ്പ്‌ കേന്ദ്രം 2010ൽ റോട്ടറി ക്ലബ് പയ്യന്നൂർ മിഡ് ടൗൺ കമ്മിറ്റി നവീകരിച്ചിരുന്നു.  45വർഷത്തെ ചരിത്രം പറയുന്ന ആ കാത്തിരിപ്പ്‌ കേന്ദ്രമാണ്‌ വിസ്‌മൃതിയിലാകുന്നത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top