20 February Wednesday

മൂന്നാംദിനം 3.16 കോടി ജില്ലയിൽ 10.64 കോടിയായി

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രി കെ കെ ശൈലജ മയ്യിൽ ഐഎംഎൻഎസ്‌ ജിഎച്ച്എസ്എസിൽ നടന്ന പരിപാടിയിൽ ഫണ്ട് ഏറ്റുവാങ്ങുന്നു

കണ്ണൂർ
പ്രളയക്കെടുതിയിൽനിന്ന് കേരളത്തെ രക്ഷിക്കാൻ നാടൊന്നാകെ സഹായവുമായെത്തിയപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിൽനിന്ന് വ്യാഴാഴ്ച ലഭിച്ചത് 3,16,84,480 രൂപ. ഇതോടെ നവകേരള നിർമാണത്തിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന വിഭവസമാഹരണത്തിൽ ജില്ലയിൽ മൂന്നു ദിവസത്തിനകം 10.64 കോടി രൂപ ലഭിച്ചു. ബാക്കിയുള്ള മൂന്നു കേന്ദ്രങ്ങളിൽനിന്ന് 17ന് മന്ത്രി ഇ പി ജയരാജൻ സഹായങ്ങൾ ഏറ്റുവാങ്ങും.  
സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ള ആളുകൾ മൂന്നാംദിവസവും വിഭവസമാഹരണത്തിൽ പങ്കാളികളായി. കൊച്ചുകുട്ടികൾമുതൽ വയോജനങ്ങൾവരെ തങ്ങളാലാവുംവിധം സഹായങ്ങൾ ആരോഗ്യമന്ത്രി കെ കെ ശൈലജയെ ഏൽപ്പിച്ചു. സ്വന്തം പ്രയാസങ്ങളും പ്രാരാബ്ധങ്ങളും മാറ്റിവച്ച് പ്രളയബാധിതരുടെ കണ്ണീരൊപ്പാൻ സമൂഹത്തിലെ അവശജനവിഭാഗങ്ങൾപോലും മുന്നോട്ടുവരുന്ന കാഴ്ച കണ്ണുനിറയ്ക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. അവരുടെ വലിയ മനസ്സിനുമുന്നിൽ തലകുനിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. 
ആലക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചപ്പാരപ്പടവ്, ആലക്കോട്, ഉദയഗിരി, നടുവിൽ  പഞ്ചായത്തുകളുടെ വിഭവ സമാഹരണത്തിൽ 33,50,896 രൂപ ലഭിച്ചു. തന്റെ ആകെ സമ്പാദ്യമായ സ്ഥലം വിറ്റുകിട്ടിയ പണത്തിൽ നിന്ന് 50,000 രൂപ നൽകിയ നരിയമ്പാറ സ്വദേശി സി എം അമ്മിണിയമ്മയും ഓണാഘോഷത്തിനായി സമാഹരിച്ച 20,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ആനക്കുഴി എസ്ടി കോളനിക്കാരും മാതൃകയായി. മണക്കടവ് ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ സമാഹരിച്ച 67,000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിക്ക് കൈമാറി. കെ സി ജോസഫ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പി ഗോവിന്ദൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം മൈമൂനത്ത് (ചപ്പാരപ്പടവ്), മോളി കാടൻകാവിൽ (ആലക്കോട്), മിനി മാത്യു (ഉദയഗിരി), ബിന്ദു ബാലൻ (നടുവിൽ), ജില്ലാ പഞ്ചായത്തംഗം ജോയ് കൊന്നക്കൽ എന്നിവർ സംസാരിച്ചു. 
ശ്രീകണ്ഠപുരം മുനിസിപ്പൽ ഹാളിൽ നഗരസഭയുടെയും ചെങ്ങളായി, പയ്യാവൂർ, എരുവേശി പഞ്ചായത്തുകളുടെയും വിഭവ സമാഹണത്തിൽ ലഭിച്ച 97,60,000 രൂപ മന്ത്രിക്ക് കൈമാറി. കെ സി ജോസഫ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, നഗരസഭാ ചെയർമാൻ പി പി രാഘവൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. കെ കെ രത്നകുമാരി (ചെങ്ങളായി), ഡെയ്സി ചിറ്റൂപ്പറമ്പിൽ (പയ്യാവൂർ), അഡ്വ. ജോസഫ് ഐസക‌് (എരുവേശി) എന്നിവർ സംസാരിച്ചു. 
മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കുറ്റ്യാട്ടൂർ, മലപ്പട്ടം, മയ്യിൽ പഞ്ചായത്തുകളുടെ ധനസമാഹരണത്തിൽ 52,11,234 രൂപ സംഭാവനയായി ലഭിച്ചു. താൻ ആദ്യമായി എഴുതിയ കവിതാ പുസ്തകം വിറ്റു കിട്ടിയ 6200 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സഹദേവൻ മലപ്പട്ടത്തെ വൻ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. മയ്യിൽ പാടശേഖര സമിതി നടത്തിയ നെൽകൃഷിയുടെ വരുമാനത്തിൽ നിന്നുള്ള 1,53,000 രൂപയും കൈമാറി. ജയിംസ് മാത്യു എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ബാലൻ (മയ്യിൽ), എൻ പത്മനാഭൻ (കുറ്റ്യാട്ടൂർ), പി പുഷ്പജൻ (മലപ്പട്ടം), ജില്ലാ പഞ്ചായത്തംഗം കെ നാണു എന്നിവർ സംബന്ധിച്ചു. 
മുല്ലക്കൊടി ബാങ്ക് ഹാളിൽ നടന്ന ധനസമാഹരണത്തിൽ 43,04,068 രൂപയാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. ജയിംസ് മാത്യു എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ശ്യാമള (നാറാത്ത്), കെ സി പി ഫൗസിയ (കൊളച്ചേരി) എന്നിവർ സംസാരിച്ചു.
ധർമശാലയിലായിരുന്നു തളിപ്പറമ്പ്, ആന്തൂർ നഗരസഭകളുടെയും പട്ടുവം, പരിയാരം, കുറുമാത്തൂർ പഞ്ചായത്തുകളുടെയും വിഭവ സമാഹരണ പരിപാടി. ഇവിടെനിന്ന് 90,58,282 രൂപ സംഭാവനയായി ലഭിച്ചു. ആന്തൂർ മുനിസിപ്പൽ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ജയിംസ് മാത്യു എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, നഗരസഭാ ചെയർമാൻമാരായ പി കെ ശ്യാമള (ആന്തൂർ), അള്ളാംകുളം മഹമ്മൂദ് (തളിപ്പറമ്പ്), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത, പഞ്ചായത്ത് പ്രസിഡന്റുമാരായ ആനക്കീൽ ചന്ദ്രൻ (പട്ടുവം), എ രാജേഷ് (പരിയാരം), ഐ വി നാരായണൻ (കുറുമാത്തൂർ) തുടങ്ങിയവർ സംബന്ധിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ജില്ലാ പ്രവാസി അസോസിയേഷൻ ബഹ‌്റൈൻ സമാഹരിച്ച 1,44,000രൂപ കൈമാറി. ചെക്ക‌് ജനറൽ സെക്രട്ടറി സൂരജ‌് നമ്പ്യാർ കലക്ടർ മീർ മുഹമ്മദലിക്കാണ‌് നൽകിയത‌്. നേരത്തെ ഒരു ലക്ഷം രൂപ ശേഖരിച്ച‌് കൈമാറിയിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top