19 February Tuesday

കണ്ണൂർ റെയിൽവേ സ‌്റ്റേഷൻ വികസനത്തിന‌് ഒച്ചിന്റെ വേഗത

സ്വന്തം ലേഖകൻUpdated: Friday Sep 14, 2018

കണ്ണൂർ റെയിൽവേ സ‌്റ്റേഷൻ

 കണ്ണൂർ

നഗരത്തിന്റെ മുഖമുദ്രയാണ് റെയിൽവേ സ്റ്റേഷൻ. കണ്ണൂർ റെയിൽവേ സ്റ്റേഷൻ വികസനം എപ്പോഴും വൈകിയോടുന്ന വണ്ടിയാണ്. പ്രഖ്യാപിച്ച പദ്ധതികൾ മുഴുവൻ വരില്ല. നടപ്പാക്കുന്നതിനാകട്ടെ ഒച്ചിന്റെ വേഗതയും. ഏറ്റവും ഒടുവിലായി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽനിന്ന് മറ്റു പ്ലാറ്റ്ഫോമിലേക്കുള്ള സബ‌്‌വേയുടെ  നിർമാണം  ആറ‌് മാസംകൊണ്ട് പൂർത്തിയാക്കുമെന്ന പറഞ്ഞിട്ട‌്   രണ്ടുവർഷമായിട്ടും  തുറക്കാനായില്ല. എംപിമാരായ പി കെ ശ്രീമതിയും കെ കെ രാഗേഷും നിരന്തരമായി നടത്തുന്ന  സമ്മർദത്തിന്റെ ഫലമായി അടുത്തകാലത്ത് ചില മാറ്റങ്ങൾ റെയിൽവേ സ്റ്റേഷനിലുണ്ടാകുന്നുവെന്നത് ആശാവഹമാണ്. ട്രെയിനുകൾ ആവശ്യത്തിന് ഇല്ല എന്നത് കണ്ണൂരിന്റെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. 
തെക്കൻ കേരളത്തിലേക്കുള്ള  അവസാനത്തെ പ്രതിദിന ട്രെയിൻ മംഗലാപുരം‐ തിരുവനന്തപുരം മലബാർ എക്സ്പ്രസാണ്. അത് രാത്രി 9.10ന് കണ്ണൂർ സ്റ്റേഷനിൽനിന്ന് കടന്നുപോയാൽ അടുത്തവണ്ടിക്ക് മണിക്കൂറുകളോളം കാത്തിരിക്കണം.  ആഴ്ചയിൽ രണ്ട് ദിവസം തിരുവനന്തപുരത്തേക്ക് അന്ത്യോദയ എക്സ്പ്രസ്, പാലക്കാട് ഭാഗത്തേക്ക് വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് എന്നിവ ഉണ്ടെന്ന് വേണമെങ്കിൽ പറയാം. പുലർച്ചക്കുള്ള ജനശതാബ്ദിയും എക്സിക്യൂട്ടീവുമാണ് പിന്നെ ലഭിക്കുക. കണ്ണൂർ വഴി കടന്നുപോകുന്ന ദീർഘദൂരവണ്ടികൾ പോലും അതിന് ശേഷം മാത്രം. 
കണ്ണൂരിൽനിന്ന് വടക്കോട്ട് രാത്രി 8.15ന് നേത്രാവതി പോയാൽ പിന്നെ പുലർച്ചെ ഒരുമണിവരെ കാത്തിരിക്കണം. പകൽനേരത്തും തെക്കോട്ട് ഏറനാട് എക്സ്പ്രസ് പോയാൽ അടുത്ത വണ്ടിക്ക് നാല് മണിക്കൂറോളം കാത്തിരിക്കണം.
പുതിയ വണ്ടികൾക്കായി ആവശ്യമുന്നയിക്കുമ്പോൾ റെയിൽവേ അധികൃതർ ചൂണ്ടിക്കാട്ടുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ്. സൗകര്യം ഉണ്ടാക്കേണ്ടത് റെയിൽവേ തന്നെയല്ലേ എന്ന മറുചോദ്യത്തിന് മുന്നിൽ അവർക്ക്  ഉത്തരമില്ല. പിറ്റ് ലൈൻ വേണമെന്ന ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പലതവണ ബജറ്റിൽ എഴുതിവയ്ക്കുകയും ചെയ്തു. എന്നിട്ടുംവന്നില്ല. സൗത്ത് റെയിൽവേ സ്റ്റേഷൻ വികസനത്തെകുറിച്ചും വർഷങ്ങളായി പറയുന്നു. കണ്ണൂർ വിമാനത്താവളം വരുമ്പോൾ സൗത്ത് റെയിൽവേ സ്റ്റേഷൻ നഗരത്തിലെ തിരക്ക് കുറയ്ക്കാനും  പുതിയ ട്രെയിൻ സർവീസ് തുടങ്ങാനും സഹായകരമാവും.    
നാല്,അഞ്ച് പ്ലാറ്റ്ഫോമുകളെകുറിച്ചും കേൾക്കാൻ തുടങ്ങിയിട്ട് നാളുകളായി.  ഇപ്പോഴാണ് ടെൻഡറായത്. കണ്ണൂർ പ്രസ്ക്ലബ്ബിന്  സമീപത്തെ റെയിൽവേയുടെ വഴി ഉപയോഗപ്പെടുത്തി കിഴക്ക് ഭാഗത്ത് നിർമിക്കുന്ന പ്ലാറ്റ്ഫോമിലേക്ക് നേരിട്ട് വാഹനങ്ങളിൽ വന്നിറങ്ങാനുള്ള സൗകര്യംകൂടി പരിഗണിക്കാവുന്നതാണ്. സ്റ്റേഷൻ റോഡിലെ തിരക്കും വാഹനക്കുരുക്കും കുറയ്ക്കുന്നതിന‌് പ്രധാന കവാടത്തിന് മുന്നിലെ വഴി വൺവേയാക്കാൻ മറ്റൊരു വഴി ഒരുക്കികഴിഞ്ഞു.  പ്ലാസ ജങ‌്ഷനിലാണ് പുറത്തേക്കുള്ള വഴി. ഇടത്തെകാലിലെ മന്ത് വലത്തെ കാലിലേക്ക് മാറ്റുന്ന സ്ഥിതിയിലേക്ക് അത് മാറുമോ എന്ന സംശയം നിലനിൽക്കുന്നു. പകരം നിലവിലുള്ള സൗകര്യം ഉപയോഗപ്പെടുത്തി കൂടുതൽ വഴികൾ സ്റ്റേഷനിൽനിന്ന് അകത്തേക്കും പുറത്തേക്കുമുണ്ടാക്കാനുള്ള സാധ്യതയുണ്ട്.
ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽനിന്ന് മറ്റ് പ്ലാറ്റ്ഫോമുകളിലേക്കുള്ള അടിപ്പാത  തിരക്ക് കുറയ്ക്കാൻ സഹായകരമാവും. എന്നാൽ ഒന്നാം പ്ലാറ്റ് ഫോമും കടന്നു പുറത്ത് എത്താനുള്ള സൗകര്യമുണ്ടായിരുന്നുവെങ്കിൽ ഒന്നാം പ്ലാറ്റ്ഫോം കൂടുതൽ മെച്ചപ്പെട്ടേനെ. 
 
 
പ്രധാന വാർത്തകൾ
 Top