26 August Monday
സമഗ്ര ഓവുചാൽ പദ്ധതി

വെള്ളക്കെട്ടുണ്ടാവില്ല, നഗരത്തിലെവിടെയും

സ്വന്തം ലേഖകൻUpdated: Wednesday Aug 14, 2019
കണ്ണൂർ
അനുമതിയായി ഒരുവർഷം തികയുമ്പോഴേക്കും അമൃത്‌ പദ്ധതിയിലെ ഓവുചാൽ നിർമാണം പൂർണതയിലേക്ക്‌. കഴിഞ്ഞ നവംബറിലാണ്‌ കണ്ണൂർ കോർപറേഷനിൽ അമൃത്‌ പദ്ധതിയിലുൾപ്പെടുത്തി  നിർമാണം ആരംഭിച്ചത്‌. ആദ്യഘട്ടത്തിൽ ആരംഭിച്ചവ എഴുപത്‌ ശതമാനത്തോളം പൂർത്തിയായി. അമൃത്‌ പദ്ധതികൾ മികച്ച നിലയിൽ നടപ്പാക്കുന്ന രാജ്യത്തെ  50  നഗരങ്ങളിലൊന്നാണ്‌ കണ്ണൂർ. കേന്ദ്ര ഭവന–- നഗരകാര്യ മന്ത്രാലയം അമൃത്‌ പദ്ധതികൾ നടപ്പാക്കുന്ന അഞ്ഞൂറ്‌ നഗരങ്ങളിൽനിന്നാണ്‌ മികച്ച 50 നഗരങ്ങളെ തെരഞ്ഞെടുത്തത്‌. കേരളത്തിൽനിന്ന്‌ കണ്ണൂർ മാത്രമാണ്‌  പട്ടികയിൽ  ഇടംകണ്ടത്‌. 
പുരോഗമിക്കുന്നത്‌ 225. 65 കോടിയുടെ പ്രവൃത്തി
അമൃത്‌ പദ്ധതിയിൽ 225. 65 കോടിയുടെ പ്രവൃത്തികളാണ്‌ പുരോഗമിക്കുന്നത്‌. ഇതിൽ 39.6 കോടിയുടെ പദ്ധതികളാണ്‌ ഓവുചാലിന്‌. വിവിധ സ്ഥലങ്ങളിൽ പത്ത്‌ വ്യത്യസ്‌ത പദ്ധതികളൊരുക്കിയാണ്‌ നഗരത്തിലും പരിസരത്തും സമഗ്ര ഓവുചാൽ സംവിധാനമൊരുക്കുന്നത്‌. കൂടുതൽ സുരക്ഷ ആവശ്യമുള്ളിടത്ത്‌ കരിങ്കൽ ഭിത്തിയും മറ്റിടങ്ങളിൽ കോൺക്രീറ്റിട്ടുമാണ്‌ ഓവുചാൽ പണിയുന്നത്‌.  പടന്നത്തോട്ടിലെ പദ്ധതിക്കാണ്‌ കൂടുതൽ തുക–- 8.23 കോടി. കാനാമ്പുഴയിലേക്കെത്തുന്ന ഓവുചാലുകളുടെ നിർമാണത്തിന്‌ 5.18 കോടി. 19 അനുബന്ധ ഓവുചാലുകളാണ്‌ ഇവിടെയുള്ളത്‌. 30 ശതമാനത്തോളം നിർമാണം മൂന്നുമാസത്തിനുള്ളിൽ പൂർത്തിയായി. 2.52 കോടി ചെലവഴിച്ചുള്ള മുള്ളങ്കണ്ടി തോട്‌ ഓവുചാൽ 70 ശതമാനത്തോളം പൂർത്തിയായി. 4.1 കോടിയാണ്‌ കക്കാട്‌ പുഴയിലേക്കുള്ള ഓവുചാലിനും അനുബന്ധ നിർമാണങ്ങൾക്കും. വാരം വയലിൽ 1.1 കോടിയുടെയും ചാലത്തോടിൽ 72 ലക്ഷത്തിന്റെയും തോട്ടട തോടിൽ 1.77 കോടിയുടെയും പ്രവൃത്തികൾ ഏറെക്കുറെ പൂർത്തിയായി.
പയ്യാമ്പലം നീർച്ചാൽ സീ ഔട്ട്‌ലെറ്റിന്‌ എട്ടുകോടിയാണ്‌ ചെലവഴിക്കുക. കടലിൽനിന്ന്‌ മണൽകയറി അഴിമുഖം അടഞ്ഞുപോകാതിരിക്കാനുള്ള നിർമാണമാണിവിടെ.  
മഴക്കാലത്തെ വെള്ളക്കെട്ട്‌ ഒഴിവാകും
പുഴയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക്‌ സ്വഭാവികമാക്കുന്നതിലൂടെ മഴക്കാലത്ത്‌ വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനും മറ്റും കഴിയുമെന്നത്‌ നഗരവാസികൾക്കും കച്ചവടസ്ഥാപനങ്ങൾക്കും ഗുണമാകും. പദ്ധതികൾ നേടിയെടുക്കുന്നതിലും നടപ്പാക്കുന്നതിലും മികവുറ്റ  ഇടപെടലാണ്‌ കണ്ണൂർ കോർപറേഷൻ നടത്തിയത്‌. 2018 ൽ സംസ്ഥാനത്ത്‌ മൂന്നാം സ്ഥാനത്തും 2017ൽ രണ്ടാം സ്ഥാനത്തുമെത്താൻ കണ്ണൂരിന്‌ കഴിഞ്ഞത്‌ പദ്ധതി നിർവഹണത്തിലെ സമഗ്രതയാണ്‌. വികസനമുരടിപ്പെന്ന പേരിൽ യുഡിഎഫ്‌ നൽകിയ അവിശ്വാസപ്രമേയ നോട്ടീസ്‌ ചർച്ചയ്‌ക്കെടുക്കുമ്പോൾ കോർപറേഷന്റെ മുഖഛായ മാറ്റിയ വികസന നേട്ടങ്ങൾ ജനങ്ങളുടെ മുന്നിലുണ്ടാകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top