22 September Sunday
റീ കണക്ട്‌ കേരള

പ്രളയമേഖലയിൽ കെഎസ്‌ഇബി കർമസേനയെത്തി

സ്വന്തംലേഖകൻUpdated: Wednesday Aug 14, 2019
കണ്ണൂർ
പ്രളയബാധിതമേഖലയിലെ വൈദ്യുതി പുനഃസ്ഥാപിക്കാൻ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ജില്ലയിലെത്തിയ കെഎസ്‌ഇബി  കർമസേന പ്രവൃത്തി തുടങ്ങി. തിരുവനന്തപുരത്ത്‌ നിന്ന് 45 പേരും കൊല്ലത്ത്‌ നിന്ന്  33 പേരുമാണ് ചൊവ്വാഴ്‌ച രാവിലെ കണ്ണൂരിലെത്തിയത്. ഇവരെ കേളകം, മട്ടന്നൂർ, ഇരിട്ടി, ചപ്പാരപ്പടവ്, ആലക്കോട്, ചെറുപുഴ, കൊളച്ചേരി, മയ്യിൽ എന്നിവിടങ്ങളിലേക്ക് അയച്ചു. പൊട്ടിവീണ പോസ്റ്റ് മാറ്റൽ, ലൈൻ പുനഃസ്ഥാപിക്കൽ,  തകരാറിലായ ട്രാൻസ്ഫോർമർ  മാറ്റൽ, വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് ചെയ്യുന്നത്. വെള്ളം ഇറങ്ങിയ എല്ലാ സ്ഥലങ്ങളിലും മൂന്നുദിവസം കൊണ്ട് വൈദ്യുതിയെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. വയറിങ്‌ തകരാറിലായി ചാർജ് ചെയ്യാൻ പറ്റാത്ത സ്ഥലങ്ങളിൽ ഒരു പോയിന്റുള്ള സർവീസ് കണക്ഷൻ എൽഇഡി ലൈറ്റ് ഉൾപ്പെടെ സ്ഥാപിച്ച്   വെളിച്ചമെത്തിക്കും. ഷോക്കുണ്ടായാൽ ഉടൻ വൈദ്യുതി വിച്ഛേദിക്കുന്ന ഇഎൽസിബിയും സ്ഥാപിക്കും. ബുധനാഴ്‌ച പാലക്കാട് നിന്നും എറണാകുളത്ത് നിന്നും കൂടുതൽ സംഘങ്ങളെത്തും. ശ്രീകണ്‌ഠപുരം, ചെങ്ങളായി ഉൾപ്പെടെ കനത്തനാശമുണ്ടായ മേഖലകളിലേക്ക്‌  ബുധനാഴ്‌ച പ്രത്യേക സംഘത്തെ അയക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top