21 September Saturday

ഭാഗികമായി തകർന്ന വീടുകള്‍ ഉടൻ വാസയോഗ്യമാക്കും: മന്ത്രി ഇ പി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019
കണ്ണൂർ
പ്രളയക്കെടുതികളിൽ ഭാഗികമായി തകർന്ന വീടുകൾ വാസയോഗ്യമാക്കാനും പകർച്ചവ്യാധി സാധ്യത തടയാനുമാകണം അടിയന്തര ശ്രദ്ധയെന്ന്‌ മന്ത്രി ഇ പി ജയരാജൻ നിർദേശിച്ചു. പ്രളയ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പങ്കാളിത്തത്തോടെ പകുതിയിലേറെ വീടുകൾ ഇതിനകം വൃത്തിയാക്കി. ബാക്കി വീടുകൾ രണ്ടുദിവസത്തിനകം ശുചീകരിക്കും. വീടുകൾ പൂർണമായി നഷ്ടപ്പെട്ടവരെയും  വാസയോഗ്യമല്ലാതായവരെയും താമസിപ്പിക്കാൻ ഫ്ലാറ്റുകളിലോ കെട്ടിടങ്ങളിലോ താൽകാലിക സംവിധാനം ഒരുക്കും. മഴക്കെടുതിയിൽ ജീവൻ നഷ്ടമായവരുടെ ബന്ധുക്കൾക്കും വീടുകൾ, കടകൾ, കൃഷി, വളർത്തുമൃഗങ്ങൾ തുടങ്ങിയവ നഷ്ടമായവർക്കും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കും. വീടുകളിലെയും കടകളിലെയും ചെളിയും മറ്റും നീക്കാനും  മാലിന്യങ്ങൾ സംസ്‌കരിക്കാനും തദ്ദേശ സ്ഥാപനതലത്തിൽ സംവിധാനം ഏർപ്പെടുത്തണം. പ്രളയബാധിത മേഖലയിലെ കിണറുകൾ മാലിന്യമുക്തമാക്കണം. ഇവ പൂർണമായും ഉപയോഗയോഗ്യമാവുന്നതുവരെ കുടിവെള്ള വിതരണത്തിന് സംവിധാനമൊരുക്കും. തകർന്ന റോഡുകൾ താൽകാലികമായി ഗതാഗത യോഗ്യമാക്കാൻ സംവിധാനമൊരുക്കണം. പാലങ്ങൾ തകർന്ന സ്ഥലങ്ങളിൽ താൽകാലിക പാലങ്ങൾ നിർമിക്കണം. പ്രളയബാധിത സ്‌കൂളുകളുടെ ഫിറ്റ്‌നസ് പരിശോധിച്ച ശേഷമേ തുറന്നുപ്രവർത്തിക്കാവു. നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ, ആധാർ–- റേഷൻ കാർഡുകൾ തുടങ്ങിയവ ലഭ്യമാക്കാൻ താലൂക്കുതല അദാലത്ത്‌ നടത്തണം. പ്രളയമുഖത്ത് മാതൃകാ പ്രവർത്തനങ്ങളാണ് ജില്ലാ ഭരണസംവിധാനവും വിവിധ വകുപ്പുകളും ജനങ്ങളും ചേർന്ന് നിർവഹിച്ചതെന്നും മന്ത്രി പറഞ്ഞു.  ക്യാമ്പുകളിൽ പരാതിക്കിടയില്ലാത്തവിധം മികച്ച സൗകര്യങ്ങളൊരുക്കി. ക്യാമ്പുകളിൽ കഴിഞ്ഞവർക്ക്‌ പുറമെ ബന്ധുവീടുകളിലും മറ്റും മാറിത്താമസിച്ചവർക്കും അവശ്യ സാധനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാനും പുഴകളിലും മറ്റും അടിഞ്ഞ മണലും മരങ്ങളും നീക്കം ചെയ്യാനും കലക്ടർ ടി വി സുഭാഷ് നിർദേശം നൽകി.  കെടുതിയിലകപ്പെട്ട ആദിവാസി ജനവിഭാഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രത്യേക പരിഗണന നൽകണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി സുമേഷ്, എഡിഎം ഇ പി മേഴ്സി, ഡെപ്യൂട്ടി കലക്ടർ(ഡിഎം)  എൻ കെ അബ്രഹാം തുടങ്ങിയവരും സംബന്ധിച്ചു.

 

പ്രധാന വാർത്തകൾ
 Top