16 September Monday

കണ്ണീരൊപ്പണം... എന്റെ കണ്ണൂരിന്റെ

സ്വന്തം ലേഖകൻUpdated: Wednesday Aug 14, 2019
കണ്ണൂർ
മൂന്നും നാലും പേരടങ്ങുന്ന സംഘങ്ങൾ. വാട്‌സ്‌ആപ്‌ അടക്കമുള്ള നവമാധ്യമങ്ങളിലൂടെ ചങ്ങാതികളായവർ. പ്രളയത്തിന്റെ നഖമുനകൾ സൃഷ്ടിച്ച മുറിവുണക്കാൻ, ഉള്ളുരുകുന്ന നഷ്ടങ്ങളിൽ കൈത്താങ്ങാകാൻ എത്തുന്നവരാണിപ്പോൾ കലക്ടറേറ്റിനെ സജീവമാക്കുന്നത്‌. വാഹനങ്ങളിലും മറ്റും സാധനങ്ങളുമായെത്തുന്നവർ. അവ പാക്ക്‌ ചെയ്യാനും ദുരിത ബാധിതർക്കെത്തിക്കാനും  ഒരുപട തന്നെയുണ്ടിവിടെ.   
 ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള വിഭവ സമാഹരണത്തിന്‌  നാലാം ദിനവും മികച്ച പ്രതികരണം. കലക്‌ഷൻ സെന്ററിൽ എത്തുന്ന സാധനങ്ങൾ  തരം തിരിക്കാനും പാക്ക്‌ ചെയ്യാനും ജീവനക്കാരും  ചെറുപ്പക്കാരും വിദ്യാർഥികളും കൈമെയ്‌ മറക്കുകയാണ്‌. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് സാന്ത്വനമായി ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിൻ, സോപ്പ്, ബക്കറ്റ്, മെഴുകുതിരി...  സഹായങ്ങൾ പ്രവഹിക്കുകയാണ്. ആയിരത്തിലേറെ കിറ്റുകളാണ് ചൊവ്വാഴ്ച മാത്രം കലക്ടറേറ്റിലെത്തിയത്. സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങി  നാനാതുറകളിലുള്ളവർ അവശ്യസാധനങ്ങളുമായി ഇവിടെയെത്തുന്നു. 
സപ്ലൈകോ കണ്ണൂർ ഡിപ്പോയിലെ ജീവനക്കാർ സമാഹരിച്ച വിഭവങ്ങൾ കലക്ടർ ടി വി സുഭാഷ് ഏറ്റുവാങ്ങി. 650 രൂപയുടെ 100 കിറ്റുകളാണ് സപ്ലൈകോ സമാഹരിച്ച് നൽകിയത്. അരി, പഞ്ചസാര, ചായപ്പൊടി, മുളക് പൊടി, ഉപ്പ്, തുവരപ്പരിപ്പ്, മല്ലിപ്പൊടി, ചെറുപയർ, വെളിച്ചെണ്ണ, ബിസ്‌കറ്റ്, അവിൽ, പുളി, കടല, മഞ്ഞൾപ്പൊടി എന്നീ സാധനങ്ങളടങ്ങിയതാണ് കിറ്റുകൾ. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡുമായി ചേർന്ന് ആസൂത്രണ സമിതി ജീവനക്കാർ സമാഹരിച്ച 50 കിറ്റുകൾ ജില്ലാ പ്ലാനിങ്‌ ഓഫീസർ കെ പ്രകാശൻ കലക്ടർക്ക്‌ കൈമാറി. 
ഉപജില്ലാ വിദ്യാഭ്യാസ ഒഫീസുകളുടെ നേതൃത്വത്തിൽ എച്ച്‌എം ഫോറം സ്വരൂപിച്ച 155 കിറ്റുകളും, ഇന്ത്യൻ ഓയിൽ കോർപറേഷന്റെ 250 കിറ്റുകളും കണ്ണൂർ നോർത്ത്  എഇഒ സ്വരൂപിച്ച 100 കിറ്റുകളും നൽകി. വിവിധ മേഖലകളിലുള്ളവർ വിഭവസമാഹരണത്തിൽ പങ്കാളികളായി. ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി തലശേരി താലൂക്കിൽ 475ഉം  ഇരിട്ടിയിൽ 280ഉം തളിപ്പറമ്പിൽ 481ഉം കിറ്റുമാണ് ചൊവ്വാഴ്ച കലക്ടറേറ്റിൽനിന്ന്  നൽകിയത്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top