20 June Sunday

ഇനി യോഗം ഡിജിറ്റൽ ഹാളിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
കണ്ണൂർ
ജില്ലാ പഞ്ചായത്ത്‌ ഓഫീസിൽ അത്യാധുനിക സൗകര്യങ്ങളോടെ  ഡിജിറ്റൽ മീറ്റിങ്‌ ഹാൾ തുറന്നു. 500 പേർക്ക്‌ ഇരിക്കാനുള്ള സൗകര്യത്തോടെ നവീകരിച്ച ഓഡിറ്റോറിയം, റസിഡൻഷ്യൽ ബ്ലോക്ക്, ആധുനിക രീതിയിൽ സജ്ജമാക്കിയ രണ്ട് റിക്കാർഡ് മുറികൾ  എന്നിവയുടെ ഉദ്‌ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിച്ചു.
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികേന്ദ്രീകൃത ആസൂത്രണത്തെ ശക്തിപ്പെടുത്താൻ പുതിയ സംവിധാനങ്ങൾ ഉതകുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
തനതുഫണ്ടുപയോഗിച്ച്  തയ്യാറാക്കിയ ബഹുവർഷ പ്രോജക്ടിന്റെ ഭാഗമായാണ്  നിർമാണ പ്രവൃത്തി. 4.9 കോടി രൂപ ചെലവിലാണ് നിർമാണം.  പൂർണമായി ഡിജിറ്റലൈസ് ചെയ്തതും ശീതീകരിച്ചതുമാണ്‌ ഹാൾ. പ്രസിഡന്റിനും സ്ഥിരം സമിതി അധ്യക്ഷന്മാർക്കും  ഇരിക്കുന്നതിനുള്ള ഡയസ്സും  ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്കും ഇരിപ്പിടത്തിൽ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകളും മൈക്കുകളുമുണ്ട്. നിർവഹണ ഉദ്യോഗസ്ഥർക്കും മാധ്യമ പ്രതിനിധികൾക്കും പ്രത്യേക ഇരിപ്പിടവും രണ്ട് പൊതു ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകളുമുണ്ട്. പേപ്പർരഹിത യോഗസംവിധാനം നടപ്പാക്കുകയാണ്  ലക്ഷ്യം. 
റിക്കാർഡ് റൂമുകളുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി   ജില്ലാ പഞ്ചായത്ത്   ഓഫീസിനും എൽഎസ്ജിഡി എൻജിനിയറിങ്‌  വിഭാഗത്തിനുമായി  ഐഎസ്ഒ സ്‌പെസിഫിക്കേഷൻ പ്രകാരമുളളതാണ്‌  ആധുനിക രീതിയിലുള്ള റിക്കാർഡ് റൂമുകൾ. 
ജില്ലാ പഞ്ചായത്ത് അംഗങ്ങൾ മാത്രം പങ്കെടുത്ത്‌  കോവിഡ്19 പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരുന്നു ഉദ്ഘാടനച്ചടങ്ങ്.  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, വൈസ് പ്രസിഡന്റ് പി പി ദിവ്യ, വിവിധ  പാർടികളെ പ്രതിനിധീകരിച്ച് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു, അംഗങ്ങളായ തോമസ് വർഗീസ്, കെ നാണു, അൻസാരി തില്ലങ്കേരി, ജോയ് കൊന്നക്കൽ, സെക്രട്ടറി വി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top