24 July Saturday

നിയമന വിവാദം വസ്തുതാവിരുദ്ധം

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021
പയ്യന്നൂർ 
പയ്യന്നൂർ നഗരസഭ ഗവ. താലൂക്ക് ആശുപത്രിയിൽ എൻഎച്ച്എം വഴി ബന്ധുനിയമനം നടത്തിയെന്ന  യുഡിഎഫ്  പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് നഗരസഭാ ചെയർമാൻ കെ വി ലളിത പ്രസ്താവനയിൽ അറിയിച്ചു. ആരോഗ്യരംഗത്ത് സംസ്ഥാനത്തിന്‌  മാതൃകയാണ് പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രി. കോവിഡ് ചികിത്സയിലും- പ്രതിരോധത്തിലും വാക്സിനേഷനിലും  രാപകലില്ലാത്ത പ്രവർത്തനമാണ് നടത്തുന്നത്‌.
  ബന്ധുനിയമനം എന്നപേരിൽ  കഴിഞ്ഞ ഏതാനും ദിവസമായി  തെറ്റിദ്ധാരണപരത്തുകയാണ്‌ യുഡിഎഫുകാർ. കോവിഡ്‌ പ്രതിരോധ, ചികിത്സാ പ്രവർത്തനങ്ങൾക്കായി താൽക്കാലികമായി കോവിഡ് ബ്രിഗേഡ് വഴി ഏകീകൃത സംവിധാനത്തിൽ ജില്ലാടിസ്ഥാനത്തിലാണ്  നിയമനം നടത്തുന്നത്‌. പയ്യന്നൂർ താലൂക്ക് ആശുപത്രിക്കോ  നഗരസഭക്കോ  കോവിഡ് ബ്രിഗേഡിൽനിന്ന് നേരിട്ട്‌ ജീവനക്കാരെ നിയമിക്കാൻ കഴിയില്ല.  ഓരോ വിഭാഗത്തിലും ആവശ്യമുള്ള ജീവനക്കാരുടെ എണ്ണം അറിയിച്ചാൽ കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്തവരിൽനിന്നുമാണ് നിയമനം.  ജീവനക്കാരെ നിയമിക്കുമ്പോൾ അവർക്ക് ജോലി ചെയ്യാനുള്ള ക്രമീകരണം ഒരുക്കാനുള്ള ഉത്തരവാദിത്തമാണ് സ്ഥാപനങ്ങൾക്ക്‌.
    കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് പത്രങ്ങളിലൂടെയും  മറ്റ് മാധ്യമങ്ങളിലൂടെയും 2021 ഏപ്രിലിൽ സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.  പല വിഭാഗങ്ങളിലും കോവിഡ് ഡ്യൂട്ടിക്കായി  രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ കുറവ് കാരണം  നിയമനം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. കണ്ണൂർ ജില്ലയിൽ കോവിഡ് ബ്രിഗേഡിലേക്ക് രജിസ്റ്റർ ചെയ്യാൻ ഇപ്പോഴും അവസരം നിലവിലുണ്ട്. വസ്തുത ഇതായിരിക്കെ ആശുപത്രി ജീവനക്കാരുടെ ആത്മാർഥമായ പ്രവർത്തനങ്ങളെ അവഹേളിക്കാനും  പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നും കെ വി ലളിത അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top