18 July Thursday
ഗതാഗതക്കുരുക്ക‌് അന്യമാകുന്നു

കണ്ണൂരിന‌് 7 മേൽപ്പാലങ്ങൾകൂടി

പ്രത്യേക ലേഖകൻUpdated: Friday Jun 14, 2019
കണ്ണൂർ
ജില്ലയിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ഏഴ‌് റോഡ‌് മേൽപ്പാലങ്ങൾകൂടി. കേന്ദ്ര ഗവൺമെന്റുമായും റെയിൽവേയുമായും ധാരണാപത്രം ഒപ്പുവയ‌്ക്കാൻ വ്യാഴാഴ‌്ച മന്ത്രിസഭാ യോഗം  കേരള റെയിൽവേ വികസന കോർപറേഷന‌് അനുമതി നൽകി.  27 മേൽപ്പാലങ്ങളിൽ ഏഴും കണ്ണൂർ ജില്ലയിൽ. ഇക്കാര്യത്തിൽ മുമ്പൊരിക്കലുമില്ലാത്ത പരിഗണനയാണ‌്  സംസ്ഥാന സർക്കാർ കണ്ണൂരിനു നൽകിയത‌്. 
മാഹി –- തലശേരി സ‌്റ്റേഷനുകൾക്കിടയിലുള്ള ജഗന്നാഥ ടെമ്പിൾ ഗേറ്റ‌് (ലെവൽ ക്രോസ‌് നമ്പർ 225), തലശേരി –- എടക്കാട‌് സ‌്റ്റേഷനുകൾക്കിടയിലെ മുഴപ്പിലങ്ങാട‌് ബീച്ച‌് (234), എടക്കാട‌് –- കണ്ണൂർ  സ‌്റ്റേഷനുകൾക്കിടയിലെ ചൊവ്വ സ‌്പിന്നിങ‌് മിൽ (240), കണ്ണൂർ –- വളപട്ടണം സ‌്റ്റേഷനുകൾക്കിടയിലെ പന്നേൻപാറ (244), പാപ്പിനിശേരി –- കണ്ണപുരം സ‌്റ്റേഷനുകൾക്കിടയിലെ ചൈനാക്ലേ റോഡ‌് (252), കണ്ണപുരത്തിനും പഴയങ്ങാടിക്കും ഇടയിലുള്ള ചെറുകുന്ന‌് കോൺവെന്റ‌് ഗേറ്റ‌് (253), പഴയങ്ങാടിക്കും പയ്യന്നൂരിനും ഇടയിൽ ഏഴിമല റെയിവേ സ‌്റ്റേഷൻ (259) എന്നിവയാണ‌് റെയിൽവേ വികസന കോർപറേഷൻ പുതുതായി നടപ്പാക്കുന്ന മേൽപ്പാലങ്ങൾ.  ആദ്യമായാണ‌് ഇത്രയും മേൽപ്പാലങ്ങൾ ഒരുമിച്ചു നിർമിക്കാൻ തീരുമാനമാകുന്നത‌്. 
തലശേരി ജഗന്നാഥ ക്ഷേത്രത്തിനു സമീപത്തെ  റെയിൽവേ ഗേറ്റ‌് ഒഴിവാകുന്നത‌് ഈ മേഖലയിലുണ്ടാക്കുന്ന ആഹ്ലാദം ചെറുതല്ല. ഓരോ മിനിറ്റിലും നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ പാതയാണിത‌്. അടിക്കടി ഗേറ്റ‌് അടയുന്നതുമൂലം യാത്രക്കാർക്കുണ്ടാകുന്ന ദുരിതം വിവരണാതീതം. സംസ്ഥാനത്തെ തന്നെ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമായി  വികസിക്കുന്ന മുഴപ്പിലങ്ങാട‌് ബീച്ചിനോടു ചേർന്ന റെയിൽവേ ഗേറ്റ‌് ഒഴിവാകുന്നതും വലിയ ആശ്വാസമാകും. ബീച്ചിലേക്കുള്ള സഞ്ചാരികൾക്കൊപ്പം ഈ പ്രദേശത്തെ താമസക്കാരും വർഷങ്ങളായി ആഗ്രഹിക്കുന്നതാണ‌് ഇവിടെയൊരു മേൽപ്പാലം. 
കണ്ണൂർ മരക്കാർകണ്ടി വഴിയുള്ള നിർദ്ദിഷ്ട ബൈപ്പാസ‌് കൂടി ഉദ്ദേശിച്ചാണ‌്  താഴെചൊവ്വ സ‌്പിന്നിങ‌് മില്ലിനു സമീപത്തെ റെയിൽവേ ലെവൽ ക്രോസിൽ മേൽപ്പാലം നിർദ്ദേശിക്കപ്പെട്ടത‌്. 
കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന‌്  വലിയതോതിൽ പരിഹാരം കാണുന്നതാണ‌് ഈ പദ്ധതി. കണ്ണൂർ പള്ളിക്കുന്നിലെ പന്നേൻപാറ മേൽപ്പാലവും നാടിന്റെ ചിരകാല ആവശ്യമാണ‌്. ദിവസേന ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ലെവൽക്രോസാണിത‌്.   
കണ്ണപുരം  ചൈനാക്ലേ റോഡ‌്, ചെറുകുന്ന‌് തറ ടൗണിനോടു ചേർന്ന കോൺവെന്റ‌് ഗേറ്റ‌്, ഏഴിമല റെയിൽവേ സ‌്റ്റേഷൻ എന്നിവിടങ്ങളിലെ മേൽപ്പാലങ്ങളും ജനങ്ങൾ വർഷങ്ങളായി ആവശ്യപ്പെട്ടുവരുന്നവയാണ‌്. ഈ മേഖലയുടെ വികസനത്തിലും നിർദിഷ്ട മേൽപ്പാലങ്ങൾ  നാഴികക്കല്ലാകും.
പ്രധാന വാർത്തകൾ
 Top