17 September Tuesday

സ്‌കൂളുകള്‍ പരിസരത്തെ ഫ്ളക്സ് ബോര്‍ഡുകള്‍ ഉടൻ നീക്കണം

സ്വന്തം ലേഖകൻUpdated: Friday Jun 14, 2019

കണ്ണൂർ

ജില്ലയിലെ സ്‌കൂളുകളിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോർഡുകൾ ഉടൻ നീക്കണമെന്ന‌്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ആവശ്യപ്പെട്ടു. അപകടഭീഷണിയുയർത്തുന്ന മരങ്ങൾ  മുറിച്ചുമാറ്റണം.  പഞ്ചായത്ത്തലത്തിൽ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇതിനായി സമിതി നിലവിലുണ്ട്. കഴിഞ്ഞവർഷത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വകുപ്പുകളും ജാഗ്രതയോടുകൂടി പ്രവർത്തിക്കണം. ജില്ലാ ആസൂത്രണസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു സുമേഷ‌്. 
യോഗത്തിൽ 22 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  വാർഷിക പദ്ധതി ഭേദഗതികൾ യോഗം  അംഗീകരിച്ചു.  കല്യാശേരി, പയ്യന്നൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ്, എടക്കാട്  എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെയും നാറാത്ത്, ന്യൂമാഹി, പെരളശേരി, ചൊക്ലി, പാട്യം, കരിവെള്ളൂർ-പെരളം, കല്യാശ്ശേരി, കണിച്ചാർ, പന്ന്യന്നൂർ, മൊകേരി, പിണറായി, പാപ്പിനിശേരി, ഉളിക്കൽ, എരമം-–- കുറ്റൂർ, കാങ്കോൽ–-ആലപ്പടമ്പ‌്, രാമന്തളി, മലപ്പട്ടം  പഞ്ചായത്തുകളുടെയും പദ്ധതി ഭേദഗതികൾക്കാണ് അംഗീകാരം നൽകിയത്. 
അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ആന്തൂർ, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ, പാനൂർ, തലശേരി, കൂത്തുപറമ്പ് എന്നീ നഗരസഭകൾ നടപ്പിലാക്കുന്ന പദ്ധതികളും ആന്തൂർ, തളിപ്പറമ്പ്, മട്ടന്നൂർ എന്നീ നഗരസഭകളുടെയും കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും നീർത്തട മാസ്റ്റർ പ്ലാനുകളും   അംഗീകരിച്ചു. 
യോഗത്തിൽ  കണ്ണൂർ കോർപ്പറേഷൻ മേയർ ഇ പി ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ കെ പി ജയബാലൻ, വി കെ സുരേഷ് ബാബു, ടി ടി റംല, ആസൂത്രണസമിതി അംഗങ്ങളായ എം സുകുമാരൻ, പി ഗൗരി, പി ജാനകി, പി കെ ശ്യാമള, കെ വി ഗോവിന്ദൻ,  ജില്ലാ പ്ലാനിങ‌്  ഓഫീസർ കെ പ്രകാശൻ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top