25 May Wednesday

വികസനത്തിന്‌ വഴികാട്ടി മലയോര ഗ്രാമസഭ

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

മലയോര ഗ്രാമസഭ പയ്യാവൂരിൽ പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ

ദുരന്തനിവാരണ പുനരധിവാസ കേന്ദ്രം, ടൂറിസം സർക്യൂട്ട്‌, കായിക അക്കാദമി തുടങ്ങി മലയോരമേഖലയുടെ സർവതോന്മുഖമായ വികസനചർച്ചയ്‌ക്ക്‌ ദിശാബോധം നൽകി മലയോര ഗ്രാമസഭ. ‘നവകേരളത്തിനായി ജനകീയാസൂത്രണം’ 14ാം പഞ്ചവൽസര പദ്ധതിയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്താണ്‌ മലയോര ഗ്രാമസഭ സംഘടിപ്പിച്ചത്‌. പയ്യാവൂർ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു. മലയോര പ്രദേശങ്ങളിലെ വിവിധ സാധ്യതകളെ  പ്രയോജനപ്പെടുത്തി പദ്ധതികൾ തയ്യാറാക്കാനായിരുന്നു ഗ്രാമസഭ ചേർന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ ടി ഗംഗാധരൻ  വികസന സമീപനവും കാഴ്ചപ്പാടും അവതരിപ്പിച്ചു. തുടർന്ന് ബ്ലോക്ക് പഞ്ചായത്തടിസ്ഥാനത്തിൽ കാർഡ് പദ്ധതി നിർദേശങ്ങളുടെ അവതരണവും നടന്നു.  
 കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില ലഭിക്കാതിരിക്കൽ, ഉൽപന്നങ്ങളുടെ വിപണനവും സംഭരണവും, കൃഷിഭൂമിയുടെ തുണ്ടുവൽക്കരണം, വന്യമൃഗങ്ങളുടെ ആക്രമണം, ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത, സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ തുടങ്ങിവ  ഗ്രാമസഭയിൽ ഗൗരവമുള്ള ചർച്ചയ്‌ക്ക്‌ വിധേയമായി.
പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്‌, ചെറുപുഴ, ചെങ്ങളായി ചപ്പാരപ്പടവ്, നടുവിൽ , ഉദയഗിരി, ആലക്കോട്, എരുവേശ്ശി, പയ്യാവൂർ പടിയൂർ, ഉളിക്കൽ, ആറളം, അയ്യൻകുന്ന് പായം, കണിച്ചാർ,  കൊട്ടിയൂർ,  മുഴക്കുന്ന്, കോളയാട്, പേരാവൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്‌ ഗ്രാമസഭയിൽ പങ്കാളിയായത്‌. ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ്‌ ബിനോയ് കുര്യൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി എം കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി സി ജോഷി,  സാജു സേവ്യർ, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, വി കെ സുരേഷ് ബാബു, കെ കെ രത്നകുമാരി, ടി സരള എന്നിവർ  സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top