25 May Wednesday

കുപ്പിക്കഴുത്തുപോലുള്ള പാതയിൽ കുരുക്ക്‌ തീർക്കും ഇന്ധന ക്യൂ

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022
തലശേരി
ദേശീയപാതയിൽ മാഹി ടൗൺ കടക്കാൻ കാത്തിരുന്ന്‌ മടുക്കുകയാണ്‌ വാഹനങ്ങൾ. മാഹിപ്പാലം മുതൽ പൂഴിത്തലവരെയുള്ള ഒന്നരകിലോമീറ്ററിലാണ്‌ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക്‌.  മാഹി ടൗണിലെ പെട്രാൾ പമ്പുകളിലെത്തുന്ന വാഹനങ്ങളുടെ നിരയാണ്‌ ഗതാഗത സ്‌തംഭനത്തിന്‌ പ്രധാനകാരണം. കേരളത്തെ അപേക്ഷിച്ച്‌ വിലക്കുറവായതിനാൽ വാഹനങ്ങൾ ഫുൾ ടാങ്ക്‌ അടിച്ചാണ്‌ മാഹി കടക്കുന്നത്‌. 
അരഡസൻ പെട്രോൾ പമ്പുകൾ ഇവിടെയുണ്ട്‌. 
പമ്പുകളിലെ ക്യൂ റോഡിലേക്ക്‌ നീളുന്നതോടെ വാഹനങ്ങൾ ഇരുഭാഗത്തും കുടുങ്ങുന്നു. ആംബുലൻസുകൾക്കുപോലും കടന്നുപോകാൻ സാധിക്കുന്നില്ല. പൂഴിത്തല മുതൽ മാഹി ആശുപത്രികവലവരെയുള്ള ദേശീയപാതയിൽ കഷ്ടിച്ച്‌ രണ്ടുവാഹനങ്ങൾക്ക്‌ കടന്നുപോവാനുള്ള വീതിയേ ഉള്ളൂ. കുപ്പിക്കഴുത്ത്‌ പോലുള്ള റോഡിലാണ്‌ ഇന്ധനക്യൂ തീർക്കുന്ന  കുരുക്ക്‌. 
നിയന്ത്രിക്കാൻ പൊലീസുമില്ല
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ടൗണിലെ ട്രാഫിക്‌ നിയന്ത്രണത്തിനാവട്ടെ മതിയായ പൊലീസുമില്ല. നേരാംവണ്ണം വാഹനങ്ങൾക്ക്‌ കയറി ഇന്ധനമടിക്കാൻ സൗകര്യമില്ലാത്തതാണ്‌ മാഹിപ്പാലം മുതൽ പൂഴിത്തലവരെയുള്ള പമ്പുകളിൽ ബഹുഭൂരിപക്ഷവും. ഒരു ബസ്‌ കയറിയാൽ മറ്റു വാഹനങ്ങൾ റോഡിൽ നിർത്തണം. ഇതോടെ മറ്റു വാഹനങ്ങൾക്ക്‌ കടന്നുപോകാൻ സാധിക്കില്ല. പുതുച്ചേരി സർക്കാരിന്റെ പ്രധാന വരുമാനമാർഗമാണ്‌ പെട്രോളിയം ഉൽപ്പന്നവും  മദ്യവും.
കുരുക്കിന്‌ അറുതിവേണം
ദേശീയപാതയിലെ ഗതാഗതക്കുരുക്ക്‌ കാരണം അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ടുപോവുന്ന ആംബുലൻസുകൾപോലും മണിക്കൂറുകൾ ട്രാഫിക്‌ കുരുക്കിൽപ്പെടുകയാണെന്ന്‌ ഡിവൈഎഫ്‌ഐ മാഹി മേഖലാ കമ്മിറ്റി റീജണൽ അഡ്‌മിനിസ്‌ട്രേറ്റർക്ക്‌ നൽകിയ നിവേദനത്തിൽ പറഞ്ഞു. ട്രാഫിക്‌ നിയന്ത്രണത്തിന്‌ മതിയായ പൊലീസ്‌ സൗകര്യം ഏർപ്പെടുത്തണം–-  ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top