26 August Monday

എടിവിഎം കൗണ്ടറും പൂട്ടി ടിക്കറ്റിന്‌ പരക്കംപാഞ്ഞ‌് യാത്രക്കാർ

സ്വന്തം ലേഖകന്‍Updated: Tuesday May 14, 2019
കണ്ണൂർ
ടിക്കറ്റ് കൗണ്ടറിന്റെ എണ്ണം കുറച്ചതിന് പിന്നാലെ എടിവിഎം കൗണ്ടറും പൂട്ടി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രാടിക്കറ്റിനായി യാത്രക്കാർ പരക്കംപായുന്നു.  പാലക്കാട് ഡിവിഷനിലെ പ്രധാന എ വൺ ഗ്രേഡ് സ്റ്റേഷനാണ് കണ്ണൂർ. പതിനായിരക്കണക്കിന് യാത്രക്കാർ നിത്യേന എത്തുന്ന സ്റ്റേഷനിൽ നേരത്തെ പ്രധാന ഭാഗത്ത് നാല് ടിക്കറ്റ് കൗണ്ടറും കിഴക്ക് ഭാഗത്ത് രണ്ട് കൗണ്ടറും പ്രവൃത്തിച്ചിരുന്നു. ഇപ്പോൾ പ്രധാന ഭാഗത്ത‌് രണ്ടും കിഴക്ക് ഭാഗത്ത് ഒരു ടിക്കറ്റ് കൗണ്ടറും മാത്രമാണ് പ്രവർത്തിക്കുന്നത്. നാല് എവിഎം ടിക്കറ്റ് കൗണ്ടറും പൂട്ടി. 10 ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുമ്പോൾതന്നെ മണിക്കൂറുകൾ യാത്രക്കാർ ക്യു നിൽക്കണം. ഇപ്പോൾ ആകെ മൂന്ന് കൗണ്ടർമാത്രമാണ് പ്രവർത്തിക്കുന്നത്. രാവിലെ ആറുമുതൽ ഒമ്പതുവരെയും പകൽ ഒന്നുമുതൽ മൂന്നുവരെയും വൈകിട്ട് നാലു മുതൽ ഏഴുവരെയുമാണ് യാത്രക്കാരുടെ തിരക്ക് കൂടുതൽ. കണ്ണൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകൾ ഉൾപ്പെടെ നിരവധി ട്രെയിനുകളുള്ള സമയമാണിത്. പലപ്പോഴും മണിക്കൂറുകൾ കാത്തുനിന്ന് ടിക്കറ്റ് ലഭിക്കാതെ യാത്ര മുടങ്ങുന്നവരുണ്ട്. ചിലർ ടിക്കറ്റില്ലാത്തെ യാത്ര ചെയ്യാനും നിർബന്ധിതരാവുന്നു. കൗണ്ടർ പ്രവർത്തിക്കാൻ കൂടുതൽ ജീവനക്കാരെ നിശ്ചയിച്ചാൽ അവർക്ക് ശമ്പളം കൊടുക്കുന്നതിനേക്കാൾ തുക യാത്രക്കാർ ടിക്കറ്റ് എടുക്കാത്തത് കാരണം റെയിൽവേക്ക് നഷ്ടമാകുന്നുണ്ട്. സീസൺ ടിക്കറ്റ് യാത്രക്കാർ, കന്റോൺമെന്റിൽനിന്ന് യാത്ര ചെയ്യുന്ന പാസ്സുള്ള പട്ടാളക്കാർ ഇവർക്കെല്ലാം ടിക്കറ്റ് വിതരണം ചെയ്യാൻ കൂടുതൽ സമയം വേണം. ഇത്തരം ടിക്കറ്റ് നൽകാൻ പ്രത്യേക കൗണ്ടറുമില്ല.
പ്രധാന വാർത്തകൾ
 Top