25 May Monday

കുട്ടികൾക്ക്‌ സുരക്ഷയേകാൻ ‘കവച’മൊരുങ്ങി

സ്വന്തം ലേഖികUpdated: Tuesday Jan 14, 2020

ജനമൈത്രി പൊലീസ്‌ നടപ്പാക്കുന്ന ‘കവചം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക്‌. മന്ത്രി കെ കെ ശൈലജ, കണ്ണൂർ ഡിഐജി കെ സേതുരാമൻ എന്നിവർ സമീപം

കണ്ണൂർ

കുട്ടികൾക്ക്‌ സുരക്ഷയേകാൻ  ജനമൈത്രി പൊലീസ്‌ നടപ്പാക്കുന്ന ‘കവചം’ പദ്ധതി  മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്‌ഘാടനംചെയ്‌തു.  പ്രത്യേക സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികൾക്ക്‌ വീടിനകത്തും പുറത്തും സുരക്ഷ ഏർപ്പെടുത്തുകയാണ്‌ സാമൂഹ്യ സുരക്ഷാവകുപ്പുമായി സഹകരിച്ച്‌  നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. 

ഇത്തരം സാഹചര്യങ്ങളിലുള്ള കുട്ടികളെ കണ്ടെത്താൻ അങ്കണവാടി പ്രവർത്തകരാണ്‌ സർവേ നടത്തിയത്‌. 11,72,433 കുട്ടികൾ പ്രത്യേക സാഹചര്യങ്ങളിൽ കഴിയുന്നുണ്ട്‌. കുട്ടികൾക്ക്‌ നേരെയുള്ള കുറ്റകൃത്യം തടയാനും കുറ്റക്കാരെ തിരിച്ചറിയാനും   പ്രത്യേക ഇടപെടലുണ്ടാകും. സംഭവങ്ങൾ  സ്‌റ്റേഷനിൽ അറിയിക്കാനുള്ള കാലതാമസം ഒഴിവാക്കും. ഇരയായവരെ കാര്യങ്ങൾ തുറന്നുപറയാൻ പ്രേരിപ്പിക്കാനുള്ള ബോധവൽക്കരണവുമുണ്ടാകും. മൊബൈൽ, ഇന്റർനെറ്റ്‌  ചതിക്കുഴികൾക്കെതിരെ ജാഗ്രത പാലിക്കാൻ കുട്ടികളെ പ്രാപ്‌തരാക്കും. 

നവനീതം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. ജനമൈത്രി പദ്ധതിയുടെ കൈപ്പുസ്‌തകവും കുട്ടികളുടെയും സ്‌ത്രീകളുടെയും സുരക്ഷ പ്രമേയമാക്കി തയ്യാറാക്കിയ ‘കാഴ്‌ചക്കപ്പുറം’ ഹ്രസ്വചിത്ര  സിഡിയും മുഖ്യമന്ത്രി പ്രകാശനംചെയ്‌തു.  ചിത്രം ഒരുക്കിയ അൻഷാദ്‌ കരുവഞ്ചാലിന്‌ മന്ത്രി കെ കെ ശൈലജ ഉപഹാരം നൽകി.  

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായി. മേയർ സുമാ ബാലകൃഷ്‌ണൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി സുമേഷ്‌, ഉത്തരമേഖലാ ഐജി അശോക്‌ യാദവ്‌, കലക്ടർ ടി വി സുഭാഷ്‌, ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി ചെയർമാൻ ഇ ഡി ജോസഫ്‌, ഐസിഡിഎസ്‌ സെൽ പ്രോഗ്രാം ഓഫീസർ എ പി പ്രസന്ന എന്നിവർ സംസാരിച്ചു. കണ്ണൂർ റേഞ്ച്‌ ഐജി കെ സേതുരാമൻ സ്വാഗതവും ജില്ലാ പൊലീസ്‌ മേധാവി യതീഷ്‌ ചന്ദ്ര നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top