25 May Monday

വി കെയർ കണ്ണൂർ ജീവകാരുണ്യത്തിന് ജനകീയ കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

വി കെയർ കണ്ണൂർ പദ്ധതി മന്ത്രി കെ കെ ശൈലജ ഉദ്‌ഘാടനംചെയ്യുന്നു

കണ്ണൂർ
സഹായമർഹിക്കുന്ന മുഴുവൻ ആളുകൾക്കും കൈത്താങ്ങാകുന്ന  സാമൂഹ്യ സുരക്ഷാ മിഷന്റെ  വി കെയർ പദ്ധതിയുടെ പ്രവർത്തനത്തിനായി  വിപുലമായ ഫണ്ട് സമാഹരണത്തിന് തീരുമാനം. വി കെയർ കണ്ണൂർ എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിയിലൂടെ ജില്ലയിലെ മുഴുവനാളുകളെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാക്കുകയും അർഹരായവർക്കെല്ലാം സഹായമെത്തിക്കുകയുമാണ്  ലക്ഷ്യം. ഫണ്ട് സമാഹരണത്തിന്റെ ആദ്യപടിയായി ഫെബ്രുവരി രണ്ടാം വാരം  മുഖ്യമന്ത്രിയടക്കമുള്ളവരെ പങ്കെടുപ്പിച്ച്‌  ജില്ലയിൽ വിപുലമായ പരിപാടി നടത്തും.  മന്ത്രി കെ കെ ശൈലജയുടെ  സാന്നിധ്യത്തിൽ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന വി കെയർ പദ്ധതി അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
 വ്യക്തികൾ, സന്നദ്ധ സംഘടനകൾ, ഫൗണ്ടേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ എന്നിവയിൽനിന്നും  നിക്ഷേപസമാഹരണം നടത്തുകയും സമാഹരിക്കുന്ന തുക ഉപയോഗിച്ച്  സഹായമെത്തിക്കുകയുമാണ് ലക്ഷ്യം.  ഇതിനായി കലക്ടറുടെ അധ്യക്ഷതയിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കും.
വലിയ ചെലവ് വരുന്ന ശസ്ത്രക്രിയയും കൃത്രിമ അവയവം വച്ചു പിടിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളുമാണ് പദ്ധതിയിലൂടെ ചെയ്യുന്നത്.  സഹായം ആവശ്യമായവർ ഏറെയായതിനാൽ  സർക്കാരിൽനിന്നും പദ്ധതി വിഹിതമായി അനുവദിച്ച് കിട്ടുന്ന തുക അപര്യാപ്തമാണെന്നും വി കെയറിന്റെ  പ്രവർത്തനം സമയബന്ധിതമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിന് കൈത്താങ്ങാകാൻ  സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട ജനങ്ങളുടെയും നിർലോപ സഹകരണങ്ങൾ ആവശ്യമാണെന്നും മന്ത്രി  പറഞ്ഞു. 
പദ്ധതിയിലേക്ക് ലഭിക്കുന്ന സംഭാവന പൂർണമായും സുതാര്യമാണ്. ചികിത്സാ സഹായത്തിനായുള്ള അപേക്ഷ പരിശോധിക്കുകയും രോഗികളുടെ രോഗാവസ്ഥയെക്കുറിച്ച് മെഡിക്കൽ ബോർഡ് പരിശോധിക്കുകയും ചെയ്യുന്നതിനൊപ്പം അപേക്ഷകരുടെ സാമ്പത്തിക അവസ്ഥകൂടി പരിഗണിച്ചാണ്  സഹായം എത്തിക്കുന്നത്. വിദേശത്ത് നിന്നുള്ളവർക്ക് ഉൾപ്പെടെ  സംഭാവന നൽകാൻ കഴിയുന്ന എഫ്സിആർഎ രജിസ്ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണ് നിലവിലുള്ളത്. സംഭാവനകൾക്ക് നിയമാനുസൃതമായ നികുതി ഇളവുണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ ഓൺലൈൻ പേയ്മെന്റ് ഗേറ്റ് വേ വഴിയും സംഭാവന നൽകാം. വി കെയർ വെബ് സൈറ്റ് വഴി പൊതുജനങ്ങൾക്ക് ധനവിനിയോഗമടക്കമുള്ളവ മനസിലാക്കാനുള്ള സംവിധാനമുണ്ട്.
യോഗത്തിൽ കലക്ടർ ടി വി  സുഭാഷ് അധ്യക്ഷനായി. സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ്  ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, ജില്ലാ സാമൂഹ്യനീതി ഓഫീസർ പവിത്രൻ തൈക്കണ്ടി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായ്ക്, ജില്ലാ പ്ലാനിങ് ഓഫീസർ കെ പ്രകാശൻ എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top