20 October Sunday

വ്യാജ പ്രചാരണം പി ജയരാജൻ പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019
കണ്ണൂർ
 ബിജെപിയിൽ ചേരുന്നുവെന്ന വ്യാജ വാർത്തയുണ്ടാക്കി അപകീർത്തിപ്പെടുത്തിയവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ കണ്ണൂർ ഡിവൈഎസ്‌പിക്ക്‌ പരാതി നൽകി. പൊതുപ്രവർത്തകനായ തന്നെ സമൂഹത്തിൽ മോശമായി ചിത്രീകരിക്കുന്നതിനും പാർടിക്ക്‌ അവമതിപ്പ്‌ ഉണ്ടാക്കുന്നതിനുമാണ്‌ ഇത്‌ ചെയ്‌തത്‌. വ്യാജവാർത്തയാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ സമൂഹമാധ്യമത്തിൽ പരസ്യപ്പെടുത്തിയത്‌ തേജോവധം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണെന്ന്‌ പരാതിയിൽ പറഞ്ഞു.
ജനം ടിവിയുടെ ലോഗോ ഉപയോഗിച്ചാണ്‌ വ്യാജവാർത്ത നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്‌. ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരോ, തലശേരിയോ മത്സരിക്കാൻ സാധ്യതയെന്നും കഥ മെനഞ്ഞു. ഈ മാസം അവസാനം ഡൽഹിയിൽവച്ച്‌ അമിത്‌ ഷായിൽനിന്ന്‌ ബിജെപി മെമ്പർഷിപ്പ്‌ സ്വീകരിക്കുമെന്നായിരുന്നു മറ്റൊരു പോസ്‌റ്റ്‌. "ജയരാജന്റെ പാർടി പ്രവേശനം ചർച്ചചെയ്‌തശേഷം തീരുമാനിക്കുമെന്ന്‌ അഡ്വ. ശ്രീധരൻപിള്ള’യെന്ന മറ്റൊരു വ്യാജകഥയുമുണ്ട്‌. ഇലക്ട്രോണിക്‌ മീഡിയ ഉപയോഗിച്ച്‌ വ്യാജവാർത്തയുണ്ടാക്കി തന്നെ തേജോവധംചെയ്യാനും സമൂഹത്തിൽ കലഹവും അക്രമവുമുണ്ടാക്കുന്നതിനുമാണ്‌ ശ്രമിച്ചതെന്നും പരാതിയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top