19 September Saturday

ദേ, മാവേലി ക്വാറന്റൈനിൽ

സുജിൻ കാരാട്ട്‌Updated: Thursday Aug 13, 2020

കോവിഡ്‌ പ്രതിരോധം ഉറപ്പാക്കുന്ന ഫോട്ടോ സീരീസിൽനിന്ന്‌

കൂത്തുപറമ്പ്   
പ്രജകളുടെ ക്ഷേമം അന്വേഷിക്കാനെത്തിയ മാവേലിയും ക്വാറന്റൈനിൽ കുടുങ്ങിയാലോ. പുറത്തുനിന്നുവന്നതല്ലേ നിരീക്ഷണത്തിൽ കഴിഞ്ഞ്‌ പ്രജകളെ കാണാനിറങ്ങിയാൽ മതിയെന്ന്‌ പൊലീസിന്റെ നിർദേശം. എല്ലാം അനുസരിച്ച മാവേലി  ഒടുവിൽ മടങ്ങിയത്‌  കോവിഡ്‌ പ്രതിരോധ സന്ദേശം നൽകി. നിർമലഗിരി കോളേജിലെ പൂർവ വിദ്യാർഥിയായ  ആദർശും സുഹൃത്തുക്കളും ഫോട്ടോ സീരീസിലൂടെ അവതരിപ്പിക്കുന്ന മാവേലിയാണ്‌ പ്രജകളുടെ സുരക്ഷ ഉറപ്പാക്കാൻ നിർദേശിക്കുന്നത്‌.   കോവിഡ് കാലത്തെ മാവേലിയെയും സംസ്ഥാന സർക്കാരിന്റെ പ്രതിരോധ നടപടികളുടെ സൂക്ഷ്‌‌മതയും ഓണവിശേഷങ്ങളും  ഫോട്ടോ സീരീസിൽ  വരച്ചുകാട്ടുന്നു.  
കോവിഡ് സാഹചര്യം അറിയാതെ  മഹാബലി പ്രജകളെ കാണാൻ പാതാളത്തിൽനിന്ന്  വന്ന്  ആനവണ്ടിയിൽ പട്ടണത്തിൽ ഇറങ്ങുന്ന ദൃശ്യത്തോടെയാണ്‌   സീരിസ്‌  തുടങ്ങുന്നത്‌. തിരക്കൊഴിഞ്ഞ പട്ടണങ്ങൾ കണ്ട  മാവേലി കാര്യം തിരയ്‌ക്കുകയും അതിനിടെ പൊലീസെത്തി നിരീക്ഷണത്തിൽ  പോകാൻ നിർദേശിക്കുകയും ചെയ്യും. നാട്ടിലെ  പ്രശ്നങ്ങൾ മനസ്സിലാക്കി ക്വാറന്റൈനിൽ കഴിഞ്ഞ മാവേലി പ്രജകളോട്‌   മുൻകരുതലെടുക്കണമെന്ന്‌    നിർദേശിച്ച്‌ മടങ്ങുന്നതാണ്‌ ഫോട്ടോ സീരീസിന്റെ വിഷയം. 
ആദർശിന്റെ സുഹൃത്തുക്കളും സഹപാഠികളുമായ  രാഹുൽ, വൈശാഖ്, റിബിൻ, വിഷ്ണു, വി എം അശ്വന്ത്, ശ്രീരാഗ്, വിഗിൽ, അശ്വന്ത് അഭിൻജിത്ത്, അർജുൻ, ഹൃദ്യ എന്നിവരും ഫോട്ടോ ഷൂട്ടിന്‌ സഹായം നൽകി.   ആയിത്തറയിലെ  ചാത്തോത്ത് ഹൗസിൽ ലക്ഷമണന്റെയും  സീനയുടെയും മകനാണ് ആദർശ്‌‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top