16 September Monday

അകക്കണ്ണിലുണ്ട്‌ പ്രളയത്തിന്റെ ഭീതി

സ്വന്തം ലേഖികUpdated: Tuesday Aug 13, 2019
തലശേരി
തിമിർത്ത് പെയ്ത മഴയും ആഞ്ഞടിച്ച കാറ്റിന്റെയും ഭീകരത ശ്രുതിയുടെ മുഖത്ത് നിഴലിച്ചിരുന്നു. കാഴ്ചയില്ലെങ്കിലും നിമിഷം പ്രതി പുഴയിൽ വർധിച്ചുവരുന്ന വെള്ളം വീട്ടിലേക്ക് എത്താൻ അധികം സമയം വേണ്ടെന്ന് ശ്രുതിയും അറിഞ്ഞിരുന്നു. സമീപത്തെ വീടുകളിലുള്ളവരെല്ലാം മാറിപ്പോകാൻ തുടങ്ങിയപ്പോൾ മൂത്തമ്മയുടെ കൈപിടിച്ച് കുണ്ടുചിറ അണക്കെട്ടിന് സമീപത്തെ വാടകവീട്ടിൽനിന്നും ശ്രുതിയിറങ്ങി.  അമ്മാവൻ മധുവിനൊപ്പം പൊന്ന്യം വെസ്റ്റ് എഎൽപി സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക്. ശ്വാസം മുട്ടലുണ്ടായിരുന്ന ശ്രുതിയുടെ ഇൻഹെയ്‌ലർ ഉൾപ്പെടെ വെള്ളം കയറിയ വീട്ടിനുള്ളിൽ നശിച്ചു. ക്യാമ്പിലെത്തിയപ്പോൾ കതിരൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ സംഘം ചികിത്സ നൽകി. പുതിയൊരു ഇൻഹെയ്‌ലറും നൽകി. ഇരുപതുകാരിയായ ശ്രുതിക്ക് ജന്മനാ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. പ്രകാശന്റെയും റീത്തയുടെയും മൂത്ത മകളായ ശ്രുതി കുഞ്ഞുനാൾമുതലേ മൂത്തമ്മ ആശയ്‌ക്കൊപ്പമാണ് താമസം. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാഴ്ചവൈകല്യം ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ ഏറെ വൈകിപ്പോയിരുന്നു.  ശ്രുതിയുടെ ഇളയ സഹോദരനായ വൈഷ്ണവിനും കാഴ്ചവൈകല്യമുണ്ട്. ഡിഗ്രിക്ക് പഠിക്കുന്ന സഹോദരിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.
അഞ്ചുവർഷം മുമ്പാണ് കുണ്ടുചിറയിലെ വാടകവീട്ടിൽ ഇവരെത്തിയത്‌. മെഡിക്കൽ ബോർഡിന്റെ സർടിഫിക്കറ്റ് നേടിയശേഷം ഭിന്നശേഷിയുള്ളവർക്കുള്ള പെൻഷന് അപേക്ഷ നൽകാനിരിക്കുകയാണ് കുടുംബം. ദുരിതാശ്വാസക്യാമ്പ്‌ മന്ത്രി കെ കെ ശൈലജ സന്ദർശിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം സുരേന്ദ്രൻ, ഏരിയാ സെക്രട്ടറി എം സി പവിത്രൻ, പാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ അനൂപ്‌ എന്നിവരും ഒപ്പമുണ്ടായി.  തിങ്കളാഴ്ച 13 കുടുംബങ്ങളിൽ നിന്നായി 45പേർ ദുരിതാശ്വാസക്യാമ്പിൽ ഉണ്ട്. ഇതിൽ പക്ഷാഘാതം ബാധിച്ച് തളർന്നവരും പ്രായമായവരും ഉണ്ട്. നാട്ടുകാർ ചേർന്ന് വീട് ശുചിയാക്കി നൽകിയതോടെ ക്യാമ്പുകളിലുള്ളവർ വീടുകളിലേക്ക് മടങ്ങി. ക്യാമ്പ്‌ അംഗങ്ങൾക്കുള്ള കിറ്റ്‌ വിതരണം കതിരൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ഷീബ ഉദ്‌ഘാടനംചെയ്‌തു.
പ്രധാന വാർത്തകൾ
 Top