23 August Friday

അപകടഭീതി വിതച്ച‌് മുത്തശ്ശിപ്പാലങ്ങൾ

രഷ‌്ന ദാസ‌്Updated: Thursday Jun 13, 2019

 

 
തലശേരി
കാലപ്പഴക്കത്താൽ അടിത്തൂണുകൾവരെ ഇടിഞ്ഞുതുടങ്ങിയ ധർമടം പാലത്തിലൂടെ തീവണ്ടികൾ ചൂളംവിളിച്ച് പായുമ്പോൾ യാത്രക്കാരുടെ മാത്രമല്ല, നാട്ടുകാരുടെയും നെഞ്ചിടിക്കുകയാണ്. ദുരന്തത്തിന്റെ ചൂളംവിളിയുമായാണോ ഓരോ ട്രെയിനും കടന്നുവരുന്നതെന്ന  ഭയാശങ്ക ഇവരെ പിടികൂടിയിട്ട‌് നാളേറെയായി.  അതീവ ദുർബലമാണെന്ന‌് കണ്ടെത്തിയതിനാൽ റെയിൽവേ അധികൃതർതന്നെ വർഷങ്ങൾക്കുമുമ്പേ കരിമ്പട്ടികയിൽപ്പെടുത്തിയ  പാലത്തിലൂടെയാണ‌് നിത്യവും നിരവധി യാത്രാ–- ചരക്കു തീവണ്ടികൾ നിർബാധം കടന്നുപോകുന്നത‌്.
    അപകടാവസ്ഥയിലായ പാലത്തിനുപകരം പുതിയ പാലം പണിതിട്ടും പാളം നിർമിക്കുന്നതിലെ കാലതാമസം കാരണം അതിലൂടെ തീവണ്ടി ഇനിയും ഓടിത്തുടങ്ങിയിട്ടില്ല. നീലേശ്വരം കാര്യങ്കോട‌്, വടകര മൂരാട‌്, തലശേരി കൂടക്കടവ‌്, ഏഴിമല, കുമ്പള ഷിറിയ  എന്നിവിടങ്ങളിലും ഇതാണ‌്  സ്ഥിതി. സമയബന്ധിതമായി പണി തീർത്തെങ്കിലും കമീഷൻചെയ്യാൻ സാഹചര്യമൊരുങ്ങിയിട്ടില്ല. പാളം സ്ഥാപിക്കാനാവശ്യമായ സ്ഥലം ലഭ്യമാകാത്തതാണ‌്  തടസ്സം. 
ഷൊർണൂരിനും മംഗളൂരുവിനും ഇടയിൽ അതീവ ദുർബലാവസ്ഥയിലുള്ള ഒമ്പതു പാലങ്ങളിലാണ‌്  ഇപ്പോൾ ട്രെയിനുകൾ വേഗത കുറച്ച‌്  കടത്തിവിടുന്നത‌്. പള്ളിപ്പുറത്തിനും കുറ്റിപ്പുറത്തിനും ഇടയിലുള്ള  പേശന്നൂർ, എലത്തൂർ,  വടകര മൂരാട‌്, ധർമടം, മാഹി പാലം, ഏഴിമല, നീലേശ്വരം കാര്യങ്കോട‌്, ബേക്കൽ പള്ളിക്കര, നേത്രാവതി എന്നിവയാണ‌് ഈ പാലങ്ങൾ. ബേക്കലിൽ പുതിയ പാലം ടെൻഡർ ഘട്ടത്തിലാണ‌്. 
റെയിൽവേ നിർമിച്ച പാലങ്ങളോട് ചേർന്നുള്ള സ്ഥലങ്ങൾ ഭൂരിഭാഗവും സ്വകാര്യ വ്യക്തികളുടേതാണ്. ഇതിൽ പലയിടത്തും റവന്യു വകുപ്പ് സർവേ നടത്തി വില നിശ്ചയിക്കൽ നടത്തി വരികയാണ്. സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായാലേ പാളം സ്ഥാപിക്കാനാവൂ. പുതിയ പാലങ്ങൾ കമീഷൻചെയ്യുന്നതുവരെ സുരക്ഷ കണക്കിലെടുത്ത് ബലക്ഷയമുള്ള പഴയ പാലങ്ങളിലൂടെ വേഗത കുറച്ചേ വണ്ടികൾ ഓടൻ പാടുള്ളൂവെന്ന‌് അധികൃതർ കർശനമായി നിഷ‌്കർഷിച്ചിട്ടുണ്ട‌്. നൂറു കൊല്ലംമുമ്പ‌് റെയിൽഗതാഗതം മംഗളൂരുവിലേക്ക‌് നീട്ടിയ ഘട്ടത്തിൽ ബ്രിട്ടീഷുകാർ നിർമിച്ചവയാണ‌്  ഈ പാലങ്ങൾ. അടുത്തടുത്ത പാലങ്ങളിലൂടെ ട്രെയിനുകൾ വേഗം കുറച്ച‌് പോകേണ്ടിവരുന്നതിനാൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കൈവന്ന സമയലാഭവും നഷ്ടമാവുകയാണ‌്.

 

പ്രധാന വാർത്തകൾ
 Top