18 June Friday

ഓക്‌സിമീറ്ററിന്‌ ക്ഷാമം; വ്യാജനും വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

എൽകെ 87 എന്ന പേരുമാത്രം രേഖപ്പെടുത്തിയ പൾസ്‌ ഓക്‌സി മീറ്റർ

കണ്ണൂർ
ശരീരത്തിലെ ഓക്‌സിജന്റെ അളവ്‌ പരിശോധിക്കാനുള്ള പൾസ്‌ ഓക്‌സിമീറ്ററിന്‌   വിപണിയിൽ ക്ഷാമം. കോവിഡ്‌ സാഹചര്യം മുതലെടുത്ത്‌ ഗുണനിലവാരമില്ലാത്ത ഓക്‌സിമീറ്ററുകൾ വിപണിയിലെത്തുന്നതായും ആക്ഷേപമുണ്ട്‌. ആയിരം രൂപയുണ്ടായിരുന്ന പൾസ്‌ ഓക്‌സിമീറ്ററിന്‌ ഇരട്ടിയിലധികം വിലവർധനയാണുണ്ടായത്‌. 
ഗുണനിലവാരമില്ലാത്തതും പ്രശ്‌നം
കോവിഡ്‌ രണ്ടാംവരവിൽ രോഗികളുടെഎണ്ണം കൂടിയതോടെയാണ്‌ പൾസ്‌ ഓക്‌സിമീറ്ററുകളുടെ ഉപയോഗം കൂടിയത്‌. കോവിഡ്‌ രോഗികളിൽ ശ്വാസംമുട്ടൽ കൂടുന്ന സാഹചര്യത്തിൽ  ഓക്‌സിജന്റെ അളവ്‌ അറിയാൻ സംവിധാനം വീട്ടിൽ തന്നെ വേണമെന്ന്‌ ആരോഗ്യവിദഗ്‌ധരുടെ നിർദേശംവന്നതോടെ ആളുകൾ വ്യാപകമായി ഓക്‌സിമീറ്റർ വാങ്ങാൻതുടങ്ങി. റീഡിങ്‌ 94–-ൽ കുറയുന്നത്‌ അടിയന്തര ചികിത്സ വേണമെന്നാണ്‌ സൂചിപ്പിക്കുന്നത്‌. എന്നാൽ, കോവിഡ്‌ ഇല്ലാത്ത പൂർണ ആരോഗ്യവാനായ ഒരാൾ മെഡിക്കൽഷോപ്പിൽനിന്ന്‌ വാങ്ങിയ ഓക്‌സിമീറ്ററിൽ റീഡിങ്‌ നോക്കിയപ്പോൾ 68 ആണ്‌ കാണിച്ചത്‌. ഗുണനിലവാരമില്ലാത്ത ഓക്‌സിമീറ്ററുകളിലെ തെറ്റായ റീഡിങ്‌ അനാവശ്യ പരിഭ്രാന്തിക്ക്‌ ഇടയാക്കും. തെറ്റായ റീഡിങ്ങിനെ ആശ്രയിക്കുമ്പോൾ രോഗിയുടെ നില വഷളാവുന്നത്‌ മനസ്സിലാക്കാൻ കഴിയാതെവരികയും ചെയ്യും. 
ഊരും പേരുമില്ല
നിർമാണക്കമ്പനിയുടെയുടെ  പേരോ വിലാസമോ ഒന്നുമില്ലാത്ത പൾസ്‌ ഓക്സി മീറ്ററുകളും വിപണയിൽ സുലഭമാണ്‌. കണ്ണൂർ നഗരത്തിലെ ഒരു മെഡിക്കൽ ഷോപ്പിൽ എത്തിയ ഇത്തരം ഓക്‌സി മീറ്ററുകൾ തിരിച്ചയച്ചു. എന്നാൽ, രണ്ടാഴ്‌ചയ്‌ക്കുശേഷം ഇവതന്നെ വിതരണക്കാരുടെ പേര്‌ ഒട്ടിച്ച്‌ തിരിച്ചുവന്നു. മെഡിക്കൽ ഷോപ്പുകാർ അതും എടുത്തില്ല. 1400 മുതൽ 2500 രൂപവരെയാണ്‌ ഓക്സിമീറ്ററിന്റെ വില. ഇടക്കാലത്ത്‌ വില മൂവായിരത്തിലെത്തിയിരുന്നു.  ഓൺലൈൻ വിപണയിൽ 600 രൂപയ്‌ക്കും വിൽപ്പന നടക്കുന്നുണ്ട്‌. 
 സർട്ടിഫിക്കേഷൻ നോക്കണം
വ്യാജ ഉൽപ്പന്നങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ കൃത്യമായ സർട്ടിഫിക്കേഷൻ ഉണ്ടോയെന്ന്‌ നോക്കിവാങ്ങണമെന്ന്‌ ബയോമെഡിക്കൽ എൻജിനിയർ സി എച്ച്‌ രാധിക പറഞ്ഞു. ഓക്‌സിമീറ്റർ വാങ്ങുമ്പോൾ സി ഇ (കൺഫോർമിറ്റി യൂറോപ്യൻ) സർട്ടിഫിക്കേഷൻ അല്ലെങ്കിൽ എഫ്‌ഡിഎ (ഫുഡ്‌ ആർഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്ട്രേഷൻ) സർട്ടിഫിക്കേഷൻ ഉണ്ടെന്ന്‌ ഉറപ്പുവരുത്തണമെന്നും അവർ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top