18 June Friday
കുടുംബശ്രീ പൊതിഞ്ഞുതരും

ഉണ്ണാം കീശ കാലിയാകാതെ

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021

കണ്ണൂർ

വാഴയിലയിൽ പൊതിഞ്ഞ ചോറും രണ്ടുകൂട്ടം കറിയുമായി വീടുകളിലേക്കെത്തുന്ന വളണ്ടിയർമാർ. പാഴ്സൽ സർവീസ് ചാർജ് അഞ്ചടക്കം ഇരുപത്തഞ്ച് രൂപ കൊടുക്കുമ്പോൾ ആർക്കും നഷ്ടം തോന്നാറേയില്ല. കുടുംബശ്രീയുടെ ഈ  നാടൻ രുചി നാട്ടകങ്ങളിൽ നിറഞ്ഞ സംതൃപ്തിയാണിന്ന്. 
കഴിഞ്ഞ വർഷമാണ് വിശപ്പുരഹിത കേരളം യാഥാർഥ്യമാക്കാൻ എൽഡിഎഫ് സർക്കാർ  ജനകീയ ഹോട്ടലുകൾ വിഭാവനം ചെയ്‌തത്‌. കോവിഡ്‌ വ്യാപനം രൂക്ഷമായ ലോക്ഡൗൺ കാലയളവിൽ ഹോട്ടലുകളുടെ പ്രവർത്തനം  താറുമാറായപ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിലാണ് ഇവ   ആരംഭിച്ചത്‌.  ജോലി പോലും മുടങ്ങിക്കിടന്ന അവസ്ഥയിൽ 20 രൂപയ്‌ക്ക്‌ ഊണ്‌ ലഭിക്കുന്നത്‌ ഇരുകൈയോടെയാണ് ജനം സ്വീകരിച്ചത്. 
ജില്ലയിൽ കോർപറേഷൻ ഒഴികെ 82 കേന്ദ്രങ്ങളിലാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. ബുധനാഴ്ച 83ാമത് ജനകീയ ഹോട്ടൽ മാട്ടൂൽ കേന്ദ്രമായി പ്രവർത്തനം ആരംഭിച്ചു.  വീടുകളിൽ കോവിഡ് ബാധിച്ച് കഴിയുന്നവർ, ക്വാറന്റൈനിലുള്ളവർ, ഒറ്റപ്പെട്ടു പോയവർ, അതിഥി തൊഴിലാളികൾ എന്നിവർക്കെല്ലാം തദ്ദേശ സ്ഥാപനങ്ങൾ ഏർപ്പെടുത്തിയ വളണ്ടിയർമാരുടെ സഹകരണത്തോടെ ഭക്ഷണം വീടുകളിലും എത്തിക്കുന്നുണ്ട്. ദിവസവും ശരാശരി 300 ഊൺ വിൽപന നടത്തുന്നുണ്ട്. 
ലോക്ഡൗണിന് മുമ്പ് സാധാരണ തൊഴിലാളികൾ  അധികം ആശ്രയിച്ചിരുന്നത് ജനകീയ ഹോട്ടലുകളെയാണ്. കീശ കാലിയാകാതെ വിഭവ സമൃദ്ധമായ ഊൺ ലഭിക്കുമെന്നതാണ് എല്ലാരെയും ഇവിടേക്ക് ആകർഷിക്കുന്നത്. അന്നൊക്കെ ദിനവും 600 ഓളം ഊൺ വിളമ്പിയിരുന്നു. 
കഴിഞ്ഞ വർഷം മാർച്ചിൽ ചെറുപുഴയിലാണ് ആദ്യ ജനകീയ ഹോട്ടൽ ആരംഭിച്ചത്. ഒരു വർഷം പിന്നിട്ടപ്പോഴേക്കും ജില്ല മുഴുവൻ ജനകീയ ഹോട്ടൽ ആരംഭിച്ചതായി ജില്ലാ മിഷൻ കോ ഓഡിനേറ്റർ ഡോ. എം സുർജിത്‌ പറഞ്ഞു.  ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ കഫേ ശ്രീ ലോക്ഡൗണിലും പ്രവർത്തിക്കുന്നതിനാൽ നഗരത്തിലെ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാതാക്കാനായെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top