21 August Wednesday

കേരളത്തിൽ വോട്ട‌് വിൽക്കില്ലെന്ന‌് മോഡി ഉറപ്പാക്കുമോ: പിണറായി

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019
കണ്ണൂർ
വോട്ട‌് കച്ചവടം ശീലമാക്കിയ സംസ്ഥാനത്തെ നേതാക്കളെ നിലയ‌്ക്കുനിർത്താൻ വിജയ‌് സങ്കൽപ‌് റാലിക്കെത്തിയ നരേന്ദ്ര മോഡിക്ക‌്  സാധിക്കുമോ എന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. വോട്ട‌് വിറ്റു കാശാക്കുന്നത‌ിൽ നാണക്കേട‌്  തോന്നിയ ദേശീയ നേതൃത്വം  അതുവേണ്ട എന്ന‌് പരസ്യമായിപറഞ്ഞുവെങ്കിലും പണത്തിന്റെ രുചിയറിഞ്ഞ ചില ആർഎസ‌്എസ‌് നേതാക്കൾ ഇപ്പോഴും  കേരളത്തിൽ കച്ചവടത്തിന്റെ  പിന്നാലെ പോവുകയാണ‌്. അവരോട‌് മോഡി പറയണം. കച്ചവടം ഉണ്ടാകില്ലെന്ന‌്  ഉറപ്പാക്കണം.  ബിജെപിയുടെ  പ്രധാനികൾ   മത്സരിക്കുന്ന മണ്ഡലങ്ങളിൽപോലും തിരിഞ്ഞുനോക്കാൻ ആളില്ലാത്തത‌് കച്ചവടത്തിന്റെ തെളിവാണ‌്.
   എൽഡിഎഫ‌് സ്ഥാനാർഥി പി   കെ ശ്രീമതി ടീച്ചറുടെ തെരഞ്ഞെടുപ്പ‌് പ്രചാരണർഥം  ആലക്കോട‌്, ഇരിട്ടി, ചിറ്റാരിപ്പറമ്പ‌് ലോക്കൽ റാലികളിൽ സംസാരിക്കുകയായിരുന്നു പിണറായി. കേരളം പലതവണ അവിശുദ്ധ സഖ്യം കണ്ടിട്ടുണ്ട‌്. മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന കേരള ജനതയുടെ പ്രതിരോധത്തിൽ അതൊക്കെ പരാജയപ്പെട്ടു. 
  രാഹുൽ ഗാന്ധി വയനാട്ടിൽ നൽകുന്ന സന്ദേശം ഇടതുപക്ഷത്തെ തകർക്കുകയെന്നതാണ‌്.   ഇടതുപക്ഷത്തെ തകർക്കാൻ  ബിജെപി വോട്ട‌് വാങ്ങാമെന്നാണ‌് ചിലർ ധരിച്ചിരിക്കുന്നത‌്.  കോൺഗ്രസ‌് അനുഭവങ്ങളിൽനിന്ന‌് പാഠം പഠിക്കുന്നില്ല . എൽഡിഎഫിനെ പരാജയപ്പെടുത്താൻ അവിശുദ്ധ കൂട്ടുകെട്ടിന‌് സാധിക്കില്ല.  ഇക്കൂട്ടരെ മതനിരപേക്ഷ ശക്തികൾ പരാജയപ്പെടുത്തുകതന്നെ ചെയ്യും. 
    കോൺഗ്രസിന‌് ശക്തിയുണ്ടായിരുന്ന സംസ്ഥാനങ്ങളിലെപോലും  നേതാക്കൾ ബിജെപിയിലേക്ക‌് ചേക്കേറുകയാണ‌്. ഗോവ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന‌് ഭൂരിപക്ഷമുണ്ടായിട്ടും ജയിച്ചവർ മുഴുവൻ ബിജെപിയിലേക്ക‌് പോയി. ത്രിപുരയിൽ സംസ്ഥാന പ്രസിഡന്റു എംഎൽഎമാരും ബിജെപിയിലെത്തി‌. വടക്കു കിഴക്കൻ മേഖലകളിലൊക്കെ അതാണ‌് സംഭവിച്ചത‌്. ഗുജറാത്തിൽ ഈ തെരഞ്ഞെടുപ്പ‌് ഘട്ടത്തിൽ മൂന്നുപേരടക്കം എട്ട‌് എംഎൽഎമാർ  ബിജെപിയിൽ ചേക്കേറി. അതിനാൽ  വോട്ട‌്  മതനിരപേക്ഷതക്കാണെന്ന‌് ഉറപ്പാക്കണം. 
 കേരളത്തിൽ  യുഡിഎഫ‌് കാലത്ത‌് അഴിമതിയും ജീർണ സംസ‌്കാരവുമായിരുന്നു  സർക്കാരിന്റെ മുഖമുദ്ര.   അഴിമതിയിൽനിന്നും   സാംസ‌്കാരിക ജീർണതയിൽനിന്നും എൽഡിഎഫ‌് കേരളത്തെ മോചിപ്പിച്ചു.  മൂന്ന‌് വർഷം മുമ്പ‌് വരെ ഒന്നും നടക്കില്ല എന്ന നിരാശയിലായിരുന്നു  ജനത.  എല്ലാംനടക്കുമെന്ന  പ്രത്യാശ ഉണ്ടായി.  ഒരിക്കലുംനടക്കില്ല എന്ന‌് കരുതിയ ദേശിയപാത വികസനം, ജലപാത, തീരദേശ മലയോര പാതകൾ, ഗെയിൽ പദ്ധതി എന്നിവയൊക്കെ യാഥാർഥ്യമാവുകയാണ‌്.  സാമുഹ്യ പെൻഷൻ  ഇരട്ടിയാക്കിയതടക്കം ഒട്ടേറെ ക്ഷേമ പദ്ധതികൾ. ഇതാണ‌് ബദൽ –-പിണറായി പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top