11 July Saturday

ബിജെപിക്കു പകരം വരേണ്ടത‌് ജനപക്ഷ ബദൽ സർക്കാർ: കാരാട്ട‌്

സ്വന്തം ലേഖകൻUpdated: Saturday Apr 13, 2019
മയ്യിൽ
കേരളത്തിലെപ്പോലെ ജനപക്ഷ ബദൽ നയങ്ങൾ നടപ്പാക്കുന്ന മതനിരപേക്ഷ സർക്കാരാണ‌് കേന്ദ്രത്തിൽ അധികാരത്തിൽ വരേണ്ടതെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം പ്രകാശ‌് കാരാട്ട‌്. ബിജെപി സർക്കാരിന്റെ വർഗീയ, ഫാസിസ‌്റ്റ‌് നടപടികൾക്കൊപ്പംതന്നെ ആപൽക്കരമാണ‌് കുത്തക–- കോർപറേറ്റ‌്‌വൽക്കൃത സാമ്പത്തിക നയങ്ങളും.  നരേന്ദ്ര മോഡി സർക്കാരിനെ  മാറ്റി ഇതേ നയസമീപനങ്ങളുള്ള മറ്റൊരു സർക്കാരിനെ പ്രതിഷ‌്ഠിച്ചിട്ടു കാര്യമില്ല. ഇടതുപക്ഷത്തിന്റെ കരുത്തു വർധിച്ചാലേ ഇത്തരമൊരു മതനിരപേക്ഷ–- ജനപക്ഷ സർക്കാരിനെ അധികാരത്തിലേറ്റാൻ കഴിയൂവെന്നും കാരാട്ട‌് ചൂണ്ടിക്കാട്ടി. മയ്യിലിൽ എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് റാലി ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2014ൽ ജനങ്ങൾക്ക‌് നൽകിയ ഒരു വാഗ‌്ദാനവും പാലിക്കാൻ മോഡി സർക്കാരിനു കഴിഞ്ഞില്ല. വർഷം രണ്ടു കോടി തൊഴിലവസരമുണ്ടാക്കുമെന്നായിരുന്നു പ്രധാന വാഗ‌്ദാനം. അഞ്ചു വർഷംകൊണ്ട‌് പത്തു കോടി തൊഴിലവസരങ്ങൾ. എന്നാൽ തൊഴിലവസരങ്ങളല്ല, തൊഴിലില്ലായ‌്മയാണ‌് വർധിച്ചത‌്. 45 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ‌്മ നിരക്കാണിപ്പോൾ. നോട്ടു നിരോധനത്തിലൂടെ അസംഘടിത തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം വഴിമുട്ടി. 2018ൽ മാത്രം 1.01 കോടി പേർക്ക‌് തൊഴിൽ നഷ്ടമായി.
കാർഷിക പ്രതിസന്ധിക്കു പരിഹാരം കാണുമെന്ന വാഗ‌്ദാനവും വീൺവാക്കായി. സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ‌്ത കാർഷിക വിളകൾക്ക‌് ഉൽപ്പാദനച്ചെലവും അതിന്റെ പകുതിയും ചേർന്ന താങ്ങുവില രാജ്യത്തെവിടെയും നടപ്പായില്ല. ഈ സർക്കാരിന്റെ ആദ്യ നാലു വർഷത്തിനകം 28,000 കൃഷിക്കാരാണ‌് കടക്കെണിമൂലം ആത്മഹത്യ ചെയ‌്തത‌്.  അതേസമയം അദാനിയും അംബാനിമാരുമുൾപ്പെടെയുള്ള വൻകിട കുത്തകകൾ കൊഴുക്കുകയാണ‌്.  റഫേൽ ഇടപാടിലെ പുതിയ വെളിപ്പെടുത്തലുകൾ മോഡിയുടെ അഴിമതിവിരുദ്ധ മുഖംമൂടി വലിച്ചുകീറി. 
തെരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചതോടെ പരിഭ്രാന്തിയിലായ മോഡിയും ബിജെപി നേതൃത്വവും വീണ്ടും വർഗീയ–- ദേശീയ സുരക്ഷാ കാർഡിറക്കി മുതലെടുപ്പ‌് നടത്താനാണ‌് ശ്രമിക്കുന്നത‌്. എന്നാൽ ഇതിനെ ചെറുക്കാൻ കഴിയുന്ന മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ മുന്നേറ്റം രാജ്യത്തെങ്ങും ദൃശ്യമാണ‌്.  യുപിയിൽ എസ‌്പിയും ബിഎസ‌്പിയും രാഷ്ട്രീയ ലോക‌്ദളും ചേർന്ന സഖ്യം ബിജെപിയുടെ എല്ലാ സാധ്യതകളും തകർത്തു. 1996ലും 2004ലും സംഭവിച്ചതുപോലെ ഇടതുപക്ഷത്തിന‌് നിർണായക സ്വാധീനമുള്ള പുതിയൊരു സർക്കാർ നിലവിൽവരാനുള്ള  സാധ്യതയാണ‌് തെളിഞ്ഞുവരുന്നത‌്. നിർണായകമായ ഈ അവസരത്തിൽപോലും കോൺഗ്രസിന‌് ക്രിയാത്മകവും വിവേകപൂർണവുമായ നിലപാട‌് സ്വീകരിക്കാൻ കഴിയുന്നില്ലെന്നതാണ‌് നിർഭാഗ്യകരമെന്നും കാരാട്ട‌്  പറഞ്ഞു.
പ്രധാന വാർത്തകൾ
 Top