21 August Wednesday

കോറോം രക്തസാക്ഷികൾക്ക് നാടിന്റെ സ്മരണാഞ്ജലി

സ്വന്തം ലേഖകൻUpdated: Saturday Apr 13, 2019
പയ്യന്നൂർ
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും  ജന്മി നാടുവാഴിത്വത്തിനുമെതിരെ  പോരാടി  ജീവൻ ബലിയർപ്പിച്ച കോറോം  രക്തസാക്ഷികൾക്ക് നാടിന്റെ പ്രണാമം.   71 -ാം വാർഷികാചരണത്തിന്റെ ഭാഗമായി രക്തസാക്ഷികളായ വെമ്പിരിഞ്ഞൻ പൊക്കൻ, മൊടത്തറ ഗോവിന്ദൻ നമ്പ്യാർ,  പാപ്പിനിശേരി കേളു നായർ, മാരാങ്കാവിൽ കുഞ്ഞമ്പു, കാനപ്ര വൻ അബ്ദുൾ ഖാദർ, കാനപ്പള്ളി അമ്പു,  നടുവളപ്പിൽ കോരൻ എന്നിവരുടെ സ്മരണ പുതുക്കാൻ  ആയിരങ്ങളാണ്  കോറോത്തെത്തിയത്.  
മുതിയലം  കേന്ദ്രീകരിച്ച് വളണ്ടിയർ മാർച്ചും പൊതുപ്രകടനവും നടന്നു. സ്ത്രീകളും  കുട്ടികളുമടക്കം  നൂറുകണക്കിനാളുകൾ പങ്കെടുത്തു.  വളണ്ടിയർ മാർച്ചും പ്രകടനവും വീക്ഷിക്കുന്നതിനും അഭിവാദ്യം അർപ്പിക്കുന്നതിനും റോഡിനിരുവശവും നിരവധിയാളുകളാണ് തടിച്ചുകൂടിയത‌്. രക്തസാക്ഷി നഗറിൽ പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം  എം എ ബേബി ഉദ്ഘാടനം ചെയ്തു.  സംഘാടക സമിതി ചെയർമാൻ എം രാമകൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സി പി മുരളി , ടി ഐ മധുസൂദനൻ , സി കൃഷ്ണൻ എം എൽ എ, വി നാരായണൻ, കെ വി ബാബു, കെ വി ഗോവിന്ദൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കെ  പി മധു സ്വാഗതം പറഞ്ഞു.   തുടർന്ന് ബിനീഷ് കോടിയേരി രചനയും സംവിധാനവും നിർവഹിച്ച  ഡിവൈഎഫ്ഐ   തലശേരി മണ്ഡലം കമ്മിറ്റിയുടെ  പൊളിമിക്സ് കലാപരിപാടിയും അരങ്ങേറി.
പ്രധാന വാർത്തകൾ
 Top