കണ്ണൂർ
തിക്കും തിരക്കുമില്ലാതെ സിനിമാ തിയേറ്ററുകൾ ബുധനാഴ്ച തുറക്കും. ബിഗ് സ്ക്രീനിൽ നായകന്മാരുടെ മാസ് ഡയലോഗുകൾക്കും ചടുലനൃത്തത്തിനും കോവിഡ് നിയന്ത്രണങ്ങളിൽ കൈയടിയും ആർപ്പുവിളികളുമുയരുമോ? കണ്ടറിയണം ആരാധകരുടെ മാസ്കും സാമൂഹിക അകലവും പാലിച്ചുള്ള ഷോ തിയേറ്ററുകൾക്ക് ജീവൻ നൽകുമോയെന്ന്.
മാസ്ക് ധരിച്ച്, സാമൂഹിക അകലം പാലിച്ചായിരിക്കും തിയേറ്ററിനുള്ളിൽ ഇരിക്കുക. കോവിഡ് ഭീതിയെ തുടർന്ന് മാർച്ചിൽ അടച്ചുപൂട്ടിയ മിക്ക തിയേറ്ററുകളും അറ്റകുറ്റപ്പണി പൂർത്തിയാക്കി, അണുനശീകരണം നടത്തി തുറക്കാനായി കഴിഞ്ഞ ദിവസം തന്നെ ഒരുങ്ങിയിരുന്നു. ഒന്നിടവിട്ടുള്ള സീറ്റുകളിൽ മാത്രമാണ് പ്രവേശനം. ടിക്കറ്റ് വാങ്ങുന്നതിനുള്ള തിരക്ക് ഒഴിവാക്കാൻ പലയിടങ്ങളിലും ബുക്കിങ്ങ് കൗണ്ടറുകളും ക്രമീകരിച്ചിരുന്നു. തിയേറ്ററിനുള്ളിൽ കോവിഡ് മാനദണ്ഡപ്രകാരം സീറ്റുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് തിയേറ്റർ ഉടമകൾ പറഞ്ഞു. തിയേറ്ററുകളുടെ വിനോദ നികുതിയിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതോടെ സിനിമാമേഖല അത്യാഹ്ലാദത്തിലാണ്.
തലശേരിയിൽ ലിബർട്ടി കോംപ്ലക്സിലെ ആറ് തിയേറ്ററുകളും ബുധനാഴ്ച തുറക്കും. വിജയ്യുടെ മാസ്റ്ററാണ് ആദ്യ ദിനം സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളിലും പ്രദർശിപ്പിക്കുന്നത്. ഇതിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ ചൊവ്വാഴ്ച തന്നെ ജനം തിയേറ്ററുകളിൽ എത്തി.
കണ്ണൂർ നഗരത്തിലെ സരിത ഫിലിംസിറ്റി ഉൾപ്പെടെയുള്ള തിയേറ്ററുകളൊന്നും ബുധനാഴ്ച തുറക്കില്ല.
അറ്റകുറ്റപ്പണികൾ പൂർത്തിയാവാത്തതാണ് കാരണമെന്ന് ഉടമകൾ പറഞ്ഞു. പയ്യന്നൂർ, തളിപ്പറമ്പ്, കൂത്തുപറമ്പ്, മട്ടന്നൂർ, ആലക്കോട്, പേരാവൂർ ഭാഗങ്ങളിലെ തിയേറ്ററുകൾ ബുധനാഴ്ച തുറന്നു പ്രവർത്തിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..