13 November Wednesday

ബിജെപിയുടെ കർഷക പ്രേമം തട്ടിപ്പ്‌: ഡോ. വിജു കൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019
കരിവെള്ളൂർ
ബിജെപിയുടെ കർഷക പ്രേമം വെറും തട്ടിപ്പാണെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം  ഡോ. വിജു കൃഷ്ണൻ പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കർഷകർ കൂടുതലും ആത്മഹത്യ ചെയ്യുന്നത്.  രാജ്യത്ത്‌ ശക്തിപ്പെടുന്ന കർഷക സമരത്തെ വർഗീയ ധ്രുവീകരണത്തിലൂടെ  ബിജെപി സർക്കാർ അടിച്ചമർത്തുകയാണ്‌.  കരിവെള്ളൂർ ഇ എം എസ്  പഠനകേന്ദ്രം   എ വി സ്മാരക ഹാളിൽ ‘ഇന്ത്യയിലെ കാർഷിക പ്രതിസന്ധിയും പ്രതിരോധവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് സമയത്ത് കർഷകർക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാൻ വേണ്ടി പറഞ്ഞതല്ല. മഹാരാഷ്ട്രയിൽ പോഷകാഹാരക്കുറവുമൂലം 21,000 കുട്ടികളാണ്   മരിച്ചത്. മോഡി  ഭരണത്തിൻ കീഴിൽ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും  പട്ടിണിയും ദാരിദ്ര്യവും കൂടി വരികയാണ്. കേരളത്തിൽ വർഷങ്ങൾക്ക് മുമ്പ് എ കെ ജി നടത്തിയ പട്ടിണിസമരം പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നടത്തേണ്ട അവസ്ഥയാണുള്ളത്–- വിജു കൃഷ്ണൻ പറഞ്ഞു. ചടങ്ങിൽ   കെ നാരായണൻ  അധ്യക്ഷനായി. സി പി നരേന്ദ്രൻ സ്വാഗതവും ഡോ. എം വി വിജയകുമാർ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top