12 August Wednesday

രോഗം വ്യാപിപ്പിക്കാൻ കണ്ണൂരിലും ഗൂഢാലോചന: എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020

കണ്ണൂർ

കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ച്‌ കോൺഗ്രസും ലീഗും ബിജെപിയും നടത്തുന്ന സമരം ജനങ്ങൾക്കെതിരും രോഗവും മരണവും വർധിപ്പിക്കാനുദ്ദേശിച്ചുമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ മാധ്യമങ്ങളോട്‌ പറഞ്ഞു. ഇത്‌ അങ്ങേയറ്റം പ്രതിഷേധാർഹമാണ്‌. 
ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങളുയർത്തി സമരം നടത്തേണ്ടിവരും. അത്‌ കോവിഡ്‌ പ്രോട്ടോകോൾ പാലിച്ചാകണം. സിപിഐ എമ്മും എൽഡിഎഫും ബഹുജന സംഘടനകളുമെല്ലാം ഇത്തരത്തിലാണ്‌ സമരം നടത്തുന്നത്‌. യുഡിഎഫും ബിജെപിയും കഴിഞ്ഞദിവസം നടത്തിയത്‌ സമരാഭാസമാണ്‌. 
 മാനദണ്ഡങ്ങൾ  പാലിച്ചുവേണം സമരങ്ങളും പരിപാടികളുമെന്ന‌ ‌ കലക്ടറുടെ കത്തിന്‌ പുല്ലുവിലയാണ്‌ കോൺഗ്രസും ബിജെപിയും കൽപ്പിക്കുന്നതെന്ന്‌ കണ്ണൂരിലെയും പിണറായിയിലെയും ആൾക്കൂട്ടം കാണിക്കുന്നു.  
  ജനങ്ങളുടെ കണ്ണീരൊപ്പാനാണ്‌ രംഗത്തുവരേണ്ടത്‌. ദുരന്തമുണ്ടാക്കാൻ പരിശ്രമിക്കരുത്‌. തിരുവനന്തപുരത്ത്‌  തെരുവിലിറങ്ങാൻ യൂത്തുകോൺഗ്രസ്‌ നേതാവ്‌ ആഹ്വാനം ചെയ്‌തു. തെറ്റിദ്ധരിക്കപ്പെട്ട്‌ കുറേപേർ തെരുവിലിറങ്ങിയതിന്റെ ഫലമായാണ്‌ പൂന്തുറയിൽ  ചിലർക്ക്‌ രോഗബാധയുണ്ടായത്‌. കണ്ണൂരിലും ഇത്‌ ആവർത്തിക്കാനാണ്‌ ശ്രമം‌.  
   മുഖ്യമന്ത്രിയുടെ വീട്‌ ആക്രമിക്കാൻ ഉദ്ദേശിച്ചാണ്‌‌ കല്ലും വടികളുമായി അക്രമസമരം സംഘടിപ്പിച്ചത്‌. ഗൂഢാലോചന പുറത്തുവന്നിട്ടുണ്ട്.  പൊലീസ്‌  ദൂരെവച്ച്‌ ‌ തടഞ്ഞതിനാൽ  ഉദ്ദ്യേശം നടന്നില്ല. അതോടെ കല്ലും വടികളും  പൊലീസിനുനേരെ പ്രയോഗിച്ചു. പിണറായിയിൽ ഉത്തരവാദപ്പെട്ട എംപിയും എംഎൽഎയും  കോവിഡ്‌ നിയമങ്ങൾ ലംഘിക്കാൻ ആഹ്വാനം ചെയ്‌തത്‌ ഗൗരവപൂർവം കാണണം. ജനാധിപത്യവിശ്വാസികളാകെ ഇതിനെതിരെ  രംഗത്തുവരണമെന്നും എം വി ജയരാജൻ അഭ്യർഥിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top