15 October Tuesday

ഏഴിമലയോളം മേലേക്ക്‌ ... ധനരാജ് സ‌്മരണ

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

സി വി ധനരാജ്‌ അനുസ്‌മരണ സമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യുന്നു

പയ്യന്നൂർ

അനശ്വര രക്തസാക്ഷി സി വി ധനരാജിന്റെ മൂന്നാമത‌് രക്തസാക്ഷിത്വ വാർഷികദിനത്തിൽ  സ‌്മരണ പുതുക്കാൻ കുന്നരു കാരന്താട്ടേക്ക‌് ഒഴുകിയത‌് ആയിരങ്ങൾ. ജ്വലിക്കുന്ന ഓർമകൾ നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ സ്മാരക മന്ദിരവും രക്തസാക്ഷി സ്തൂപവും സിപിഐ എം  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി  നാടിന് സമർപ്പിച്ചു. തുടർന്ന‌് നടന്ന പൊതുയോഗം യെച്ചൂരി ഉദ‌്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ അധ്യക്ഷനായി. 
കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ഫോട്ടോ അനാഛാദനം ചെയ്തു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ പതാക ഉയർത്തി. ജില്ലാ കമ്മിറ്റിയംഗങ്ങളായ സി കൃഷ‌്ണൻ എംഎൽഎ, വി നാരായണൻ, പി  സന്തോഷ‌്, ഏരിയാ സെക്രട്ടറി കെ പി മധു, കുന്നരു ലോക്കൽ സെക്രട്ടറി പണ്ണേരി രമേശൻ എന്നിവർ സംസാരിച്ചു. ദിനാചരണ സംഘാടക സമിതി ചെയർമാൻ കെ വിജീഷ് സ്വാഗതം പറഞ്ഞു.  സ്മാരക സ്തൂപം രൂപകൽപന ചെയ്ത ഉണ്ണി കാനായിക്ക് സീതാറാം യെച്ചൂരി ഉപഹാരം നൽകി. കുന്നരുവിലെ എം കെ ഗീത രൂപകൽപന ചെയ്ത ഉപഹാരം സീതാറാം യെച്ചൂരിക്ക് നൽകി. അനുസ‌്മരണ സമ്മേളനത്തിന‌് മുന്നോടിയായി കുന്നരു തെക്ക‌് ഭാഗം കേന്ദ്രീകരിച്ച‌് പ്രകടനം നടന്നു. 
യെച്ചൂരിയെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ വരവേറ്റത്. സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് ധനരാജിന്റെ തറവാട്ടു വീട്ടിലെത്തി അമ്മ സി വി മാധവിയെ കണ്ടു. മകന്റെ ഓർമയിൽ വിങ്ങിപ്പൊട്ടിയ അവരെ ആശ്വസിപ്പിച്ച‌്  പ്രസ്ഥാനം  എന്നും കൂടെയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട്   ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലെത്തി. ഭാര്യ എം വി സജിനിയും മക്കളായ വിവേകാനന്ദും വിദ്യാനന്ദും ധനരാജിന്റെ സഹോദരിമാരും  കണ്ണീരോടെയാണ് യെച്ചൂരിയെ വരവേറ്റത്.  അവരെ ആശ്വസിപ്പിക്കുകയും കുട്ടികളോട് കുശലം പറയുകയും ചെയ്തു. സിപിഐ എം കുന്നരു ലോക്കൽ കമ്മിറ്റിയാണ‌്  സ‌്മാരക മന്ദിരം നിർമിച്ചത‌്‌.
പ്രധാന വാർത്തകൾ
 Top