16 February Saturday

ഓർമകൾ വിങ്ങി ;രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിന് വീട് കൈമാറി

സ്വന്തം ലേഖകൻUpdated: Thursday Jul 12, 2018

ധനരാജിന്റെ കുടുംബത്തിനുവേണ്ടി നിർമിച്ച വീടിന്റെ താക്കോൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള ധനരാജിന്റെ ഭാര്യ സജിനിക്ക്‌ കൈമാറുന്നു.

പയ്യന്നൂർ>ആരുടെയും കണ്ണുനനയിക്കുന്ന രംഗമായിരുന്നു, അകാലത്തിൽ വൈധവ്യം ഏറ്റുവാങ്ങിയ യുവതിയും അച്ഛൻ ഓർമച്ചിത്രമായി മാറിയ രണ്ട് പിഞ്ചുമക്കളും വേർപിരിഞ്ഞ ഗൃഹനാഥന്റെ പേരിലുള്ള വീടിന്റെ താക്കോൽ ഏറ്റുവാങ്ങിയ നിമിഷം. ആർഎസ്എസ്സുകാർ കൺമുമ്പിലിട്ട് പ്രിയതമനെ വെട്ടിവീഴ്ത്തിയത് ഓർമയിലെത്തിയപ്പോൾ മക്കളെ ചേർത്തുപിടിച്ച് ആ അമ്മ ദുഃഖം കടിച്ചമർത്തി. ആ നിമിഷം നാടാകെ അണിനിരന്ന സദസ്സ‌് സമർപ്പിച്ചത് ധീര രക്തസാക്ഷി ധനരാജിനുള്ള സ്മൃതിപുഷ്പങ്ങൾ. 
 
പറഞ്ഞറിയിക്കാനാവാത്തത്ര വൻ ജനപ്രവാഹത്തിനാണ് കുന്നരുവും കാരന്താട്ടും സാക്ഷ്യം വഹിച്ചത്. രക്തസാക്ഷി സി വി ധനരാജിന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ കൈമാറൽ ചടങ്ങ് വികാരനിർഭരമായിരുന്നു. ബുധനാഴ്ച ഉച്ചതിരിഞ്ഞതോടെ പയ്യന്നൂരിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു.  ധനരാജിന്റെ  പുഞ്ചിരിക്കുന്ന മുഖം ആലേഖനം ചെയ്ത വലിയ ചിത്രങ്ങൾ വാഹനങ്ങളിലും മറ്റും ഉയർത്തി. പ്രതികൂല കാലാവസ്ഥ  കണക്കാക്കാതെയാണ് പലയിടങ്ങളിൽനിന്നായി ജനമെത്തിയത്.
 
നാടിന്റെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന ധീരനായ ഡിവൈഎഫ്ഐ നേതാവായിരുന്നു ധനരാജ്. അതാണ് ആർഎസ്എസ്സുകാരെ കൊലക്കത്തിയേന്താൻ പ്രേരിപ്പിച്ചത്. ധനരാജ് മരിച്ചെന്നറിഞ്ഞപ്പോൾ ആ വീട്ടിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്.   അതിന്റെ പ്രതിഫലനമാണ് വീടിന്റെ താക്കോൽ കൈമാറുന്ന ചടങ്ങിലും ആവർത്തിച്ചത്. ജോലി കഴിഞ്ഞ് രാത്രി ബൈക്കിലെത്തിയ ധനരാജിനെ കൊലയാളിസംഘം പിൻതുടരുകയായിരുന്നു. അമ്മയുടെയും ഭാര്യയുടെയും പിഞ്ചുമക്കളുടെയും കൺമുമ്പിലിട്ടാണ് വെട്ടിവീഴ്ത്തിയത്. തടയാനെത്തിയ ഭാര്യ സജിനിയെ വാൾ കഴുത്തിൽ വച്ചാണ് കൊലയാളികൾ പിൻതിരിപ്പിച്ചത്. 
 
ധനരാജിന്റെ കുടുംബവീടിനോട് ചേർന്നാണ് പുതിയവീട് പണിതത്. എല്ലാ ആധുനികസംവിധാനങ്ങളും ഗൃഹോപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വികാരനിർഭരമായ ചടങ്ങിൽ ധനരാജിന്റെ ഭാര്യ എം വി സജിനി മക്കളായ വിവേകാനന്ദ്, വിദ്യാനന്ദ് എന്നിവർ ചേർന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയിൽനിന്ന് താക്കോൽ ഏറ്റുവാങ്ങി.  അമ്മ സി വി മാധവിയെ കുടുംബവീട്ടിൽ ചെന്ന് കണ്ടശേഷമാണ് എസ്ആർപി ചടങ്ങിനെത്തിയത്. അണീക്കര ക്ഷേത്രമൈതാനത്ത് ചേർന്ന  രണ്ടാം രക്തസാക്ഷി ദിനാചരണ ചടങ്ങിൽ സിപിഐ എം പയ്യന്നൂർ ഏരിയാസെക്രട്ടറി കെ പി മധു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജയരാജൻ, സി കൃഷ്ണൻ എംഎൽഎ, ടി ഐ മധുസൂദനൻ, വി നാരായണൻ, പി സന്തോഷ് എന്നിവർ സംസാരിച്ചു. വി പ്രമോദ് സ്വാഗതം പറഞ്ഞു. വീടിന്റെ നിർമാണ നിർവഹണം നടത്തിയ ഗംഗോത്രി കൺസ്ട്രക്ഷന്റെ ഉണ്ണികൃഷ്ണന് എസ്ആർപി ഉപഹാരം നൽകി. 
 
രാവിലെ കുന്നരുവിലെ ധനരാജിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രമർപ്പിച്ച് രക്തസാക്ഷി സ്മരണപുതുക്കി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി ഐ മധുസൂദനൻ പതാക ഉയർത്തി. പി സന്തോഷ്, എം വി ഗോവിന്ദൻ, കെ വിജീഷ്, ഒ കെ ശശി, വി പ്രമോദ്, കുന്നരു ലോക്കൽ സെക്രട്ടറി പണ്ണേരി രമേശൻ, രാമന്തളി ലോക്കൽ സെക്രട്ടറി കെ പി വി രാഘവൻ എന്നിവർ സംസാരിച്ചു. കുന്നരു, രാമന്തളി ലോക്കലുകളിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തി അനുസ്മരണയോഗം ചേർന്നു. വൈകിട്ട് കുന്നരു വടക്ക് കേന്ദ്രീകരിച്ച് വൻ ജനാവലി പങ്കെടുത്ത പ്രകടനവുമുണ്ടായി.
 
 
പ്രധാന വാർത്തകൾ
 Top