26 August Monday

കരനെൽകൃഷി പായം പാഠമാകുന്നു

സ്വന്തം ലേഖകൻUpdated: Wednesday Jun 12, 2019

പായം പഞ്ചായത്ത‌് കരനെൽകൃഷി പദ്ധതിക്ക‌് വിളമന തേങ്കൈയിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബാബു സി ജോർജ‌് വിത്തിടുന്നു

ഇരിട്ടി
കരനെൽകൃഷിയിൽ വിജയഗാഥ തുടരുന്ന പായം പഞ്ചായത്ത‌് ഇക്കുറി കൃഷിയിറക്കിയത‌് നൂറ‌് ഹെക്ടറിൽ. കുന്നിൽ ചരിവുകളിൽ പഴയകാല പുനം കൃഷിയെ അനുസ‌്മരിപ്പിച്ചും എല്ലാ വാർഡുകളിലെ പറമ്പുകളിൽ നിലമൊരുക്കിയുമാണ‌് ഇത്തവണ കൃഷി വ്യാപിപ്പിക്കുന്നത‌്. ആദ്യവർഷം 79 ഏക്കറിൽ തുടങ്ങിയ കൃഷി ക്രമാനുഗതമായി വികസിപ്പിക്കുകയായിരുന്നു. തൊഴിലുറപ്പ‌് പദ്ധതിയുമായി കൂട്ടിയിണക്കിയാണ‌് ഇത്തവണയും കൃഷി. തരിശുരഹിത പഞ്ചായത്തെന്ന ലക്ഷ്യവുമായാണ‌് കൃഷി കൂടുതൽ മേഖലകളിലേക്കെത്തിക്കുന്നത‌്. ഇതിനൊപ്പം ജൈവ പച്ചക്കറി കൃഷിയും വാഴകൃഷിയുമുണ്ട‌്. 138 ജെഎൽജി ഗ്രൂപ്പുകളിലായി ഇത്തവണ 1200 പേർ കൃഷിയിറക്കി. പത്ത‌് ടൺ നെൽവിത്ത‌്  വിതരണം ചെയ‌്തു. പാലക്കാട‌് ശ്രേയസ‌്  വിത്താണ‌്  വിതക്കുന്നത‌്. ഹെക്ടറൊന്നിൽനിന്ന‌് 1500 കിലോ നെല്ലുൽപാദനം ലക്ഷ്യമിട്ടാണ‌് പ്രവർത്തനമെന്ന‌്  പ്രസിഡന്റ‌് എൻ അശോകൻ പറഞ്ഞു. കരനെൽകൃഷി, ജലസംരക്ഷണ പ്രവർത്തനങ്ങളിലെ മികവിൽ  നിരവധി പുരസ‌്കാരങ്ങൾ പഞ്ചായത്ത‌് നേടിയിട്ടുണ്ട‌്. വിത്തിടൽ  വിളമന തേങ്കൈയിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബാബു സി ജോർജ‌് ഉദ‌്ഘാടനം ചെയ‌്തു.  ആതിര ജെഎൽജി ഗ്രൂപ്പാണ് തരിശുനിലം കൃഷിയോഗ്യമാക്കിയത്. പ്രസിഡന്റ് എൻ അശോകൻ അധ്യക്ഷനായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ കെ വിജയൻ, ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജ‌്, ബ്ലോക്ക് കൃഷി അസി. ഡയറക്ടർ വി ലത,  കെ കെ വിമല, കൃഷി ഓഫീസർ പോൾസൺ തോമസ് എന്നിവർ സംസാരിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top