27 June Thursday

ലഹരിപ്പിടിയിൽ വീഴില്ല കുട്ടികൾ

സ്വന്തം ലേഖകൻUpdated: Wednesday Jun 12, 2019

 കണ്ണൂർ

അധ്യയനവർഷത്തിൽ സ‌്കൂളുകൾ കേന്ദ്രീകരിച്ച‌് ലഹരിവിരുദ്ധ–- ബോധവൽക്കരണ പ്രവർത്തനങ്ങളുമായി എക‌്സൈസ‌്. അധ്യാപകരെയും രക്ഷിതാക്കളെയും നാട്ടുകാരെയും കുട്ടികളെയും ഉൾപ്പെടുത്തിയുള്ള വിപുലമായ ക്യാമ്പയിനാണ‌് എക‌്സൈസ‌് അധികൃതർ ലക്ഷ്യമിടുന്നത‌്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ 26ന‌് ക്യാമ്പയിന‌് ജില്ലയിൽ തുടക്കം കുറിക്കും.
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ ലഹരിമരുന്നുകളുടെ വിൽപനകേന്ദ്രങ്ങളാകുന്നുവെന്ന തിരിച്ചറിവിൽനിന്നാണ‌് ബോധവൽക്കരണപ്രവർത്തനങ്ങൾ വ്യാപകമാക്കാൻ എക‌്സൈസ‌് പദ്ധതിയിടുന്നത‌്. വിദ്യാഭ്യാസസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച‌് കഴിഞ്ഞ വർഷംതന്നെ എക‌്സൈസ‌് നിരീക്ഷണം ശക്തമാക്കിയിരുന്നു. 
കുട്ടികളുടെ കൂട്ടുകെട്ടുകളെക്കുറിച്ച‌് കൃത്യമായ ബോധ്യമുണ്ടാവണമെന്ന‌് രക്ഷിതാക്കൾക്കും സ‌്കൂൾ പരിസരങ്ങളിൽ അനാവശ്യമായി ചുറ്റിക്കറങ്ങുന്നവരെ ശ്രദ്ധിക്കണമെന്ന‌് അധ്യാപകർക്കും നിർദേശം നൽകി. ഗ്രാമങ്ങളിൽ രൂപീകരിച്ച ജാഗ്രതാ സമിതികളും ഫലപ്രദമായിരുന്നു. 
പുതിയ അധ്യയനവർഷത്തിലും തുടർച്ചയായ ക്യാമ്പയിൻ പ്രവർത്തനങ്ങളും കാര്യക്ഷമമായ ഇടപെടലുമാണ‌് ലക്ഷ്യമിടുന്നതെന്ന‌് എക‌്സൈസ‌് ഡെപ്യൂട്ടി കമീഷണർ പി കെ സുരേഷ‌് പറഞ്ഞു. ജില്ലയിലെ എല്ലാ സ‌്കൂളുകളിലും ലഹരിക്കെതിരായ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസുകൾ നടത്തും. രക്ഷിതാക്കളെയും സ‌്കൂളുമായി ബന്ധപ്പെടുന്ന സന്നദ്ധപ്രവർത്തകരെയുമാണ‌് ഈ ക്ലാസുകളിൽ ഉൾപ്പെടുത്തുക. 
സ‌്കൂൾ പ്രിൻസിപ്പൽ, ഹെഡ‌്മാസ‌്റ്റർ, അധ്യാപകർ തുടങ്ങിയവരെ ഉൾപ്പെടുത്തി സെമിനാറും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തുന്നതിനുള്ള എളുപ്പ വഴികളാണ‌് ഇത്തരം ക്ലാസുകളിലൂടെ കൈമാറുക. കുട്ടികളുടെ കൂട്ടുകെട്ടുകൾ, കൂട്ടുകൂടുന്ന സ്ഥലങ്ങൾ, കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ തുടങ്ങിയവ നിരീക്ഷിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും നൽകും. ലഹരി മാഫിയക്കെതിരായ പ്രവർത്തനങ്ങളുടെ ഭാഗമായി വീട്ടമ്മമാർക്ക‌് പ്രത്യേക പരിശീലനം നൽകുന്നതിനും എക‌്സൈസ‌് ലക്ഷ്യമിടുന്നുണ്ട‌്. 
സ‌്കൂളുകളിൽ അവതരിപ്പിക്കുന്നതിനായി ലഹരിമരുന്നിന്റെ ദൂഷ്യവശങ്ങൾ വെളിവാക്കുന്ന ഏകപാത്ര നാടകവും എക‌്സൈസ‌് വകുപ്പ‌് തയ്യാറാക്കുന്നുണ്ട‌്. ലഹരി ഉപയോഗം വ്യാപകമായി കണ്ടെത്തിയ മുഴപ്പിലങ്ങാട‌് കേന്ദ്രീകരിച്ചും പ്രത്യേക ബോധവൽക്കരണ പ്രവർത്തനങ്ങളാണ‌് നടത്തുക. തീരപ്രദേശങ്ങളിലാകെയും ഇത്തരം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും.
പ്രധാന വാർത്തകൾ
 Top