22 August Thursday

അഭിഭാഷകർ വനിതാകമീഷനിൽ എത്തുന്നത‌് പ്രോത്സാഹിപ്പിക്കില്ല:- എം സി ജോസഫൈൻ

സ്വന്തം ലേഖികUpdated: Wednesday Jun 12, 2019
കണ്ണൂർ
അഭിഭാഷകർ വക്കാലത്തുമായി വനിതാ കമീഷനിൽ എത്തുന്നത‌് പ്രോത്സാഹിപ്പിക്കില്ലെന്ന‌് വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ. കണ്ണൂരിൽ നടന്ന മെഗാ അദാലത്തിൽ എതിർകക്ഷിക്കുവേണ്ടി അഭിഭാഷകനെത്തിയത‌് ഏറെ വാഗ‌്വാദങ്ങൾക്ക‌് ഇടയാക്കി. 
വനിതാ കമീഷനിൽ പരാതിയുമായി എത്തുന്ന ഭൂരിഭാഗം സ‌്ത്രീകളും സാമ്പത്തികമായും മറ്റും പിന്നോക്കാവസ്ഥയിലായവരാണ‌്. ഇവർക്കൊന്നും അഭിഭാഷകരെയും കൂട്ടിവരാൻ സാധിക്കില്ല. പരാതിക്കാർ നേരിട്ടാണ‌്  കമീഷനിൽ എത്തുന്നത‌്. രണ്ടു പക്ഷത്തുള്ളവർ പറയുന്നതും പൂർണമായി കമീഷൻ കേൾക്കും. അതിനാലാണ‌് അഭിഭാഷകർ കമീഷനിൽ എത്തുന്നത‌് നിരുത്സാഹപ്പെടുത്തുന്നത‌്. അല്ലാതെ അവരുടെ അവകാശം നിഷേധിക്കലല്ലെന്നും  ജോസഫൈൻ പറഞ്ഞു. 
   പറശിനിക്കടവ‌ിലെ ഹോട്ടലിലെ ജോലിക്കാരിയോട‌് ലൈംഗികാതിക്രമം നടത്തിയ മാനേജിങ് ഡയറക്ടർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട‌് സമർപ്പിക്കാൻ എസ‌്പിക്ക‌് കമീഷൻ നിർദേശം  നൽകി. ഹോട്ടൽ ജീവനക്കാരി പരാതി നൽകിയശേഷം കമീഷൻ അദാലത്തിലേക്ക‌് മൂന്ന‌് തവണ നോട്ടീസ‌് നൽകിയിട്ടും മാനേജിങ് ഡയറക്ടർ ഹാജരായില്ല. നാലാമതും നോട്ടീസ‌് അയച്ചെങ്കിലും ചൊവ്വാഴ‌്ച നടന്ന അദാലത്തിലും പങ്കെടുത്തില്ല. ഇതേതുടർന്നാണ‌് പതിനഞ്ച‌് ദിവസത്തിനകം റിപ്പോർട്ട‌് സമർപ്പിക്കാൻ എസ‌്പിക്ക‌് നിർദേശം നൽകിയത‌്.   
വൃദ്ധദമ്പതികളുടെ പുറമ്പോക്ക‌് ഭൂമിയിലെ വീട‌് പൊളിച്ചുമാറ്റിയ ഉദയഗിരി പഞ്ചായത്ത‌് അധികൃതരുടെ നടപടി പരിശോധിക്കണമെന്നും ഇവർക്ക‌് വീട‌് വയ‌്ക്കാനുള്ള ഭൂമി അനുവദിക്കണമെന്നും ആവശ്യപ്പെട്ട‌് റവന്യൂമന്ത്രിക്ക‌് കത്ത‌് നൽകാനും കമീഷൻ തീരുമാനിച്ചു. പൊലീസിൽ ജോലിക്ക‌് ചേരുന്നതിന്റെ തലേദിവസം കുത്തേറ്റ‌് മരിച്ച വോളിബോൾ താരം ഉദയകുമാറിന്റെ അമ്മയും അച്ഛനുമാണ‌് പരാതിയുമായി കമീഷനിൽ എത്തിയത‌്. വീടിനോടനുബന്ധിച്ച‌് മകന്റെ കല്ലറ ഉൾപ്പെടെ ഉണ്ടായിരുന്നു. മകൾക്കൊപ്പം കഴിയുന്ന ഇവർ പിന്നീട‌് നാട്ടിലെത്തിയപ്പോഴാണ‌് വീട‌് പൊളിച്ചുമാറ്റിയത‌് അറിയുന്നത‌്. വിഷയത്തിൽ മാനുഷികനീതി കാട്ടണമെന്ന‌് ആവശ്യപ്പെട്ടാണ‌് നിവേദനം നൽകുന്നത‌്. 
മരുമകളുടെ ഏഴ‌്സെന്റ‌് സ്ഥലം അമ്മാവൻ വിട്ടുകൊടുക്കുന്നില്ലെന്ന പരാതിയും അദാലത്തിൽ എത്തി. ഏഴ‌്സെന്റ‌് സ്ഥലത്തിന്റെ ഉടമ മക്കൾക്കൊപ്പം വർഷങ്ങളായി വാടകവീട്ടിലാണ‌് താമസിക്കുന്നത‌്. പതിനഞ്ച‌് വർഷം മുമ്പ‌് ദേവസ്ഥാനമെന്ന പേരിൽ ഒന്നേകാൽ സെന്റ‌് ഏറ്റെടുത്ത ഇവർ ഇപ്പോൾ ഏഴ‌്സെന്റ‌് സ്ഥലവും ക്ഷേത്രത്തിന്റെ മറവിൽ നൽകുന്നില്ല. സ്ഥലം നൽകിയില്ലെങ്കിൽ ഭൂമിയുടെ വിലയെങ്കിലും നൽകണമെന്ന ഒത്തുതീർപ്പ‌് വ്യവസ്ഥ കമീഷൻ മുന്നോട്ടുവച്ചിരിക്കുകയാണ‌്. 
കലക്ടറേറ്റിൽ നടന്ന അദാലത്തിൽ അംഗങ്ങളായ ഇ എം രാധ, ഷിജി ശിവജി എന്നിവരും പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top